ഗാസാ മുനമ്പില്‍ പുരാതന ദേവതയുടെ ശിലാ പ്രതിമ കണ്ടെത്തി. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും യുദ്ധത്തിന്റെയും പ്രതീകമായി കണക്കാക്കുന്ന ദേവതയാണിതെന്നാണ് പലസ്തീന്‍ പുരാവസ്തു ഗവേഷകര്‍ പറയുന്നത്. അനറ്റ് എന്ന ഈ കനാന്യദേവതയുടെ പ്രതിമയ്ക്ക് 4,500 വര്‍ഷം പഴക്കമുണ്ട് എന്നാണ്. മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ തന്റെ ഭൂമിയില്‍ പണി ചെയ്തുകൊണ്ടിരുന്ന ഒരു കര്‍ഷകനാണ് ഈ പ്രതിമ കണ്ടെത്തിയത്.
22 സെന്റീമീറ്ററാണ് (8.7 ഇഞ്ച്) പ്രതിമയുടെ വലിപ്പം. അതില്‍ കൊത്തുപണിയുള്ള സര്‍പ്പ കിരീടം ധരിച്ച ദേവതയുടെ മുഖം വ്യക്തമായി കാണാം. യാദൃച്ഛികമായിട്ടാണ് തങ്ങളിത് കണ്ടെത്തിയത്. കര്‍ഷകനായ നിദാല്‍ അബു ഈദ് പറഞ്ഞു.
'ഇത് അമൂല്യമായ ഒരു വസ്തുവാണെന്ന് ഞങ്ങള്‍ മനസിലാക്കി, പക്ഷെ ഇതിന് ഇത്രയും വലിയ പുരാവസ്തു മൂല്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു' എന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. 'ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു, കനാന്യരുടെ കാലം മുതല്‍ അത് നമ്മുടെ നാട്ടില്‍, പലസ്തീനില്‍ നിലനിന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനറ്റിന്റെ പ്രതിമ ഇപ്പോള്‍ ഖസര്‍ അല്‍-ബാഷയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില മ്യൂസിയങ്ങളില്‍ ഒന്നാണ് ഖസര്‍ അല്‍-ബാഷ. ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പുരാവസ്തു അനാച്ഛാദനം ചെയ്തു. സൈനിക താവളങ്ങള്‍ക്കും വീടുകള്‍ക്കും വഴിയൊരുക്കുന്നതിനായി കനാന്‍ നഗരമായ ടെല്‍ അല്‍-സക നശിപ്പിച്ചതായി മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. അതുപോലെ ഇതുപോലെയുള്ള നിരവധി കണ്ടെത്തലുകള്‍ അപ്രത്യക്ഷമായതായും ആരോപണമുയര്‍ന്നിരുന്നു. ഗ്രീക്ക് ദേവനായ അപ്പോളോയുടെ ഒരു പൂര്‍ണകായ വെങ്കലപ്രതിമ 2013ല്‍ ഒരു മത്സ്യത്തൊഴിലാളി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് ദുരൂഹമായി അപ്രത്യക്ഷമായതായും ആരോപണമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.