ദാവൂദ് ഇബ്രാഹിമിനെ പൂട്ടാന്‍ എന്‍ഐഎ: കൂട്ടാളികളുടെ വീടുകളില്‍ വ്യാപക റെയ്ഡ്; ഒരാള്‍ പിടിയില്‍

ദാവൂദ് ഇബ്രാഹിമിനെ പൂട്ടാന്‍ എന്‍ഐഎ: കൂട്ടാളികളുടെ വീടുകളില്‍ വ്യാപക റെയ്ഡ്; ഒരാള്‍ പിടിയില്‍

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വ്യാപക പരിശോധന. ദാവൂദിന്റെ കൂട്ടാളികളുടെ ഉള്‍പ്പെടെ 20 ഇടങ്ങളില്‍ ആണ് റെയ്ഡുകള്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയിലെ ബാന്ദ്ര, നാഗ്പഡ, ബോറിവാലി, ഗോറെഗാവ്, പരേല്‍, സാന്താക്രൂസ് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഷാര്‍പ് ഷൂട്ടര്‍മാര്‍, ഹവാല-മയക്കുമരുന്ന് ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, ക്രിമിനല്‍ സംഘത്തിലെ ഉന്നതര്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് പരിശോധന നടന്നത്.

റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദാവൂദിന്റെ ഡി കമ്പനിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ക്കെതിരേ കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഐഎ കേസെടുത്തിരുന്നു. രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തീവ്രവാദ പ്രവൃത്തികളിലും സംഘടിത കുറ്റകൃത്യങ്ങളിലും ഇവര്‍ ഏര്‍പ്പെടുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

2003 ല്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയും യുഎസും ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1993 ലെ ബോംബെ സ്‌ഫോടനക്കേസിനെ തുടര്‍ന്നാണിത്. 25 ദശലക്ഷം യുഎസ് ഡോളറാണ് ദാവൂദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. നിലവില്‍ പാക്കിസ്ഥാനിലാണ് ഇയാളെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.