ആലപ്പുഴയില്‍ കാലവര്‍ഷക്കമ്മി രൂക്ഷം; ജൂണില്‍ 28 ശതമാനം മഴക്കുറവ്

ആലപ്പുഴയില്‍ കാലവര്‍ഷക്കമ്മി രൂക്ഷം; ജൂണില്‍ 28 ശതമാനം മഴക്കുറവ്

ആലപ്പുഴ: കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ആലപ്പുഴ ജില്ലയില്‍ പ്രതീക്ഷിച്ച രീതിയില്‍ മഴ എത്തിയില്ല. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തപ്പോഴും ആലപ്പുഴയില്‍ കാലവര്‍ഷം വൈകുകയും മഴയുടെ അളവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.

ജൂണ്‍ ഒന്ന് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജില്ലയില്‍ 28 ശതമാനത്തിന്റെ മഴക്കുറവാണ് നിലവിലുള്ളത്. ഈ കാലയളവില്‍ സാധാരണയായി ലഭിക്കേണ്ട 530.8 മില്ലിമീറ്റര്‍ മഴയ്ക്ക് പകരം 382.3 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇത്തവണ ആലപ്പുഴയില്‍ പെയ്തിറങ്ങിയത്. ജില്ലയില്‍ മാത്രമല്ല സംസ്ഥാനം ഒട്ടാകെയും ഇക്കുറി ശരാശരിയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. മൂന്ന് ജില്ലകളില്‍ മാത്രമാണ് സാധാരണ തോതിലുള്ള മഴ രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവ് നേരിടുന്നത് വയനാട് ജില്ലയിലാണ്. 67 ശതമാനം കുറവാണ് അവിടെയുള്ളത്.

അതേസമയം വരും ദിവസങ്ങളില്‍ ജില്ലയില്‍ നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത മൂന്ന് ദിവസം കൂടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ലഭിച്ച മഴയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ചേര്‍ത്തലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 56 മില്ലിമീറ്റര്‍. ഇതുകൂടാതെ മാവേലിക്കരയില്‍ 33.2 മില്ലിമീറ്ററും, മങ്കൊമ്പില്‍ 27.4, കായംകുളത്ത് 12.1, ഹരിപ്പാട്ട് 7.2 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. നൂറനാട്ടുള്ള ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനില്‍ 14.5 മില്ലിമീറ്റര്‍ മഴയും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.

മഴ പെയ്യുന്നുണ്ടെങ്കിലും ജില്ലയില്‍ എവിടെയും നിലവില്‍ കാര്യമായ നാശനഷ്ടങ്ങളോ അപകടങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. മഴ കനത്താല്‍ ഉണ്ടാകാന്‍ ഇടയുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തോട്ടപ്പള്ളിപ്പൊഴി ഏകദേശം 103 മീറ്ററോളം മുറിച്ചു മാറ്റിയിട്ടുണ്ട്. കൂടാതെ അന്ധകാരന്‍ അഴിയിലെ പൊഴികളും തുറന്ന് വെച്ചിരിക്കുകയാണ്.

നിലവില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ 90 ഷട്ടറുകളും പൂര്‍ണമായി തുറന്ന നിലയിലാണ് ഉള്ളത്. കാലവര്‍ഷം കനക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ അതിനെ നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.