കീവില്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണം; യുദ്ധം തിന്മയെന്ന് അന്റോണിയോ ഗുട്ടെറസ്

കീവില്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണം; യുദ്ധം തിന്മയെന്ന് അന്റോണിയോ ഗുട്ടെറസ്

കീവ്: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യുദ്ധം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വ്യാഴാഴ്ച ഉക്രെയ്ന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കവേയാണ് പ്രതികരണം. യുദ്ധം തിന്മയാണ്. ഉക്രെയ്നിലെ യുദ്ധക്കുറ്റം സംബന്ധിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണത്തെ പിന്തുണയ്ക്കും. അന്വേഷണവുമായി സഹകരിക്കാന്‍ റഷ്യയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.

അതിനിടെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് ഉക്രെയ്നും റഷ്യക്കും ലോകത്തിനും നല്ലതെന്നും ഗുട്ടെറസ് ട്വീറ്റ് ചെയ്തു. ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായും വിദേശമന്ത്രി ദിമിത്രി കുലേബയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആക്രമണം നടന്ന ബുച്ച, ഇര്‍പിന്‍, ബോറോഡിയങ്ക തുടങ്ങിയ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മോസ്‌കോ സന്ദര്‍ശനത്തിനു പിന്നാലെയാണ് അന്റോണിയോ ഗുട്ടെറസ് കീവില്‍ എത്തിയത്.

അതിനിടെ ഉക്രെയ്‌നില്‍ സമാധാന ശ്രമങ്ങള്‍ക്കായി എത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും സംഘത്തിനും സമീപം മിസൈല്‍ ആക്രമണമുണ്ടായി. സംഭവത്തില്‍ യുഎന്‍ മേധാവി ഗുട്ടെറസും സംഘവും നടുക്കം രേഖപ്പെടുത്തി. എല്ലാവരും സുരക്ഷിതരാണെന്ന് യുഎന്‍ വക്താവ് അറിയിച്ചു. 'ഇതൊരു യുദ്ധമേഖലയാണ്. എന്നിരിക്കിലും ഗുട്ടെറസിന് സമീപം ആക്രമണം നടന്നത് ആശങ്കാജനകമാണ്'-യു.എന്‍ വക്താവ് പറഞ്ഞു.

ആക്രമണത്തില്‍ 25 നില കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയത്. ആദ്യം മോസ്‌കോയിലെത്തി പുടിനുമായി സംസാരിച്ച ശേഷമാണ് ഗുട്ടാറസ് ഉക്രെയ്നിലെത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ച.

ഉക്രെയ്‌നിലെ മരിയുപോള്‍ തുറമുഖ നഗരം കീഴടക്കിയതായി പുട്ടിന്‍ പ്രഖ്യാപിച്ചിരുന്നു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളില്‍ ഒട്ടേറെപ്പേര്‍ നഗരം വിട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ലെങ്കിലും ആയിരക്കണക്കിനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.