തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. എന്നാല്‍ നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മരങ്ങള്‍ കടപുഴകി വീഴാനും ചില്ലകള്‍ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാല്‍ കാറ്റും മഴയുമുള്ളപ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. ഭീഷണിയായേക്കാവുന്ന മരച്ചില്ലകള്‍ വെട്ടിയൊതുക്കാനും, സുരക്ഷിതമല്ലാത്ത പരസ്യബോര്‍ഡുകളും ഇലക്ട്രിക് പോസ്റ്റുകളും ബലപ്പെടുത്താനും നിര്‍ദേശമുണ്ട്.
അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിലും ഷീറ്റ് പാകിയ വീടുകളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. അതിരാവിലെ ജോലിക്കിറങ്ങുന്ന പത്രം, പാല്‍ വിതരണക്കാരും കൃഷിയിടങ്ങളിലും നിര്‍മാണ മേഖലകളിലും ജോലി ചെയ്യുന്നവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
പൊട്ടി വീണ വൈദ്യുതി കമ്പികളോ പോസ്റ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം റിപ്പയര്‍ ചെയ്യാന്‍ ശ്രമിക്കാതെ ഉടന്‍ തന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.