നിൻ വിരൽത്തുമ്പിൽ

നിൻ വിരൽത്തുമ്പിൽ

അധികം നാളായില്ല ആ യുവാവിനെ പരിചയപ്പെട്ടിട്ട്. ഞങ്ങളുടെ സഭയിലെ ഒരു വൈദികന്റെ ബന്ധുവാണദ്ദേഹം. വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ആ യുവാവിനെക്കുറിച്ച് ചില കാര്യങ്ങൾ പങ്കു വയ്ക്കട്ടെ.

രണ്ടു വർഷങ്ങൾക്കുമുമ്പ് അവന്റെ സഹോദരി വാഹനാപകടത്തിൽ മരണപ്പെട്ടു. സ്ഥിരമായ് ദൈവാലയത്തിൽ പൊയ്ക്കൊണ്ടിരുന്ന അവനോട് ഇനിയും ദൈവത്തിൽ വിശ്വസിച്ചിട്ട് എന്തു കാര്യം എന്ന് സുഹൃത്തുക്കൾ പലരും ചോദിച്ചെങ്കിലും ദൈവവിശ്വാസം ഉപേക്ഷിക്കാനോ പള്ളിയിൽ പോക്ക് മുടക്കാനോ അവൻ തയ്യാറായില്ല.

എല്ലാറ്റിനും പിറകിൽ ദൈവത്തിനൊരു പദ്ധതിയുണ്ടെന്ന് അവൻ വിശ്വസിച്ചു. കുടുംബം രക്ഷപ്പെടണമെങ്കിൽ നാട്ടിൽ നിന്നിട്ട് കാര്യമില്ല, വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് ആശയുണർന്നു. അതിൻ ഫലമായി OET പഠിച്ച് പരീക്ഷയെഴുതാൻ തീരുമാനിച്ചു. പഠനവും പരീക്ഷയുമെല്ലാം അവന് അത്ര എളുപ്പമായിരുന്നില്ല. ആദ്യ തവണയും രണ്ടാം തവണയും മൂന്നാം തവണയും പരീക്ഷയ്ക്ക് തേറ്റു.

നാണക്കേടും കുത്തുവാക്കുകളും അവനെ വേട്ടയാടിയെങ്കിലും കൂടുതൽ ഉത്സാഹത്തോടെ പഠിക്കാനും ജയിക്കും വരെ പരീക്ഷയെഴുതാനും അവൻ തീരുമാനിച്ചു. സാമ്പത്തിക ഞെരുക്കം തിരിച്ചറിഞ്ഞ് ഏതാനും സുഹൃത്തുക്കൾ അവനെ സഹായിച്ചു. അങ്ങനെ ഇരുപത്തിരണ്ടാമത്തെ തവണ അവൻ OET പരീക്ഷ പാസായി.

"ജീവിതത്തിൽ സഹനങ്ങളും രോഗങ്ങളും പരാജയങ്ങളും വരുമ്പോൾ ഉപേക്ഷിക്കേണ്ടതല്ല ദൈവവിശ്വാസം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവത്തിൽ നിന്നും നമ്മെ അകറ്റാൻ സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും വരെ സാത്താൻ വന്നെന്നിരിക്കും. ആ പ്രലോഭനങ്ങളെ അതിജീവിക്കുക ഒട്ടും എളുപ്പമല്ല. ദൈവമറിയാതെ ഒന്നും സംഭവിക്കില്ലെന്ന് ആവർത്തിച്ച് നമ്മോടു തന്നെ പറയുക. അവിടുന്ന് കൈവിടില്ലെന്ന് വിശ്വസിച്ച് മുന്നേറുക...."

ആ യുവാവിന്റെ വാക്കുകൾ ഇപ്പോഴും കാതുകളിൽ അലയടിക്കുന്നു.

അനുദിന ജീവിതത്തിൽ അപ്രതീക്ഷിതമായ സമയങ്ങളിലായിരിക്കും നമ്മെ മാനസികമായും ശാരീരികമായും തകർക്കുന്ന രോഗപീഢകളും ദുഃഖദുരിതങ്ങളും കടന്നുവരിക. അപ്പോഴാണല്ലോ നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നതും? അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം ഉണ്ടോ എന്നുവരെ നമ്മൾ ചിന്തിക്കും. ദൈവത്തോട് ദേഷ്യവും അകൽച്ചയും തോന്നും.

എന്നാൽ വിശ്വാസത്തിൽ വേരൂന്നാൻ ദൈവം ഒരുക്കുന്ന അവസരങ്ങളായ് അതിനെ കാണാനായാൽ ദൈവസ്നേഹത്തിൽ നമ്മൾ കൂടുതൽ ആഴപ്പെടും.

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ ഉത്ഥിതനായ ക്രിസ്തുവിന്റെ ആണിപ്പഴുതുകൾ കാണാതെ, അവന്റെ പാർശ്വത്തിൽ കൈവയ്ക്കാതെ വിശ്വസിക്കുകയില്ലെന്ന് ശാഠ്യം പിടിച്ച തോമസിനോട് ക്രിസ്തു പറഞ്ഞ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

"അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.... നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍" (യോഹന്നാന്‍ 20 : 27, 29).

ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാനും ദൈവാലയത്തിൽ പോകാതിരിക്കാനുമെല്ലാം പ്രലോഭനങ്ങൾ ശക്തമാകുമ്പോഴും അവിടുന്നിൽ വിശ്വസിച്ച് മുന്നേറാൻ ഒരു കാരണമെങ്കിലും കണ്ടെത്താൻ കഴിഞ്ഞാൽ നമ്മുടെ ജീവിതം തുടർന്നും അർത്ഥവത്താകും.

പുതുഞായർ ആശംസകൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.