യുദ്ധക്കപ്പല്‍ ഉക്രെയ്ന്‍ മുക്കി, ജനറലുമാര്‍ പിടിയിലായി; സമ്മര്‍ദ്ദം താങ്ങാനാവാതെ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം: റഷ്യ പതറുന്നു

യുദ്ധക്കപ്പല്‍ ഉക്രെയ്ന്‍ മുക്കി, ജനറലുമാര്‍ പിടിയിലായി; സമ്മര്‍ദ്ദം താങ്ങാനാവാതെ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം: റഷ്യ പതറുന്നു

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഏറ്റവും അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ സെര്‍ജി ഷൊയ്ഗു ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.

സെര്‍ജി ഷൊയ്ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാലല്ലെന്നാണ് വിവരം. റഷ്യയുടെ യുദ്ധക്കപ്പല്‍ ഉക്രെയ്ന്‍ തകര്‍ക്കുകയും 20 ജനറലുമാര്‍ പിടിയിലാവുകയും ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ പിന്നാലെയാണ് ഷൊയ്ഗുവിന്റെ ഹൃദായഘാത വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.

പുടിന്റെ ഉറ്റ സുഹൃത്തായ ഷൊയ്ഗുവിനെ ആഴ്ചകളായി പൊതുവേദികളില്‍ കാണാനുണ്ടായിരുന്നില്ല. നേരത്തെ യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കിടയില്‍ ഉക്രെയ്‌നില്‍ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി ലഭിച്ചപ്പോള്‍ ചേര്‍ന്ന ഒരു യോഗത്തിനിടെ പുടിന്‍ പ്രതിരോധ മന്ത്രി ഷൊയ്ഗുവില്‍ നിന്ന് അകലം പാലിച്ച് ഇരിക്കുന്ന ഫോട്ടോ പുറത്തു വന്നിരുന്നു.

റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിനെ പുടിന്‍ പരസ്യമായി ശകാരിക്കുന്ന വീഡിയോയും വൈറലായിരുന്നു. പുടിന്റെ പഴയകാല കെ.ജി.ബി സഹപ്രവര്‍ത്തകന്‍ കൂടിയാണ് നാരിഷ്‌കിന്‍. ഉന്നത പദവിയിലുള്ള തന്റെ സഹപ്രവര്‍ത്തകരുമായി പുടിന്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ക്ക് ബലം പകരുന്ന കാര്യങ്ങളാണ് ഇതെല്ലാം.

പ്രതിരോധ മന്ത്രിയായ സെര്‍ജി ഷൊയ്ഗു 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതില്‍ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. വിദേശ യാത്രകളില്‍ പുടിനെ അനുഗമിക്കുന്നതും ഷൊയ്ഗുവായിരുന്നു. എന്നാല്‍ ഉക്രെയ്‌നിലെ അധിനിവേശവും കീഴ്‌പ്പെടുത്തലും എളുപ്പമാണെന്ന കണക്കുകൂട്ടല്‍ തെറ്റിയതു മുതലാണ് പുടിന്‍ ഷൊയ്ഗു ബന്ധത്തില്‍ വിള്ളലുകള്‍ വീണ് തുടങ്ങിയത്. റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പോലും കൊല്ലപ്പെടുകയും പിടിയിലാവുകയും ചെയ്തതെല്ലാം ഷൊയ്ഗുവിന്റെ വീഴ്ചകളായാണ് പുടിന്റെ വിലയിരുത്തല്‍.

മിസൈല്‍ ആക്രമണത്തിലൂടെ കരിങ്കടലിലെ തങ്ങളുടെ പടക്കപ്പല്‍ ഉക്രെയ്ന്‍ മുക്കിയത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍ കപ്പലില്‍ തീപ്പിടിത്തമുണ്ടായതാണെന്നും അതിന്റെ കാരണം അന്വേഷിക്കുമെന്നുമാണ് റഷ്യയുടെ വിശദീകരണം. റഷ്യന്‍ നാവിക സേനയുടെ അഭിമാനമായ മോസ്‌ക്വ പടക്കപ്പലിനാണ് നാശനഷ്ടമുണ്ടായത്.

കപ്പലിനുനേരെ രണ്ട് മിസൈലുകള്‍ ഉക്രെയ്ന്‍ സേന പ്രയോഗിച്ചുവെന്ന് ഒഡേസ ഗവര്‍ണര്‍ മാസ്‌കിം മാര്‍ഷെങ്കോ പറഞ്ഞു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയെന്ന് ഉക്രയ്‌ന്റെ തെക്കന്‍ സൈനിക കമാന്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. റഷ്യന്‍ നാവിക സേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്‌ക്വ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.