ബുച്ച കൂട്ടക്കുരുതി; കൂട്ടക്കുഴിമാടത്തിനരികില്‍ കണ്ണീരണിഞ്ഞ് ഉക്രെയ്ന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

ബുച്ച കൂട്ടക്കുരുതി; കൂട്ടക്കുഴിമാടത്തിനരികില്‍ കണ്ണീരണിഞ്ഞ് ഉക്രെയ്ന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

കീവ്: റഷ്യ കൂട്ടക്കുരുതി നടത്തിയ ബുച്ചയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കിയ സ്ഥലം സന്ദര്‍ശിച്ച് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദൈനംദിന വീഡിയോ സന്ദേശത്തിലാണ് ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍നിന്ന് 15 മൈല്‍ അകലെയുള്ള ബുച്ചയിലെ തന്റെ സന്ദര്‍ശനത്തെക്കുറിച്ച് വികാരനിര്‍ഭരമായി വിവരിച്ചത്.



'ഇന്നലെ എനിക്ക് ഉക്രെയ്‌ന്റെ ഏറ്റവും അധികം മുറിവേറ്റ ബുച്ച നഗരത്തിലേക്കു പോകാന്‍ അവസരം ലഭിച്ചു. അവിടെ, ഇപ്പോഴും മണ്ണിട്ടു മൂടാത്ത കൂട്ടക്കുഴിമാടത്തില്‍, ചിന്നഭിന്നമായ, മരവിച്ച ശരീരങ്ങള്‍ ചിതറിക്കിടക്കുന്ന ദയനീയ കാഴ്ച്ച കണ്ടു. ആ നിരപരാധികളുടെ നിത്യശാന്തിക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയില്‍ ഞാന്‍ എന്നോടു തന്നെയും ദൈവത്തോടും ചോദിച്ചു. 'ദൈവമേ, നിന്നെ സ്‌നേഹിക്കുകയും അയല്‍ക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക എന്നതിന്റെ അര്‍ത്ഥമെന്താണ്?'


ബുച്ചയിലെ കൂട്ടക്കുഴിമാടത്തിനരികില്‍ പ്രാര്‍ഥിക്കുന്ന ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്.

'ഈ കൂട്ടക്കുഴിമാടത്തിനരികില്‍, കൊല്ലപ്പെട്ട സഹോദരങ്ങളുടെ കൈകളിലേക്കു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഇതാണ്. നിങ്ങളുടെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നതിനര്‍ത്ഥം അവനുമായി ചേര്‍ന്നു നില്‍ക്കുക എന്നതാണ്. നമ്മളെല്ലാം ഒരേ വര്‍ഗത്തില്‍ പെട്ടവരാണെന്ന തോന്നലാണ് ഉണ്ടാകേണ്ടത്. നമ്മുടെ സഹോദരങ്ങള്‍ കൂട്ടക്കുഴിമാടത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് എന്നെയും അടക്കം ചെയ്യേണ്ടിയിരുന്നു-കുഴിമാടത്തിനു മുന്നില്‍നിന്ന് ഇടറിയ ശബ്ദത്താല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 45 അടിയോളം നീളമുള്ള മണ്ണിട്ടു മൂടാത്ത കുഴിമാടത്തില്‍ മൃതദേഹങ്ങള്‍ പലഭാഗത്തായി ചിതറിക്കിടക്കുന്ന കാഴ്ച്ച ഭയാനകമാണ്.


ഉക്രെയ്ന്‍ നഗരത്തില്‍ കൂട്ടക്കൊല നടന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. നഗരം പിടിച്ചെടുത്ത റഷ്യന്‍ സൈന്യം കൂട്ടക്കൊല നടത്തിയെന്നാണ് ഉക്രെയ്ന്‍ ഭരണകൂടം ആരോപിക്കുന്നത്. കൈകള്‍ പിന്നില്‍ക്കെട്ടിയ നിലയിലും തലയ്ക്ക് വെടിയേറ്റ നിലയിലും അനവധി പൗരന്മാരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നത്.

കീവിനു സമീപം സാധാരണക്കാരുടെ 410 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒരു പള്ളിവളപ്പിലാണ് 45 അടി നീളമുള്ള കൂട്ടക്കുഴിമാടമുള്ളത്. പൂര്‍ണമായി മൂടാത്ത കുഴിയിലെ മണ്ണിനു മുകളില്‍ മൃതദേഹങ്ങളുടെ കൈകാലുകള്‍ പുറത്തുകാണാമായിരുന്നു. ഇവിടെയാണ് ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശനം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും സംഭവത്തെ അപലപിച്ചിരുന്നു.



ബുച്ചയിലെ കൊലപാതകങ്ങള്‍ മനുഷ്യരാശിയുടെ ഐക്യം ശക്തിപ്പെടുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക് വീഡിയോയില്‍ പറഞ്ഞു.

അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നതിനര്‍ത്ഥം മനുഷ്യത്വം തിരിച്ചറിയുകയും അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുക എന്നാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നതാണ് ക്രിസ്തുവിന്റെ സന്ദേശം.


ഓരോ ക്രൈസ്തവനും, അവര്‍ ഇറ്റാലിയനോ ജര്‍മ്മനോ അല്ലെങ്കില്‍ ഓസ്ട്രേലിയനോ ഭൂമിയില്‍ എവിടെയോ ആകട്ടെ, റഷ്യയുടെ ക്രൂരത കാണുമ്പോള്‍ അവര്‍ പറയുന്നത് ഞാന്‍ ഉക്രെയ്‌നിയന്‍ ആണെന്നാണ്.



മരണത്തെയല്ല ജീവന്റെ ഉറവിടമായ ദൈവത്തെ നമുക്കു സ്‌നേഹിക്കാം. ശത്രുക്കളെ പോലും സ്‌നേഹിക്കാന്‍ പഠിക്കാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാം.

'ശത്രുവിനെ സ്‌നേഹിക്കുമ്പോള്‍ അവന്റെ കൈയിലെ ആയുധം എടുത്തുകളയാനാകണം. അവന് കൊല്ലാനുള്ള അവസരം നല്‍കരുത്. വെറുപ്പിന്റെയും കൊലപാതകത്തിന്റെയും സന്ദര്‍ഭത്തില്‍, നാം മനുഷ്യരായി നിലകൊള്ളണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.