ഹെയ്‌ലി ടെയ്‌ലര്‍ അമേരിക്കയിലെ പ്രായംകുറഞ്ഞ നിയമബിരുദക്കാരി; ബിരുദം നേടിയത് 19-ാം വയസില്‍

ഹെയ്‌ലി ടെയ്‌ലര്‍ അമേരിക്കയിലെ പ്രായംകുറഞ്ഞ നിയമബിരുദക്കാരി; ബിരുദം നേടിയത് 19-ാം വയസില്‍

ടെക്‌സാസ്: അമേരിക്കയിലെ കറുത്തവര്‍ഗക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ നിയമ ബിരുദക്കാരിയായി ഹെയ്‌ലി ടെയ്‌ലര്‍ ഷ്‌ലിറ്റ്‌സ്. സതേണ്‍ മെത്തഡിസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാകുമ്പോള്‍ ഷ്‌ലിറ്റ്‌സിന് പ്രായം വെറും 19 വയസ്. സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഏക്കാലത്തെയും പ്രായംകുറഞ്ഞ ബിരുദധാരിയുമാണ് ഷ്‌ലിറ്റ്‌സ്.

ടെക്‌സസിലെ കെല്ലര്‍ സ്വദേശിനിയായ ഷ്‌ലിറ്റ്‌സ് മൂന്ന് വര്‍ഷം മുന്‍പാണ് യൂണിവേഴ്‌സിറ്റിയില്‍ നിയമപഠനത്തിന് ചേര്‍ന്നത്. ഡാളസ് യൂണിവേഴ്‌സിറ്റിയിലെ ഡെഡ്മാന്‍ സ്‌കൂള്‍ ഓഫ് ലോയില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ല. പന്നീടാണ് സതേണ്‍ മെത്തഡിസ്റ്റ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം ലഭിച്ചത്.



അഞ്ചാം ക്ലാസ് വരെ പൊതുവിദ്യാലയത്തില്‍ പഠിച്ചതിന്റെ ദുരനുഭവങ്ങള്‍ ഏറെയായിരുന്നു ഷ്‌ലിറ്റ്‌സിന്. വംശീയമായി ഏറെ അധിക്ഷേപിക്കപ്പെട്ട കാലമായിരുന്നു അത്. പിന്നീട് അവളുടെ തുടര്‍പഠനം വീടിനുള്ളില്‍ തന്നെയായി. മാതാപിതാക്കളുടെ സഹായത്തോടെ 13-ാംവയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ടാറന്റ് കൗണ്ടി കോളജില്‍ ചേര്‍ന്നു. പിന്നീട് ടെക്‌സാസ് വിമന്‍സ് യൂണിവേഴ്‌സിറ്റിയിലേക്ക് മാറിയ ഷ്‌ലിറ്റ്‌സ് 16-ാം വയസില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. സര്‍വകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായിരുന്നു അവള്‍.

നിറത്തിന്റെയും വംശീയതയുടെയും പേരില്‍ നിരവധി കറുത്ത വര്‍ഗക്കാരികളായ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ നിന്നും വിദ്യാഭ്യാസ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയാണെന്നും ഭാവിയിലെ ഡോക്ടറോ, സംരംഭകരോ ആകേണ്ടവരെയാണ് ഇത്തരം ദുഷിച്ച കാഴ്ച്ചപ്പാട് മൂലം രാജ്യത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നും ഷ്‌ലിറ്റ്‌സ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



ഹോംസ്‌കൂള്‍ ആയിരുന്ന കാലത്ത് ഡോക്ടര്‍ ആയ അമ്മ മ്യെഷ ടെയ്‌ലറുമായി ചേര്‍ന്ന് 'ദി ഹോംസ്‌കൂള്‍ ആള്‍ട്ടര്‍നേറ്റീവ്: ഇന്‍കോര്‍പ്പറേഷന്‍ എ ഹോംസ്‌കൂള്‍ മൈന്‍ഡ്‌സെറ്റ് ഫോര്‍ ദ ബെനിഫിറ്റ് ഓഫ് ബ്ലാക്ക് ചില്‍ഡ്രന്‍ ഇന്റര്‍നെറ്റ് ഓഫ് അമേരിക്ക' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. കറുത്തവര്‍ഗക്കാരായ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഹോംസ്‌കൂളിംഗിലെ പോരായ്മകളും ഒറ്റപ്പെടലുകളും ബാല്യകാലത്തെ നഷ്ടപ്പെടലുകളുമൊക്കെ വിശദീകരിക്കുന്ന പുസ്തകമായിരുന്നു അത്.

കോളജ് വിദ്യാഭ്യാസത്തിന് ശേഷം വംശീയമായി മാറ്റി നിര്‍ത്തപ്പെടുന്ന പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഷ്‌ലിറ്റ്‌സ് പങ്കുചേര്‍ന്നു. നിറത്തിന്റയോ വംശത്തിന്റെയോ പോരില്‍ തങ്ങളുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും ബലിക്കൊടുക്കരുതെന്നാണ് ഷ്‌ലിറ്റ്‌സിന്റെ പക്ഷം. ഒരു മികച്ച നിയമ പ്രൊഫസറാകുകയെന്നതാണ് തന്റെ ആഗ്രഹമെന്നും ഷ്‌ലിറ്റ്‌സ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.