കല്ലുവാതുക്കല്‍ കേസ്: മണിച്ചന്റെ മോചനം ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലെന്ന് സംസ്ഥാനം

 കല്ലുവാതുക്കല്‍ കേസ്: മണിച്ചന്റെ മോചനം ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലെന്ന് സംസ്ഥാനം

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചന്റെ മോചനം ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ജയില്‍ ഉപദേശക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ നല്‍കിയ സന്ദേശം സ്വീകരിക്കാന്‍ ഇന്നും സുപ്രീം കോടതി തയ്യാറായില്ല.

മുദ്രവെച്ച കവറിലെ സന്ദേശം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യ ഉഷയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വകുപ്പ് തലവന് പകരം ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അപേക്ഷ നല്‍കിയതെന്നെന്നും ഉഷയുടെ അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു.

മുദ്രവെച്ച കവറിലെ സന്ദേശം കോടതി പരിശോധിച്ചാല്‍ ഹര്‍ജിക്കാരുടെ പരാതിയില്‍ ഉള്‍പ്പടെ തീരുമാനം ആകുമെന്ന് സ്റ്റാന്റിംങ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സന്ദേശം പരിശോധിക്കാന്‍ കോടതി തയ്യാറായില്ല.

ഇരുപത് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചന വിഷയത്തില്‍ നാല് മാസത്തിനകം തീരുമാനം എടുക്കണമെന്ന് കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.