ഫ്ളോറിഡയില്‍ പതിനഞ്ച് ആഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ഫ്ളോറിഡയില്‍ പതിനഞ്ച് ആഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ടലഹാസി: ഫ്ളോറിഡ സംസ്ഥാനത്ത് പതിനഞ്ച് ആഴ്ചയ്ക്കുശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് തടയുന്ന ബില്ലില്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവച്ചു. ഇതോടെ നിയമനിര്‍മാണം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍, ഗര്‍ഭഛിദ്ര നിരോധന ബില്‍ നടപ്പാക്കുന്ന ഏറ്റവും പുതിയ സംസ്ഥാനമായി ഫ്ളോറിഡ മാറി.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാതാവിന്റെ ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്ന കര്‍ശനവകുപ്പുകള്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബലാത്സംഗം, വേശ്യാവൃത്തി തുടങ്ങിയ സാഹചര്യങ്ങളില്‍ ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ക്ക് ഇളവുകള്‍ അനുവദിക്കില്ല. അമേരിക്കയിലെ ഒക്‌ലഹോമയില്‍ പൂര്‍ണതോതിലുള്ള ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് കഴിഞ്ഞ ചൊവ്വാഴ്ച ഒപ്പുവച്ചിരുന്നു.

ടെക്സസില്‍ ഏഴ് ആഴ്ചക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം നിലവിലുണ്ട്. മിസ്സിസ്സിപ്പിയിലും ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

രാജ്യവ്യാപകമായി എതിര്‍പ്പുകള്‍ ഉയരുമ്പോഴും യു.എസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധനം വ്യാപകമായി നടപ്പാക്കുന്നതിനെ ക്രൈസ്തവ വിശ്വാസികള്‍ അടക്കം ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത്. ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നത് മനുഷ്യത്വരഹിതമാണെന്നും അവര്‍ക്കും ജീവിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, ഫ്‌ളോറിഡയില്‍ 2019-ല്‍ 71,914 ഗര്‍ഭച്ഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന കണക്കാണിത്.

നേരത്തെ, ഫ്‌ളോറിഡയില്‍ ഗര്‍ഭാവസ്ഥയുടെ നാല്, അഞ്ച്, ആറ് മാസം വരെ ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മറ്റും നിരവധി സ്ത്രീകളാണ് ഗര്‍ഭച്ഛിദ്രത്തിനായി ഫ്‌ളോറിഡയില്‍ എത്തിയത്. പുതിയ നിയമനിര്‍മാണത്തോടെ ഈ സാഹചര്യത്തിനു മാറ്റം വരും.

'സ്വയം പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത കുഞ്ഞുങ്ങളെര രക്ഷിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്-ബില്ലില്‍ ഒപ്പിട്ടശേഷം കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു പരിപാടിയില്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു. ഏറ്റവും അമൂല്യമായ ജീവന്റെ സംരക്ഷണത്തെ പ്രതിനിധീകരിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 15-നാണ് സ്റ്റേറ്റ് സെനറ്റ് ബില്‍ പാസാക്കിയത്. വോട്ടെടുപ്പില്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 15 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിരോധന ബില്‍ ആദ്യമായി പാസാക്കിയത് ടെക്‌സസ് സംസ്ഥാനമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന സമയം മുതല്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ല (Texas Heartbeat Act). കഴിഞ്ഞ സെപ്റ്റംബറിലാണ് നിയമം പാസാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.