മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ജയരാജന് വിമര്‍ശനം; പിന്നാലെ തിരുത്തുമായി കണ്‍വീനര്‍ ഫേസ്ബുക്കില്‍

മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ജയരാജന് വിമര്‍ശനം; പിന്നാലെ തിരുത്തുമായി കണ്‍വീനര്‍ ഫേസ്ബുക്കില്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിക്കുകയും പി.കെ കുഞ്ഞാലിക്കുട്ടിയെ കിങ് മേക്കര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതില്‍ ഇ.പി ജയരാജന് വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജയരാജന്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്.

പ്രസ്താവന അനവസരത്തിലാണെന്നും ശ്രദ്ധ വേണമെന്നും സെക്രട്ടറ്റിയേറ്റ് യോഗം നിര്‍ദേശിച്ചു. മുസ്ലീം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ജയരാജന്‍ പറഞ്ഞു. യുഡിഎഫിലെ അസംതൃപ്തര്‍ പുറത്തു വരട്ടെ എന്നാണ് താന്‍ ഉദ്ദേശിച്ചത്. ലീഗ് ഇടതു മുന്നണിയിലേക്ക് വരുമെന്നോ അങ്ങനെ വന്നാല്‍ സ്വീകരിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ല.

ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ജയരാജന്‍ തിരുത്തുമായി എത്തിയത്. ഈ കുറിപ്പ് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വന്നത്. മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. എല്‍ഡിഎഫിന്റെ സീറ്റ് നില 91ല്‍ നിന്നും 99 ആയി ഉയര്‍ന്നു.

എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കപ്പെടും. വര്‍ഗീയ ഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാല ഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണ്- കുറിപ്പില്‍ ജയരാജന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.