ചുട്ടുപ്പൊള്ളി ഇന്ത്യയും പാക്കിസ്ഥാനും; കഴിഞ്ഞ മാസം ഇന്ത്യയില്‍ രേഖപ്പെടുത്തിയത് 122 വര്‍ഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂട്

ചുട്ടുപ്പൊള്ളി ഇന്ത്യയും പാക്കിസ്ഥാനും; കഴിഞ്ഞ മാസം ഇന്ത്യയില്‍ രേഖപ്പെടുത്തിയത് 122 വര്‍ഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂട്

ന്യൂഡെല്‍ഹി: കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. 122 വര്‍ഷത്തിനിടെ ഏറ്റവും കഠിനമായ ചൂടാണ് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലകളിലും ചൂട് അതിശക്തമാണ്.

കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയിലെ ശരാശരി താപനില യഥാക്രമം 35.9, 37.78 ഡിഗ്രി സെല്‍ഷ്യസ് (96.62, 100 ഡിഗ്രി ഫാരന്‍ഹീറ്റ്) വരെ ആയിരുന്നു. 112 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയാണിത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് (104 ഫാരന്‍ഹീറ്റ്) മുകളില്‍ തുടര്‍ച്ചയായി ഏഴു ദിവസം താപനില ഉയര്‍ന്നു. ഇത് ഏപ്രില്‍ മാസത്തെ ശരാശരി താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി കൂടുതലാണ്.

ഡല്‍ഹിക്ക് പുറമേ രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാണ്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 45.9 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടാവുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കനത്ത ചൂടു മൂലം കൃഷി മുടങ്ങി. വിളകള്‍ നശിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

പാകിസ്ഥാനിലും ഉഷ്ണതരംഗം രൂക്ഷമാണ്. തെക്കുകിഴക്കന്‍ സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദ്, സിബി നഗരങ്ങളില്‍ വെള്ളിയാഴ്ച 47 ഡിഗ്രി സെല്‍ഷ്യസ് (116.6 ഫാരന്‍ഹീറ്റ്) ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ഉത്തരാര്‍ദ്ധഗോളത്തിലെ ഏതെങ്കിലും നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. 40 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ ശരാശരി താപനില. ദശാബ്ദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് വസന്തകാലമില്ലാത്ത ഒരു വര്‍ഷം കടന്നുപോകുന്നതെന്ന് പാക് കാലാവസ്ഥാ മന്ത്രി ഷെറി റഹ്മാന്‍ പറഞ്ഞു.



കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പറയുന്നു. കാലാവസ്ഥാ പ്രതിസന്ധി അടിക്കടിയും ദൈര്‍ഘ്യമേറിയതുമായ ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുമെന്നും. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഒരു ബില്യണിലധികം ആളുകളെ ഇത് ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

മെയ് മാസത്തിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു. കൂടാതെ രാത്രിയില്‍ പതിവിലും ചൂട് കൂടുതലായിരിക്കും. താപനില സാധാരണയെക്കാള്‍ കൂടുതലായിരിക്കുമെങ്കിലും ഉഷ്ണ തരംഗ സാദ്ധ്യത കുറവായിരിക്കുമെന്നും കാലാവസ്ഥാ ഗവേഷകര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.