ന്യൂയോര്‍ക്ക്: ആദ്യത്തെ ബഹിരാകാശ ഹോട്ടല്‍ എന്ന മനുഷ്യന്റെ ചിരകാല സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് ഇനി അധിക കാലം വേണ്ട. ഏതാനും വര്‍ഷങ്ങള്‍ മാത്രം. അമേരിക്കന്‍ കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2025 ല്‍ തുടങ്ങും. അതായത് ബഹിരാകാശ ഹോട്ടലിനായി ഇനി നമ്മള്‍ കുറച്ച് വര്‍ഷം കൂടി കാത്തിരുന്നാല്‍ മതി.
ഭൂമിയ്ക്ക് പുറത്തുള്ള ആദ്യത്തെ ഹോട്ടലിന് വോയേജര്‍ ക്ലാസ് സ്പേസ് സ്റ്റേഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരേ സമയം 400 പേരെ ഉള്‍ക്കൊള്ളാന്‍ ഹോട്ടലിന് ശേഷിയുണ്ട്. ഭക്ഷണ ശാലകള്‍, സിനിമ ഹാളുകള്‍, ജിംനേഷ്യം, ബാറുകള്‍ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഇതിനകത്ത് ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ ഹോട്ടലിന്റെ 24 ഇടങ്ങളാണ് അതിഥികള്‍ക്കായി നീക്കി വെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനാണ് ഇപ്പോഴത്തെ പദ്ധതി. ഒരു ക്രൂസ് കപ്പലിലേതിന് സമാനമായ സൗകര്യങ്ങളാണ് ഈ ഹോട്ടലിനകത്ത് ഒരുക്കുന്നത്. പ്രത്യേകം തീമുകള്‍ക്കനുസരിച്ചുള്ള റെസ്റ്ററന്റുകളും ഹെല്‍ത്ത് സ്പായും ലൈബ്രറികളും ഇതിനകത്തുണ്ട്.
ലോഹം കൊണ്ട് വൃത്താകൃതിയിലാണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. സഞ്ചാരികള്‍ക്ക് മാത്രമല്ല, ഗവേഷകര്‍ക്കും പ്രത്യേക സൗകര്യങ്ങളുണ്ടാകും. ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശ ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്കും ഇത് ഉപയോഗിക്കാം.
ചക്രവാളത്തിനുമപ്പുറം അത്യാധുനിക സൗകര്യമാണ് ഒരുക്കുന്നതെങ്കിലും എത്ര രൂപ ഈ ഹോട്ടല്‍ നിര്‍മാണത്തിനായി ചെലവാകുമെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭൂമിയെ ഓരോ 90 മിനിറ്റിലും ഈ ബഹിരാകാശ ഹോട്ടല്‍ വലം വെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികള്‍ക്ക് അനുഭവിക്കാനാവുക.
ഭൂമിയില്‍ നിന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്പേസ് എക്സിനാണ്. ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച നീണ്ട പ്രത്യേക പരിശീലനവും നിര്‍ബന്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.