ന്യൂഡല്‍ഹി: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി.
നിമിഷയുടെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ സുഗമമാക്കാനും യെമനിലെ നിയമങ്ങള്‍ക്കനുസൃതമായി ബ്ലഡ് മണി നല്‍കി യുവതിയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ബ്ലഡ് മണി ഇന്ത്യയില്‍ നിയമ വിധേയമല്ലാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭേദഗതി ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഹര്‍ജി നല്‍കിയിരിക്കുന്നത്.
യെമനിലെ രാഷ്ട്രീയ, നിയമ വ്യവസ്ഥിതികള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെട്ടെങ്കില്‍ മാത്രമേ നിമിഷയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി അഭിഭാഷകനായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. നിമിഷയ്ക്ക് വധശിക്ഷയില്‍നിന്ന് രക്ഷപെടാനുള്ള ഏകമാര്‍ഗം ബ്ലഡ് മണി നല്‍കി കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് തേടുക എന്നത് മാത്രമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ബ്ലഡ് മണിക്കും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചര്‍ച്ചയ്ക്കുമുള്ള അവസരം കോടതി തുറന്നിട്ടിരിക്കുകയാണെന്ന് യെമനിലെ അപ്പീല്‍ കോടതിയില്‍ നിമിഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകനില്‍ നിന്ന് മനസിലാക്കാനായി. യെമനില്‍ ബ്ലഡ് മണി നിയമ സംവിധാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടുന്നത് നിയമ വിരുദ്ധമല്ല. ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭേദഗതി ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.