അമേരിക്കന്‍ ചാര സംഘടന സിഐഎയുടെ ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യന്‍ വംശജന്‍

അമേരിക്കന്‍ ചാര സംഘടന സിഐഎയുടെ ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ (Central Intelligence Agency) ആദ്യ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യന്‍ വംശജന്‍ നന്ദ് മുല്‍ചന്ദാനിയെ നിയമിച്ചു. സി.ഐ.എ ഡയറക്ടര്‍ വില്യം ജെ. ബേണ്‍സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും സിലിക്കണ്‍ വാലി പോലുള്ള ഉന്നത സ്ഥാപനങ്ങളിലും 25 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള ആളാണ് നന്ദ് മുല്‍ചന്ദാനി.

നന്ദ് ടീമില്‍ ചേരുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് സിഐഎയ്ക്കു മുതല്‍ക്കൂട്ടാകുമെന്നും വില്യം ജെ. ബേണ്‍സ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്നാണ് നന്ദ് മുല്‍ചന്ദാനി ഉന്നതവിദ്യാഭ്യാസം നേടിയത്. അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ഗണിതത്തിലും ബിരുദം, സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് മാനേജ്മെന്റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദം, ഹാര്‍വാര്‍ഡില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍. അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ്, ഡല്‍ഹിയിലെ ബ്ലൂബെല്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

തനിക്കു നിരസിക്കാനാകാത്ത ജോലിയാണ് സിഐഎ വാഗ്ദാനം ചെയ്തതെന്നും അതൊരു വലിയ ബഹുമതി ആണെന്നും ലിങ്ഡിനില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നന്ദ് മുല്‍ചന്ദാനി പറഞ്ഞു. 'സാങ്കേതികവിദ്യ ലോകത്തില്‍ ഒരുപാട് മാറ്റം വരുത്തുന്ന കാലഘട്ടമാണിത്. ഇന്റലിജന്‍സ് രംഗത്തും അതിന്റെ സ്വാധീനത്തെ കുറിച്ച് തര്‍ക്കം ഉണ്ടാകാന്‍ ഇടയില്ല. സിഐയിലും ഇതിന് വളരെ പ്രധാന്യമുണ്ട്. സി.ഐ.എക്കൊപ്പം പൊതു സേവനത്തില്‍ എന്റെ യാത്ര തുടരുന്നതില്‍ സന്തോഷമുണ്ട്-അദ്ദേഹം ലിങ്ക്ഡിനില്‍ കുറിച്ചു.

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററിന്റെ ആക്ടിങ് ഡയറക്ടറായും സിടിഒ ആയും പ്രവര്‍ത്തിച്ചിട്ടുള്ള നന്ദ് മുല്‍ചന്ദാനി ഓബ്ലിക്സ്, ഡിറ്റര്‍മിന പോലുള്ള നിരവധി സ്റ്റാര്‍ട്ട് അപ്പുകളുടെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.