അനുദിന വിശുദ്ധര്‍ - മെയ് 08
സാവോയില്‍ ടാരെന്‍ടൈസ് അഥവാ മോണ്‍സ്റ്റിയേഴ്‌സ് രൂപതയുടെ  മെത്രാനായിരുന്ന വിശുദ്ധ പത്രോസ് ഡോഫിന്‍ 1102 ല്‍ ഡോഫിനേയില്‍ ജനിച്ചു. ഇരുപതാം വയസില്‍ അദ്ദേഹം സിസ്റ്റേഴ്‌സ്യന്‍ സഭയില്‍ നിന്ന് സന്യാസ വസ്ത്രം സ്വീകരിച്ചു. കഠിനമായ തപോ നിഷ്ഠകളും പ്രാര്‍ത്ഥനയുമായി പത്രോസ് തന്റെ ജീവിതം തുടര്‍ന്നു.  വിറക് വെട്ടുക, നിലം ഉഴുതുക തുടങ്ങിയ കഠിനാധ്വാന ജോലികളും ചെയ്തു. 
പച്ചിലയും കായ്കനികളും മാത്രം ഉള്‍പ്പെടുത്തി ദിവസത്തില്‍ ഒരു പ്രാവശ്യം ഭക്ഷണം കഴിക്കുക, നാല് മണിക്കൂര്‍ മാത്രം ഉറക്കം ഇതൊക്കെയായിരുന്നു വിശുദ്ധന്റെ ജീവിത രീതികള്‍. എല്ലാ സഹനങ്ങളും അദ്ദേഹം ഭക്തിയോടും സന്തോഷത്തോടും കൂടി സ്വീകരിച്ചു.
ഏറെ ദൈവ ഭക്തിയുണ്ടായിരുന്ന  വിശുദ്ധന്റെ കുടുംബം മുഴുവനായും പിന്നീട് സന്യസ്ത ജീവിതം സ്വീകരിച്ചു. പിതാവും രണ്ട് സഹോദരന്‍മാരും പത്രോസിന്റെ ആശ്രമത്തിലും മാതാവും സഹോദരിയും ഇതേ സഭയുടെ തന്നെ അടുത്തുള്ള കന്യകാ മഠത്തിലും ചേര്‍ന്നു.
1142 ല്‍ വിശുദ്ധ ബര്‍ണാഡിന്റെ നിര്‍ബന്ധപ്രകാരം സാവോയിയിലെ നാടുവാഴി പത്രോസിനെ ടാരെന്‍ടൈസ് രൂപതയുടെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരുന്ന രൂപതയിലെ ഇടവക ദേവാലയങ്ങള്‍ ഭൂരിഭാഗവും അല്‍മായര്‍ അശുദ്ധമാക്കുകയും കയ്യടക്കുകയും ചെയ്തിരുന്നു.  പുരോഹിതന്‍മാരാകട്ടെ അധര്‍മ്മങ്ങളില്‍ മുഴുകുകയും  അനീതിയെ പ്രചരിപ്പിക്കുകയും ചെയ്തു പോന്നു. 
എന്നാല്‍ വിശുദ്ധന്‍ തന്റെ രൂപതയില്‍ നിരന്തരം സന്ദര്‍ശനങ്ങള്‍ നടത്തി.  രൂപതയിലെ നിരവധി ദേവാലയങ്ങള്‍ക്ക് അദ്ദേഹം കഴിവും നന്മയുമുള്ള പുരോഹിതന്‍മാരെ നല്‍കി.  അല്‍മായര്‍ കയ്യടക്കി വെച്ചിരുന്ന സഭയുടെ വരുമാന മാര്‍ഗങ്ങള്‍ മുഴുവന്‍  തിരിച്ചു പിടിച്ചു.
ഇതിനിടെ  യുവാക്കളുടെ വിദ്യാഭ്യാസത്തിനായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. നിരവധി ദേവാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കി ദൈവഭക്തിയും ആരാധനയും  പുനസ്ഥാപിച്ചു. അത്ഭുതകരമായ രോഗശാന്തി, ക്ഷാമകാലത്ത് ഭക്ഷണ സാധനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങി നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി ചരിത്രകാരന്‍  പറയുന്നു. 
പതിമൂന്ന് വര്‍ഷത്തോളം തന്റെ സഭാപരമായ ദൗത്യം വിജയകരമായി നിര്‍വഹിക്കുകയും തന്റെ അതിരൂപതയെ ഒരു നല്ല രൂപതയാക്കി മാറ്റുകയും ചെയ്ത  ശേഷം വിശുദ്ധന്‍ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായി. ജര്‍മനിയിലെ സിസ്റ്റേര്‍ഷ്യന്‍ സന്യാസിമാരുടെ ആശ്രമത്തിലേക്കാണ് അദ്ദേഹം പോയത്. 
അദ്ദേഹം എവിടെയെന്നു ആര്‍ക്കും അറിവുണ്ടായിരുന്നില്ല. വിശുദ്ധന്റെ കുടുംബവും രൂപതയും അദ്ദേഹത്തിന്റെ തിരോധാനത്തില്‍ സങ്കടപ്പെട്ടു. ശക്തമായ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം വൃഥാവിലായി. ഇതിനിടെ പത്രോസിന്റെ  ശ്രദ്ധയില്‍ വളര്‍ന്നു വന്ന ഒരു യുവാവ് ഒരു ദിവസം അദ്ദേഹം രഹസ്യമായി താമസിക്കുന്ന ആശ്രമം സന്ദര്‍ശിക്കുവാനിടയായി. 
അവിടത്തെ സന്യാസികള്‍ ദേവാലയത്തിന് പുറത്തു ജോലികള്‍ക്കായി പോകുന്നത് നിരീക്ഷിച്ച ആ യുവാവ് തന്റെ മെത്രാനെ തിരിച്ചറിയുകയും അവന്‍ അത് എല്ലാവരെയും അറിയിക്കുകയും ചെയ്തു. താന്‍ കണ്ടുപിടിക്കപ്പെട്ടതില്‍ വിശുദ്ധന്‍ അതിയായി ദുഖിച്ചെങ്കിലും ഇത് ഒരു ദൈവനിശ്ചയമാണെന്ന് കണ്ട്  രൂപതയിലേക്ക് തന്നെ തിരികെയെത്തി. 
മുന്‍പൊരിക്കലും ഇല്ലാത്ത ഉത്സാഹത്തോട് കൂടി അദ്ദേഹം തന്റെ ദൗത്യം തുടര്‍ന്നു. ദരിദ്രര്‍ എപ്പോഴും അദ്ദേഹത്തിന്റെ  പ്രത്യേക ശ്രദ്ധക്ക് പാത്രമായിരുന്നു. ധാരാളം ദാന ധര്‍മ്മങ്ങളും കാരുണ്യ പ്രവര്‍ത്തികളും നിര്‍വഹിച്ചു വന്ന പത്രോസ് ദരിദ്രരായ യാത്രക്കാരെ സഹായിക്കുവാനായി  ആല്‍പ്‌സ് പര്‍വ്വത പ്രദേശത്ത് ഒരാശുപത്രി സ്ഥാപിച്ചു.
അല്‍സെസ്, ബുര്‍ഗുണ്ടി, ലോറൈന്‍ എന്നിവ കൂടാതെ ഇറ്റലിയുടെ നിരവധി പ്രദേശങ്ങളില്‍ അദ്ദേഹം  സുവിശേഷ പ്രഘോഷണം നടത്തി. ഈ അവസരങ്ങളില്‍ നിരവധി അത്ഭുതങ്ങള്‍  പ്രവര്‍ത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പരസ്പരം കലഹിക്കുന്ന ഫ്രാന്‍സിലേയും ഇംഗ്ലണ്ടിലേയും രാജാക്കന്‍മാരെ അനുനയിപ്പിക്കുന്നതിനായി മാര്‍പാപ്പാ അദ്ദേഹത്തെ ഫ്രാന്‍സിലേക്കും നോര്‍മണ്ടിയിലേക്കും അയക്കുകയുണ്ടായി.
അധികം വൈകാതെ രോഗബാധിതനായ വിശുദ്ധ പത്രോസ് 1174 ല്‍ ബേസന്‍കോണ്‍ രൂപതയിലെ ബെല്ലെവോക്‌സ് ആശ്രമത്തില്‍ വെച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1191 ല്‍ സെലസ്റ്റിന്‍ മൂന്നാമന്‍ മാര്‍പാപ്പാ മെത്രാപ്പോലീത്തയായിരുന്ന പത്രോസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ത്രെസിലെ അക്കാസിയൂസ്
2. ബെനഡിക്ട് രണ്ടാമന്‍ മാര്‍പാപ്പ
3. ഐറിഷ് സന്യാസി ഗിബ്രിയാന്‍
4. ബോണിഫസ് നാലാമന്‍ മാര്‍പാപ്പ.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.