ഉത്തരവ് പാലിക്കാത്തത് യു.പി സര്‍ക്കാരിന്റെ പതിവ്: വിമര്‍ശനവുമായി സുപ്രീം കോടതി

ഉത്തരവ് പാലിക്കാത്തത് യു.പി സര്‍ക്കാരിന്റെ പതിവ്: വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി ഉത്തരവ് പാലിക്കാതിരിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണെന്ന വിമര്‍ശലനവുമായി സുപ്രീം കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങുമ്പോഴാണ് യു.പി എത്തുന്നതെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.

82കാരനായ കോവിഡ് രോഗിയെ ആശുപത്രിയില്‍ നിന്ന് കാണാതായതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

പിതാവിനെ കാണാതായതിനെത്തുടര്‍ന്ന് മകന്‍ അലഹാബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മെയ് ആറിന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്ന് ഏപ്രില്‍ 25ന് ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരെ യു.പി സര്‍ക്കാരും എട്ടു ഉദ്യോഗസ്ഥരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നടക്കാന്‍ സാധിക്കാത്ത എണ്‍പത്തിണ്ടുകാരന്‍ എങ്ങോട്ടുപോകാനാണെന്ന് സുപ്രീം കോടതി ചോദിച്ചു. അദ്ദേഹം ജീവനോടെയുണ്ടെന്നതിന് തെളിവില്ലെന്ന് യു.പി സര്‍ക്കാരിനുവേണ്ടി ഹാജരായ ഗരിമ പ്രസാദ് പറഞ്ഞു. മൃതദേഹം മറ്റു മൃതദേഹങ്ങള്‍ക്കൊപ്പം സംസ്‌കരിച്ചിട്ടുണ്ടാകാം. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു, നഴ്സുമാരെ പുറത്താക്കി. കോടതി നിര്‍ദേശിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും ഗരിമ പ്രസാദ് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു. പരാതിക്കാര്‍ക്ക് അരലക്ഷം രൂപ കേസ് നടത്തിപ്പുചെലവിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.