ഉദയ്പൂര്‍(രാജസ്ഥാന്‍): ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പാര്‍ട്ടി തലപ്പത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ മടങ്ങി വരവിന് വഴിയൊരുക്കുമോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചര്‍ച്ച.
രാഹുലിന്റെ നിലപാടുകളെയും പ്രവര്‍ത്തന ശൈലിയെയും എതിര്‍ത്തിരുന്ന ജി 23 നേതാക്കള്‍ക്ക് അദ്ദേഹം പ്രസിഡന്റ് പദവിയിലേക്ക് വീണ്ടുമെത്തുന്നതില്‍ എതിര്‍പ്പില്ല എന്നാണ് ഉദയ്പൂരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
ജി 23 യിലെ ഗുലാംനബി ആസാദും ആനന്ദ് ശര്‍മ്മയും ഉള്‍പ്പടെയുള്ള നേതാക്കള്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഐക്യം ഉറപ്പാക്കാന്‍ രാഹുല്‍ അധ്യക്ഷനാകണമെന്നാണ് ചിന്തന്‍ ശിബിരത്തില്‍ ഭൂരിപക്ഷം പ്രതിനിധികളും ആവശ്യപ്പെട്ടത്.
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചതായാണ് വിവരം. വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്നും പാര്‍ട്ടി ശാക്തീകരണ ചര്‍ച്ച തുടരട്ടെയെന്നുമാണ് രാഹുല്‍ സ്വീകരിച്ച നിലപാട്. അതേസമയം ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്നത്. പാര്‍ട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികളില്‍ വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്. സംഘടനാപരമായി പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുകയാണ് ചിന്തന്‍ ശിബിരത്തിന്റെ ലക്ഷ്യം.