ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി സ്ഥാനത്തേക്കെന്ന് സൂചന; എന്‍ഡിഎ സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി സ്ഥാനത്തേക്കെന്ന് സൂചന; എന്‍ഡിഎ സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ ജനാധിപത്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രപതി പദത്തില്‍ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഭരണ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഔദ്യോഗിക കൂടിയാലോചനകള്‍ നടന്നിട്ടില്ലെങ്കിലും ബിജെപി നേതാക്കള്‍ക്കിടയില്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേര് സജീവമായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുസ്ലിംകള്‍ക്കിടയിലെ പരിഷ്‌കരണവാദി എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാനെ ഉയര്‍ത്തിക്കാട്ടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും എന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

രാജീവ് ഗാന്ധിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന കാലത്താണ് ഷാബാനു കേസിലെ നിലപാടിന്റെ പേരില്‍ രാജീവീനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി രംഗത്തു വന്നത്. ഷാബാനു കേസിലെ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ രാജീവ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി എതിര്‍ത്തു. ഇതിനു പിന്നാലെയാണ് ഖാന്‍ കോണ്‍ഗ്രസ് വിടുന്നത്.

ചൗധരി ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളിലൂടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയത്തില്‍ എത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം രാജീവ് മന്ത്രിസഭയില്‍ അംഗമായി. പിന്നീട് കോണ്‍ഗ്രസ് വിട്ടു ജനതാ ദളില്‍ എത്തിയ ഖാന്‍ വിപി സിങിന്റെ കീഴില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു.

ദളിന്റെ തകര്‍ച്ചയോടെ ബിഎസ്പിയില്‍ ചേര്‍ന്ന അദ്ദേഹം 2004 ല്‍ ആണ് ബിജെപിയില്‍ എത്തുന്നത്. ബിജെപിയില്‍ എത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2007 ല്‍ ബിജെപി വിട്ടെങ്കിലും മോഡി പ്രധാനമന്ത്രിയായതോടെ 2014 ല്‍ തിരിച്ചെത്തി.

മുത്തലാഖ് നിയമ വിരുദ്ധമാക്കിയ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതില്‍ മുന്‍നിരയില്‍ നിന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാമിക യാഥാസ്ഥിതിക വാദത്തെ എതിര്‍ക്കുന്ന നിലപാടുകളാണ് ഖാനെ ബിജെപി നേതൃത്വത്തിനു പ്രിയപ്പെട്ടവനാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.