ഇതൊരു സൗഭാഗ്യമാണ് !!!!ഏതാണെന്നല്ലേ? നമ്മുടെയീ ജീവിതം.....ഇവിടെ ഒരിക്കൽ മാത്രം കിട്ടുന്ന അസുലഭ അവസരം!!!. എന്നാൽ അത് എന്താണെന്നോ എന്തിനെന്നോ അറിയാത്ത മനുഷ്യരാണ് നല്ലൊരു ഭാഗവും. ഒന്നാലോചിച്ചാൽ എത്ര മനോഹരമായി ദൈവം അതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നു!!!!.ഓരോ പുലരിയും ഒരു ജനിച്ചുവീഴലല്ലേ. സൂര്യകിരണമേറ്റ് പ്രഭാതത്തിന്റെ മഞ്ഞുകണങ്ങൾ മാറി.....നമ്മെ ഏൽപ്പിച്ചിരിക്കുന്ന ജോലികളിൽ നാം ഏർപ്പെടുന്നു. ചിലർ പഠിക്കുന്നു...ചിലർ പഠിപ്പിക്കുന്നു.... നിത്യവൃത്തിക്ക് ഓരോരുത്തരും ഓരോ ജോലികളിൽ ഏർപ്പെടുന്നു....ഇനി വേറെ ചിലർ മറ്റുള്ളവർക്കായി ജീവിക്കുന്നു....ഈ ജീവിതം അങ്ങേ ദാനമാണെന്ന അറിവോടെ ജീവനും ജീവിതവും നൽകിയവനായി തങ്ങളെ സമർപ്പിക്കുന്നവരുടെ ആത്മാർപ്പണത്തിന്റെ ആഴങ്ങൾ നാം തിരിച്ചറിയണം.
പ്രശാന്ത സുന്ദരമാകട്ടെ ഈ ലോകവും നമ്മുടെ ഇവിടുത്തെ ജീവിതവും....ഓർത്തെടുക്കാൻ ഒരുപിടി നല്ല ഓർമ്മകൾ മടക്ക യാത്രയിൽ നാം കരുതണം. പ്രഭാതം പോലെ ജീവിതത്തിന് സായാഹ്നവും രാത്രിയും ഉണ്ട്. അപ്പോൾ ചിലർ പല്ല് കൊഴിഞ്ഞ സിംഹവും കാലൊടിഞ്ഞ കുതിരയും ഒക്കെ ആകാറുണ്ട്. എന്നാലും ജീവിത സായാഹ്നത്തിലും പാൽപുഞ്ചിരി പൊഴിക്കുന്ന , നന്മയുടെ നിറകുടങ്ങളായ വിജയിച്ച മനുഷ്യർ ഇവിടെയുണ്ട്. ദൈവത്തോടൊപ്പം ജീവിതത്തിന്റെ പുലരിയിലും യുവത്വത്തിലും ചരിക്കുന്നവരുടെ ആത്മസംതൃപ്തിയാണത്.
ആദ്യ മനുഷ്യനോടൊപ്പം തോട്ടത്തിൽ ഉലാത്തിയവൻ ഇന്നും നമ്മുടെ ജീവിത യാത്രയിൽ സഹയാത്രികനായി നടക്കാറുണ്ട്.
രാജ്യം ഭരിക്കുന്ന, ജീവിതത്തിന്റെ തിരക്കുകളിൽ നിറഞ്ഞുനിന്ന ഒരു രാജാവ് സങ്കീർത്തനങ്ങളിൽ പറയുന്ന ഒരു വാചകമുണ്ട് "*കർത്താവിനെ ഞാൻ എപ്പോഴും എന്റെ കൺമുൻപിൽ ദർശിച്ചു കൊണ്ടിരിക്കുന്നു". *
പള്ളിയിലും പ്രാർത്ഥനയിലും മാത്രം അവനെ കണ്ടാൽ പോരാ, നമ്മുടെ പഠനത്തിലും ജോലിയിലും സേവനങ്ങളിലും മറ്റുള്ളവരിലും അവനെ ദർദർശിക്കണം.
നമ്മുടെ ഒറ്റപ്പെടലിലും കണ്ണീരിലും അവനുണ്ട്. വല്ലാത്ത നഷ്ട ബോധം വരുമ്പോൾ ഉടയവനെ തള്ളി മാറ്റി സ്വന്തം ലോകം കെട്ടി ഉയർത്താതെ ദൈവത്തിന്റെ സഹയാത്രികരായി നമ്മൾ മാറണം.
നന്നേ ചെറുപ്പത്തിൽ സ്വന്തം അമ്മയുടെ വേർപാട് കണ്ട് വിറങ്ങലിച്ചു നിന്ന ഒരു മകൻ കൗമാരത്തിൽ എത്തിയപ്പോൾ തന്റെ ഒരേയൊരു കൂടെപ്പിറപ്പിന്റെ ചേതനയറ്റ ശരീരത്തിന് മുൻപിൽ നിൽക്കുന്ന ഹൃദയ ഭേദകമായ ഒരു കാഴ്ചയുണ്ട്.ഡോക്ടറായ തന്റെ ജ്യേഷ്ഠൻ ഈ കാലഘട്ടത്തിലെപ്പോലെ പകർച്ചവ്യാധി പടർന്നു പിടിച്ച സമയം , സ്വന്തം സുരക്ഷനോക്കാതെ രോഗികളെ ശുശ്രൂഷിച്ചതിനാൽ അതേ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയതാണ് നിശ്ശബ്ദമായ തേങ്ങലോടെ സ്വന്തം ചേട്ടന്റെ മൃതശരീരത്തിന്റെ മുന്നിൽ നിന്നുകൊണ്ട് അപ്പനോട് ഇളയ മകൻ ചോദിച്ച ഒരു ചോദ്യമുണ്ട്, എന്താണ് അപ്പാ നമുക്കിങ്ങനെ?
പതറാതെ അവനെ കെട്ടിപ്പിടിച്ച് അപ്പൻ പറഞ്ഞ വാക്ക് "ദൈവം നോക്കിക്കൊള്ളും " എന്നാണ്.
അധിക കാലം കഴിയും മുൻപേ ആ അപ്പനും തന്നെ വിട്ടു പോയപ്പോൾ മകൻ ഒറ്റപ്പെട്ടു. ഞാൻ അനാഥനായല്ലോ എന്നുറക്കെ നിലവിളിച്ച ഏകാന്തമായ സമയത്തും ദൈവത്തോട് മറുത്തു സംസാരിച്ചില്ല. ഒറ്റപ്പെട്ടുപോയ ആ ദിവസങ്ങളിൽ ഒരു തീരുമാനം എടുക്കുകയാണ്. ദൈവമേ , ഇനിയുള്ള എന്റെ നാളുകൾ അങ്ങേയ്ക്കായി ഞാൻ തരുന്നു . സെമിനാരിയിലെ വൈദീക പഠനത്തിനിടയിൽ ഒരിക്കൽ ബൈബിളിൽ തന്റെ ആ പഴയ ചോദ്യത്തിന് അപ്പൻ തന്ന ഉത്തരം കാണുകയാണ് ..... "ദൈവം നോക്കിക്കൊള്ളും". അബ്രഹാം തന്റെ മകനായ ഇസഹാക്കിനോട് ഇതുതന്നെയാണ് പറഞ്ഞത് !!!!!വൈദീകനായി , ക്രാക്കോവിലെ മെത്രാനായി , കർദ്ദിനാളായി ..... അവസാനം കത്തോലിക്കാ സഭയുടെ വലിയ ഇടയനായി ..........ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ , ഇന്ന് വിശുദ്ധ ജോൺ പോൾ ആയി ഇന്നും മരിക്കാത്ത ഓർമകളിൽ നമ്മിൽ ജീവിക്കുന്നു.
വിപരീത സാഹചര്യങ്ങളിൽ ദൈവത്തിൽ നിന്നും അകന്നുപോകാതെ അവനോടൊത്ത് നാം ജീവിക്കണം. പ്രതികൂലങ്ങൾക്കപ്പുറത്ത് ഒരു ദൈവീകപദ്ധതി നാം കാണണം. നമ്മുടെ സന്തോഷവും പരിഭവവും ആദ്യം പങ്കുവെക്കേണ്ടത് അവനോടാകണം. ഏത് ചോദ്യവും ആദ്യം അവനോട് ചോദിച്ചാൽ ഉത്തരം കിട്ടും.
'അനുരൂപരാവുക' എന്നൊരു പ്രക്രിയയുണ്ട്. ഒഴുക്കുള്ള പുഴയിലെ കല്ലുകൾ പരുപരുത്തതാവില്ല , മിനുസമുള്ള, ഭംഗിയുള്ള കല്ലുകളാകും. പ്രഭാതം മുതൽ സായാഹ്നത്തോളം അവനോടൊത്തു ചരിക്കുന്നവർ rough & tough ആവുകയില്ല. അവന്റെ പിന്നാലെ, അവിടുന്ന് തെളിച്ചു തരുന്ന വഴിയിലൂടെ നാം നടക്കണം.
എന്ത് കിട്ടും എന്നതിനേക്കാൾ എന്ത് കൊടുക്കാൻ പറ്റും എന്ന് ചിന്തിക്കുന്നവരാകും.
നിന്നിലൂടെ ഞാനാ പ്രപഞ്ച സത്യത്തെ കണ്ടു എന്ന് നമ്മെ നോക്കി മറ്റുള്ളവർ പറയട്ടെ!!!!!
ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ എന്ന് പറയാതെ , ഞാൻ നന്നായി ഓടി, finishing point ൽ നിന്നും അകലങ്ങളിലെ നിത്യപ്രഭാതം നുകരാൻ പോകട്ടെയെന്ന് പറയുന്നവരാകാം. ദൈവമെന്ന പ്രപഞ്ച സത്യത്തെ നുകർന്ന് ആ പ്രകാശത്തിൽ സഞ്ചരിക്കാം .....മധുരതരമാകട്ടെ ദൈവത്തോടോത്തുള്ള നമ്മുടെ ഈ ജീവിതം.
റെജി. കെ. സേവ്യർ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.