കൊച്ചി: പി.ടി തോമസ് എംഎല്‍എയുടെ വിയോഗത്തെ തുടര്‍ന്ന് ഉപ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തൃക്കാക്കര പിടിച്ചെടുക്കാന്‍ അരയും തലയും മുറക്കി ഇടത്, വലത് മുന്നണികള്‍. എറണാകുളം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണിത്. ജില്ലാ ആസ്ഥാനവും കൊച്ചി നഗരസഭയിലെ 22 വാര്‍ഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റി, ഇന്‍ഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവ ഉള്‍പ്പെടുന്ന തൃക്കാക്കര നിയമസഭാ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്.
പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനാണ് യുഡിഎഫ് പട്ടികയില്‍ പ്രഥമ പരിഗണന. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി നിര്‍വ്വാഹകസമിതി അംഗം ജെയ്‌സണ്‍ ജോസഫ്, കെപിസിസി സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ്, മുന്‍ മേയര്‍ ടോണി ചമ്മിണി, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരും യുഡിഎഫിന്റെ പരിഗണനാ പട്ടികയിലുണ്ട്.
ഉമാ തോമസ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം എളുപ്പമാകും. അല്ലെങ്കില്‍ കീറാമുട്ടിയാകും. ഉമാ തോമസ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഉമ മത്സര രംഗത്തില്ലെങ്കില്‍ ക്രൈസ്തവ സമുദായത്തിന് നിര്‍ണായക സ്വാധിനമുള്ള തൃക്കാക്കരയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ജെയ്‌സണ്‍ ജോസഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ഏറെയാണ്. എ ഗ്രൂപ്പിന്റെ സീറ്റ് എന്ന നിലയിലാണ് കോണ്‍ഗ്രസ് മണ്ഡലത്തെ കണക്കാക്കുന്നത്.
കൊച്ചി മേയര്‍ കെ.ആര്‍ അനില്‍കുമാര്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായ ഡോ. കെ.ജെ ജേക്കബ്, സിപിഎം എറണാകുളം ജില്ലാകമ്മറ്റിയംഗം അഡ്വ കെ.എസ് അരുണ്‍കുമാര്‍ എന്നിവരാണ് ഇടതുമുന്നണിയുടെ പരിഗണനയിലുള്ള പേരുകള്‍. തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്‌പെഷല്‍ ഇക്കണോമിക് സോണിലെ തൊഴിലാളി നേതാവ് കൂടിയാണ് അരുണ്‍കുമാര്‍.
പാര്‍ട്ടി ചിഹ്നത്തില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം സിപിഎം പ്രാദേശിക ഘടകങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലും പ്രസംഗ വേദികളിലും നിലപാടുകള്‍ കൃത്യതയോടെ വിശദീകരിക്കുന്ന അരുണിന് യുവാക്കള്‍ക്കിടയിലും മികച്ച സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ഇടതേക്ക് തിരിയാനൊരുങ്ങുന്ന കെ.വി തോമസിനും തൃക്കാക്കര സീറ്റിനോട് നോട്ടമുണ്ട്.
സീറോ മലബാര്‍ സഭാ വക്താവ് കൊച്ചുറാണി ജോസഫും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തൃക്കാക്കര ഭാരത് മാതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്നു കൊച്ചുറാണി ജോസഫ്, സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാല്‍ അവര്‍ക്കും സാധ്യതയുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി നേതാവ് എസ് സജി വീണ്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയും ഇവിടെ അങ്കത്തിനുണ്ടാകും.
2011 ലാണ് തൃക്കാര മണ്ഡലം രൂപീകരിക്കപ്പെടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹനാന്‍ ആയിരുന്നു ആദ്യ എംഎല്‍എ. സിപിഎമ്മിന്റെ എം.ഇ ഹസൈനാരെ 22,406 വോട്ടുകള്‍ക്കായിരുന്നു ബെന്നി ബെഹനാന്‍ തോല്‍പിച്ചത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ടി തോമസായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ ആയിരുന്നു അന്ന് സിപിഎം രംഗത്തിറക്കിയത്. ബെന്നി ബെഹനാന് കിട്ടിയതിനേക്കാള്‍ പതിനായിരത്തില്‍ പരം വോട്ടുകളുടെ കുറവായിരുന്നു പി.ടി തോമസിന്റെ ഭൂരിക്ഷം.
അതിന് ശേഷം 2021 ലും തൃക്കാര മണ്ഡലം പി.ടി തോമസിന് തന്നെ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇടതു സ്വതന്ത്രനായി ഡോ കെ.ജെ ജേക്കബ് എത്തിയെങ്കിലും സാമുദായിക സമവാക്യങ്ങളൊന്നും സിപിഎമ്മിനെ തുണച്ചില്ല. ആഞ്ഞടിച്ച ഇടത് തരംഗത്തിലും തൃക്കാക്കര പിടിയ്‌ക്കൊപ്പം നിന്നു. 2016 ലേതിനേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ ഇത്തവണയും കരുത്ത് തെളിയിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ വിവാദങ്ങളും അച്ചടക്ക നടപടികളും ഉണ്ടായ മണ്ഡലം കൂടിയാണ് തൃക്കാക്കര. ഇക്കുറി മണ്ഡലം പിടിച്ചെടുത്ത് കരുത്ത് തെളിയിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് ഇടതുമുന്നണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.