മെല്‍ബണ്‍: ഓസ്ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെടുന്ന സാല്‍മണ്‍ മത്സ്യത്തിലും ബീഫിലും ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന ജീനുകളുള്ള സൂക്ഷ്മാണുക്കളെ കണ്ടെത്തിയതായി ഗവേഷകര്‍. ജീവനു വെല്ലുവിളി ഉയര്‍ത്തുന്ന അണുബാധകളെ ചികിത്സിക്കുന്നതില്‍ ഈ ആന്റിബയോട്ടിക് പ്രതിരോധ ജീനുകള്‍ (ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്) വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന ആശങ്കയും ഗവേഷകര്‍ പങ്കുവയ്ക്കുന്നു.
മൃഗസംരക്ഷണത്തിനു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍ മെല്‍ബണിലെ മോണാഷ് സര്‍വകലാശാലയുമായി ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്.
അണുബാധയ്ക്കു കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തി അവയുടെ ഫലപ്രാപ്തി ഇല്ലാതാക്കുന്ന ബാക്ടീരിയയുടെ ആര്‍ജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്നു വിളിക്കുന്നത്.
ബീഫ് സാമ്പിളുകളില്‍ 55 ശതമാനത്തിലും സാല്‍മണ്‍ സാമ്പിളുകളില്‍ 39 ശതമാനത്തിലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തി. ഈ ജീനുകള്‍ക്ക് ബാക്ടീരിയയില്‍നിന്നു ബാക്ടീരിയയിലേക്കും മനുഷ്യരിലേക്കും പ്രവേശിക്കാന്‍ കഴിയും. ഈ സൂക്ഷ്മാണുക്കള്‍ മലിനജലത്തില്‍ കലരാനും സാധ്യതയുണ്ട്. ഇതു പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുമെന്ന് മോണാഷ് സര്‍വകലാശാലയിലെ അസോ. പ്രൊഫ. ക്രിസ് ഗ്രീനിംഗ് പറഞ്ഞു.
സാല്‍മണിലെയും ബീഫിലെയും ബാക്ടീരിയകള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പരിശോധിച്ചു. ഇതുകൂടാതെ ഏതൊക്കെ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ജീനുകളെയാണ് സൂക്ഷ്മാണുക്കള്‍ വഹിക്കുന്നതെന്നും ഗവേഷണം നടത്തി.
ഇത് വളരെയധികം ആശങ്കപ്പെടുത്തുന്ന കണ്ടെത്തലാണെന്ന് ക്രിസ് ഗ്രീനിംഗ് പറഞ്ഞു. ഈ മാംസങ്ങളിലെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സിന്റെ തോത് തങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഫിലും സാല്‍മണ്‍ മത്സ്യത്തിലും ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എങ്ങനെ ആര്‍ജിച്ചു എന്നത് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മാംസം പാകം ചെയ്യുന്നത് പകരാനുള്ള സാധ്യത കുറയ്ക്കും. അതേസമയം ഭക്ഷ്യ ശൃംഖലയിലെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സിനെക്കുറിച്ച് നിരീക്ഷിക്കാന്‍ ഓസ്‌ട്രേലിയയില്‍ കൃത്യമായ സംവിധാനങ്ങളില്ലെന്ന് ക്രിസ് ഗ്രീനിംഗ് പറഞ്ഞു.
പഠനത്തിന്റെ വെളിച്ചത്തില്‍, ഓസ്ട്രേലിയയില്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷണ ഉല്‍പന്നങ്ങളിലെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് ജൂണ്‍ മുതല്‍ പരിശോധിക്കുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് അറിയിച്ചു. മോണാഷ് സര്‍വകലാശാലയുടെ ഗവേഷണം വിശകലനം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു.
കോള്‍സ്, വൂള്‍വര്‍ത്ത്സ്, ആല്‍ഡി എന്നീ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ആന്റിബയോട്ടിക് പ്രതിരോധം ഒരു ആഗോള പ്രശ്‌നമാണെന്നും അത് അണുബാധകളെ ചികിത്സിക്കുന്നതില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും കാന്‍ബറ ഹോസ്പിറ്റലിലെ ഫിസിഷ്യനും മൈക്രോബയോളജിസ്റ്റുമായ പീറ്റര്‍ കോളിഗ്‌നണ്‍ പറഞ്ഞു.
ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് കാരണം ചികിത്സ ഫലപ്രദമാകാതെ ലോകമെമ്പാടും നിരവധി ആളുകള്‍ മരിക്കുന്നുണ്ട്. ഭാവിയില്‍ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കാതായാല്‍ പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് അധിക ആളുകള്‍ മരിക്കാനും സാധ്യതയുണ്ട്.
ഭക്ഷണത്തിലെയും മൃഗങ്ങളിലെയും ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദേശീയതലത്തില്‍ ഒരു ആരോഗ്യ നിരീക്ഷണ ഏകോപന സംവിധാനം ആരംഭിക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26