അമേരിക്കൻ സീറോ മലബാർ കൺവെൻഷൻ 2026: സാൻഫ്രാൻസിസ്കോയിൽ കിക്കോഫ് നടന്നു

അമേരിക്കൻ സീറോ മലബാർ കൺവെൻഷൻ 2026: സാൻഫ്രാൻസിസ്കോയിൽ കിക്കോഫ് നടന്നു

ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ആമുഖമായി 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോയിൽ നടക്കുന്ന ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക പ്രചാരണത്തിന് സാൻഫ്രാൻസിസ്കോയിൽ തുടക്കം. സെൻ്റ് തോമസ് സീറോ മലബാർ ദേവാലയം സന്ദർശിച്ച കൺവെൻഷൻ ടീമിന് ഇടവകാംഗങ്ങൾ സ്വീകരണം നൽകി.

രൂപതാ പ്രൊക്യുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കലിൻ്റെ നേതൃത്വത്തിൽ ജൂബിലി ചെയർമാൻ ജോസ് ചാമക്കാല, നാഷണൽ രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളം എന്നിവരടങ്ങുന്ന സംഘമാണ് കിക്കോഫിനായി എത്തിയത്.

രജത ജൂബിലി ആഘോഷങ്ങളുടെയും കൺവെൻഷൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ഫാ. കുര്യൻ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലി കൂടി ഈ മഹാസമ്മേളനത്തിൽ അനുസ്മരിക്കുന്നത് ചടങ്ങിന് കൂടുതൽ ചാരുത നൽകുന്നു.

കഴിഞ്ഞ 25 വർഷക്കാലം സഭ കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയിൽ പങ്കാളികളായ എല്ലാവരെയും ഈ വേളയിൽ ഓർമ്മിക്കുന്നു എന്നും അദേഹം കൂട്ടിച്ചേർത്തു. ഇടവകാംഗങ്ങളുടെ ആവേശോജ്വലമായ പങ്കാളിത്തം കൺവെൻഷൻ ടീമിന് വലിയ ഊർജമായി. ഇടവകയിൽ നിന്നുള്ള പ്രതിനിധികളായ അശോക് മാത്യു, ടൂണി മാത്യു, പ്രീതി തോമസ്, ട്രസ്റ്റിമാരായ അലക്സ് തോമസ്, ബിജു ജോസഫ്, ജെയിംസ് ചാക്കോ, ജോജോ ആലപ്പാട്ട്, സുജിത് ജോസഫ് എന്നിവർ കൺവെൻഷൻ കിക്കോഫ് മനോഹരമായി ഏകോപിപ്പിച്ചു.

യുവജനങ്ങളെയും മുതിർന്നവരെയും ഒരുപോലെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വിശ്വാസ കൂട്ടായ്മയിൽ അമേരിക്കയിലെ എല്ലാ സീറോ മലബാർ വിശ്വാസികളും വന്നുചേരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഇടവക അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് രൂപതയിൽ ഏവർക്കുമുള്ള സന്ദേശത്തിൽ അറിയിച്ചു.

സണ്ണി വള്ളിക്കളം ഏവരെയും കൺവെൻഷനിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ഡിസംബർ 31-ന് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കി ഏർലി ബേർഡ് നിരക്കുകൾ പ്രയോജനപ്പെടുത്താൻ ടീം അഭ്യർത്ഥിച്ചു. ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് ഇടവകയുടെ പൂർണ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ട് ഏവരെയും ക്ഷണിച്ചു. സാൻ ഫ്രാൻസിസ്കോ പള്ളിയിലെ അച്ചൻ്റെയും ഇടവകാംഗങ്ങളുടെയും ഊഷ്മളമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം നന്ദി അറിയിച്ചു.

നാല് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷൻ പരിപാടികളുടെ വിശദമായ രൂപരേഖ ജോസ് ചാമക്കാല അവതരിപ്പിച്ചു. ചിക്കാഗോയിലെ അതിപ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെൻ്ററിലും അതിനോട് ചേർന്നുള്ള മൂന്ന് ഹോട്ടലുകളിലുമായാണ് ഈ വലിയ സംഗമം അരങ്ങേറുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.