ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ കാര്യ മന്ത്രാലയം (എംസിഎ) റജിസ്റ്റര്‍ ചെയ്തത് 1.67 ലക്ഷത്തിലധികം കമ്പനികള്‍. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1.55 ലക്ഷം കമ്പനികളെ അപേക്ഷിച്ച് എട്ടു ശതമാനം വര്‍ധനവാണിത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്ക് ആയതിനാല്‍ ഈ വര്‍ധന ശ്രദ്ധേയമാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1.24 ലക്ഷം കമ്പനികളും, 2019-20ല്‍ 1.22 ലക്ഷം കമ്പനികളും റജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.55 ലക്ഷം കമ്പനികളാണ് റജിസ്റ്റര്‍ ചെയ്തത്.
ബിസിനസ് നടപടികള്‍ ലളിതമാക്കുന്നതിനായുള്ള (ഇഒഡിബി) കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ കാര്യ മന്ത്രാലയം നിരവധി നടപടികള്‍ കൈക്കൊണ്ടിരുന്നു ഇതും വര്‍ധനവിന് ഒരു കാരണമാണ്. രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയവും ചെലവും ലാഭിക്കുന്ന നടപടിക്രമങ്ങളാണ് ഏര്‍പ്പെടുത്തിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 31,107 കമ്പനികളുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ റജിസ്‌ട്രേഷനുള്ള സംസ്ഥാനം.
മേഖലാ അടിസ്ഥാനത്തില്‍ ബിസിനസ് സേവനങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ (44,168) രജിസ്റ്റര്‍ ചെയ്തത്. ഉല്‍പാദന മേഖല (34,640), വ്യക്തിഗത, സാമൂഹിക സേവനങ്ങള്‍ (23,416), കൃഷി-അനുബന്ധ മേഖല (13,387) എന്നിവയും തൊട്ടു പിന്നില്‍ തന്നെയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.