മാറി നില്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു; ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജി വെച്ചു

മാറി നില്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു; ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജി വെച്ചു

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജി വെച്ചു. ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായ ബിപ്ലവിനെതിരേ കുറെക്കാലമായി പാര്‍ട്ടിയില്‍ നടക്കുന്ന കലാപത്തെ തുടര്‍ന്ന് ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി.

25 വര്‍ഷത്തെ ഇടതു ഭരണത്തിന് വിരാമം കുറിച്ച് 2018 ലാണ് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.

പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വൈകുന്നേരത്തോടെ ബി.ജെ.പി.യുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബി.ജെ.പി. ദേശീയ ജനറല്‍സെക്രട്ടറി വിനോദ് താവ്ഡെയും യോഗത്തില്‍ പങ്കെടുക്കും.

നേരത്തെ പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ തന്നെ ബിപ്ലവിനെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നീ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എമാരുടെ വിമര്‍ശനം.

സംസ്ഥാനത്തെ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ ഒമ്പത് എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ ബി.ജെ.പി അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ എസ്.ടി മോര്‍ച്ച പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം.പി രേബതി ത്രിപുരയെ മാറ്റി മുതിര്‍ന്ന നേതാവായ ബികാശ് ദേബ ബര്‍മയെ നിയമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

എസ്.ടി മോര്‍ച്ചയുടെ നിരീക്ഷകനായി രാംപദ ജമാദിയയെയും നിയമിച്ചു. ഇതിനു പുറമേ മഹിളാ മോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളില്‍ പുതിയ നിരീക്ഷകരെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.