ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ ധീര സൈനികര്‍ക്കുള്ള ബഹുമതികള്‍ പ്രഖ്യാപിച്ചതില്‍ മലയാളിക്ക് അഭിമാനനേട്ടം. സൈനിക സേവനത്തിലെ ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരത്തിന് മലയാളി ഉദ്യോഗസ്ഥനായ മേജര്‍ തരുണ്‍ വാസുദേവന്‍ അര്‍ഹനായി. ഇത്തവണ 19 പേര്‍ക്കാണ് ശൗര്യചക്ര ലഭിച്ചത്. ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്രയും ഏഴ് സൈനികര്‍ക്ക് മരണാനന്തര ബഹുമതിയും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭീകരവാദത്തിനെതിരെയും അതിന് ഒത്താശ ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ മുന്നറിയിപ്പാണ് രാഷ്ട്രപതി നല്‍കിയത്. ഭീകരര്‍ എവിടെ ഒളിച്ചാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുക തന്നെ ചെയ്യും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍കാലികമായി നിര്‍ത്തിവച്ച നടപടി ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
ഭീകര ശൃംഖലകളുടെ അടിവേരറുക്കാന്‍ ഇന്ത്യന്‍ സായുധ സേനയ്ക്കുള്ള അസാധാരണ ശേഷി ഓപ്പറേഷന്‍ സിന്ദൂര്‍ വഴി ലോകം കണ്ടതാണെന്നും രാജ്യത്തെ നക്‌സല്‍ മുക്തമാക്കാന്‍ സാധിച്ചത് ചരിത്രപരമായ നേട്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക-സാങ്കേതിക മേഖലകളില്‍ ഇന്ത്യ ഉണ്ടാക്കിയ വിപ്ലവാത്മക മുന്നേറ്റത്തെ രാഷ്ട്രപതി പ്രത്യേകം പരാമര്‍ശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചെടുത്ത രാജ്യം ഇന്ന് ആഗോള തലത്തിലെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയിലേറെയും കൈകാര്യം ചെയ്യുകയാണ്. സാധാരണക്കാരായ വഴിയോര കച്ചവടക്കാര്‍ പോലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ജനങ്ങളും സര്‍ക്കാരും കൈകോര്‍ത്തപ്പോഴുള്ള വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
സാമൂഹിക സുരക്ഷാ രംഗത്ത് രാജ്യം വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ സമഗ്ര പദ്ധതികളിലൂടെ 25 കോടിയോളം ആളുകളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിക്കാന്‍ സാധിച്ചു. നിലവില്‍ സൗജന്യ റേഷന്‍ പദ്ധതി വഴി 80 കോടിയിലധികം പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നുണ്ട്. 2047 ഓടെ ഇന്ത്യയെ പൂര്‍ണ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്ന് ഓര്‍മിപ്പിച്ച രാഷ്ട്രപതി, സായുധ സേനാംഗങ്ങള്‍, പൊലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍, പ്രവാസികള്‍ എന്നിവരുടെ സേവനങ്ങളെ രാജ്യത്തിന് വേണ്ടി കൃതജ്ഞതയോടെ സ്മരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.