അലഹബാദ്: ഭര്‍ത്താക്കന്‍മാരുടെ സ്‌നേഹം പങ്കുവയ്ക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ ആഗ്രഹിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹിതയായ സ്ത്രീ തന്റെ ഭര്‍ത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ആത്മഹത്യയില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭര്‍ത്താവിനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ശരിവച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രതിയായ സുശീല്‍ കുമാര്‍ മൂന്നാമതും വിവാഹം കഴിച്ചിരുന്നുവെന്നും ഇതാണ് ഭാര്യ ആത്മഹത്യ ചെയ്യാനുള്ള ഏക കാരണമെന്നും കോടതി കണ്ടെത്തി. ജസ്റ്റിസ് രാഹുല്‍ ചതുര്‍ വേദിയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് അവളുടെ ജീവിതം അവസാനിപ്പിക്കാന്‍ മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി.
''അവര്‍ (ഇന്ത്യന്‍ ഭാര്യമാര്‍) അവരുടെ ഭര്‍ത്താവിന്റെ കാര്യത്തില്‍ പൊസസീവ് ആണ്. വിവാഹിതയായ ഏതൊരു സ്ത്രീക്കും തന്റെ ഭര്‍ത്താവിനെ മറ്റേതെങ്കിലും സ്ത്രീ പങ്കിടുന്നുവെന്നോ അയാള്‍ മറ്റേതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നോ ഉള്ളത് വലിയ ഞെട്ടലായിരിക്കും. അത്തരം അസുഖകരമായ സാഹചര്യത്തില്‍, അവരില്‍ നിന്ന് വിവേക പൂര്‍ണമായ തീരുമാനം പ്രതീക്ഷിക്കുക അസാധ്യമാണ്. ഈ കേസിലും അത് തന്നെയാണ് സംഭവിച്ചത്.'' ബെഞ്ചിനെ ഉദ്ദരിച്ച് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ആത്മഹത്യ ചെയ്ത സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് നിരീക്ഷണം. മരിച്ച സ്ത്രീ തന്റെ ഭര്‍ത്താവ് സുശീല്‍ കുമാറിനും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഐപിസിയുടെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം വാരണാസിയിലെ മന്ദുആദിഹ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ തന്റെ ഭര്‍ത്താവ് ഇതിനകം രണ്ട് കുട്ടികള്‍ ഉള്ള ആളായിരുന്നുവെന്നും എന്നാല്‍ വിവാഹ മോചനം നേടാതെ മൂന്നാം തവണയും വിവാഹം കഴിച്ചതായും ഭാര്യ ആരോപിച്ചു. ഭര്‍ത്താവും ബന്ധുക്കളും തന്നെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും അവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.
കേസെടുത്ത് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിക്കുകയും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രതികള്‍ ആദ്യം വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. അത് തള്ളിയതോടെയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.