ആരാധനാക്രമ പരിശീലനം അനിവാര്യം: അൽമായർക്കും വൈദികർക്കും പ്രത്യേക നിർദേശവുമായി ലിയോ പാപ്പ

ആരാധനാക്രമ പരിശീലനം അനിവാര്യം: അൽമായർക്കും വൈദികർക്കും പ്രത്യേക നിർദേശവുമായി ലിയോ പാപ്പ

വത്തിക്കാൻസിറ്റി: ദൈവജനത്തെ നയിക്കാൻ വിളിക്കപ്പെട്ടവർക്ക് കൃത്യമായ ആരാധനാക്രമ പരിശീലനം ലഭ്യമാക്കണമെന്നും സഭ അംഗീകരിച്ച ഗ്രന്ഥങ്ങളും നിബന്ധനകളും കർശനമായി പാലിക്കപ്പെടണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ദൈവജനത്തിന്റെ ആരാധനാക്രമ പരിശീലനം എന്ന വിഷയത്തിൽ ഒറിഗണിൽ നടന്നു വരുന്ന സമ്മേളനത്തിന് അയച്ച സന്ദേശത്തിലൂടെയാണ് പാപ്പയുടെ ഈ സുപ്രധാന നിർദേശം.

ആരാധനാക്രമത്തോടുള്ള ആദരവ് ദൈവത്തിലുള്ള ശരണത്തിന്റെയും, തുറന്ന മനസിന്റെയും സഭാത്മക കൂട്ടായ്മയോടുള്ള വിശ്വസ്തതയുടെയും പ്രകടനവും അടയാളവുമാണെന്ന് പാപ്പ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ദൈവാരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട നിയന്ത്രണത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ ആർതർ റോഷിനാണ് പാപ്പ സന്ദേശം അയച്ചത്.

വൈദികർക്കും അൽമായർക്കും ശ്രദ്ധാപൂർവ്വം ആരാധനാക്രമങ്ങളിൽ തുടർപരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുൻഗാമി ഫ്രാൻസിസ് പാപ്പ "ദെസിദേരിയോ ദെസിദെരാവി" എന്ന അപ്പസ്തോലിക ലേഖനത്തിൽ വ്യക്തമാക്കിയത് ലെയോ പാപ്പ അനുസ്മരിച്ചു. ഏതാനും പേർക്കുവേണ്ടി മാത്രമല്ലാതെ മുഴുവൻ ദൈവജനത്തിന്റെയും ആന്തരിക മനോഭാവത്തെയും രൂപീകരണത്തെയുമാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്. സഭയുടെ എല്ലാ തലങ്ങളിലും ആരാധനാക്രമ പരിശീലനത്തിന് ഊന്നൽ നൽകണമെന്നും, ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയ്ക്കായി ഒരുമിച്ചുകൂടുന്നതാണ് ഇതിന്റെ ആദ്യ അവസരമെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.

വിശ്വാസികളെ ദിവ്യരഹസ്യങ്ങളിലേക്ക് നയിക്കുന്നവരാണ് പൗരോഹിത്യം സ്വീകരിച്ചവർ എന്നതിനാൽ അവരുടെ പരിശീലനത്തിന് പ്രത്യേക മുൻഗണന നൽകണം. വൈദികരും മുഴുവൻ ദൈവജനവും സഭ അംഗീകരിച്ച ആരാധനാക്രമ ഗ്രന്ഥങ്ങളോടും നിയമങ്ങളോടും പൂർണ്ണ വിശ്വസ്തത പാലിക്കണമെന്നും പാപ്പ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഓഗസ്റ്റ് 14 മുതൽ 19 വരെയാണ് ഒറിഗണിൽ ഈ സമ്മേളനം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.