അമ്പത്തിയൊൻപതാം മാർപാപ്പ വിജിലിയസ് (കേപ്പാമാരിലൂടെ ഭാഗം-60)

അമ്പത്തിയൊൻപതാം മാർപാപ്പ വിജിലിയസ് (കേപ്പാമാരിലൂടെ ഭാഗം-60)

തിരുസഭയുടെ ചരിത്രത്തിലെ തന്നെ അഴിമതിക്കാരനായ മാര്‍പ്പാപ്പയായിരുന്നു വിജിലിയസ് മാര്‍പ്പാപ്പ. വിജിലിയസ് കോണ്‍സ്റ്റാന്റിനോപ്പിളലെ അപ്പസ്‌തോലിക നൂണ്‍ഷ്യോയായിരുന്നപ്പോള്‍ അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പയാല്‍ നിഷ്‌കാസിതനായ മോണോഫീസൈറ്റ് പക്ഷക്കാരനായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസ് അന്തിമസിനെ വീണ്ടും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായി അവരോധിക്കുമെന്നും മോണോഫിസിറ്റിസം എന്ന പാഷണ്ഡതയ്‌ക്കെതിരായ ചാല്‍സിഡണ്‍ കൗണ്‍സിലിന്റെ പഠനങ്ങളെ നിരാകരിക്കുമെന്നുമുള്ള ഉടമ്പടിയില്‍ ചക്രവര്‍ത്തിനിയും മോണോഫിസൈറ്റ് പക്ഷക്കാരിയുമായിരുന്ന തെയോഡൊറയുമായി ഏര്‍പ്പെട്ടു. പ്രസ്തുത ഉടമ്പടിയ്ക്കു പകരമായി ചക്രവര്‍ത്തിനി വിജിലിയസിന് ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ മരണശേഷം വിജിലിയസിന്റെ മാര്‍പ്പാപ്പയായിട്ടുള്ള തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മാത്രമല്ല, ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പ തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചതും വിജിലിയസിനെയായിരുന്നു. എന്നാല്‍ കാനോനികമല്ലാത്തതിനാല്‍ ഈ കല്പന അസാധുവാക്കപ്പെട്ടു.

അഗാപിറ്റസ് മാര്‍പ്പാപ്പയുടെ മരണശേഷം ചക്രവര്‍ത്തിനിയുടെ ഉറപ്പിന്‍മേല്‍ വിജിലിയസ് റോമില്‍ എത്തിയപ്പോഴേക്കും സഭനേതൃത്വം വി. സില്‍വേരിയസിനെ അഗാപിറ്റസ് മാര്‍പ്പാപ്പായുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ തെയോഡൊറ ചക്രവര്‍ത്തിനിയുടെ കല്പനപ്രകാരും റോമിലെ ചക്രവര്‍ത്തിയുടെ സൈന്യാധിപനായിരുന്ന ബെലിസാരിയസ് സില്‍വേരിയസിനെ മാര്‍പ്പാപ്പയുടെ സ്ഥാനത്തുനിന്നും നിഷ്‌കാസിതനാക്കുകയും നാടുകടത്തുകയും ചെയ്തു. മാത്രമല്ല, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിജിലിയസിന്റെ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയും ചെയ്തു. അതിനാല്‍ വത്തിക്കാനിലെ ഔദ്യോഗിക രേഖകളനുസരിച്ച് സില്‍വേരിയസ് മാര്‍പ്പാപ്പ തന്റെ സ്ഥാനം രാജിവെച്ചിരുന്നില്ലെങ്കിലും വിജിലിയസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന്റെ തിയതിയായി കണക്കാക്കുന്നത് ഏ.ഡി. 537 മാര്‍ച്ച് 29-ാം തീയതിയാണ്. റോമിലേക്കു മടങ്ങുവാനും വിചാരണ നേരിടുവാനും ജസ്റ്റീനിയന്‍ ചക്രവര്‍ത്തി അനുവദിച്ചതിനെ തുടര്‍ന്ന് റോമില്‍ മടങ്ങിയെത്തിയ സില്‍വേരിയസ് മര്‍പ്പാപ്പയ്ക്ക് വിജിലിയസ് മാര്‍പ്പാപ്പ നീതിപൂര്‍വകമായ വിചാരണ നിഷേധിക്കുകയും അദ്ദേഹത്തെ വിണ്ടും പാല്‍മേരിയ എന്ന ദ്വീപിലേക്ക് നാടുകടത്തുകയും അവിടെവെച്ച് മാര്‍പ്പാപ്പസ്ഥാനം രാജിവെക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്തു. കഠിനമായ പീഡനങ്ങളെ തുടര്‍ന്ന് സില്‍വേരിയസ് മാര്‍പ്പാപ്പ മാര്‍പ്പാപ്പസ്ഥാനം രാജിവയ്ക്കുകയും അധികം താമസിയാതെ തന്നെ കാലം ചെയ്യുകയും ചെയ്തു. സില്‍വേരിയസ് മാര്‍പ്പാപ്പ രാജിവെച്ചതിനെ തുടര്‍ന്ന് റോമിലെ വൈദികസമൂഹം ഏ.ഡി. 537 നവംബറില്‍ വിജിലിയസ് മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കുകയും സാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

തെയോഡൊറ ചക്രവര്‍ത്തിനിയുടെ ഒത്താശയോടെ മാര്‍പ്പാപ്പയായ വിജിലിയസ് മാര്‍പ്പാപ്പ പൗരസ്ത്യസഭയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചത്. അന്തിമസിനോടും മോണോഫിസൈറ്റ് പക്ഷക്കാരോടും അവരുടെ താത്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നുള്ള കരാറില്‍ സ്വകാര്യമായി ഏര്‍പ്പെട്ടു. അതേസമയം തന്നെ ചാല്‍സിഡണ്‍ കൗണ്‍സിലിന്റെ പഠനങ്ങള്‍ താന്‍ അംഗീകരിക്കുന്നുവെന്നും അന്തിമസ് പാത്രിയാര്‍ക്കീസ് സ്ഥാനത്തുനിന്നും നിഷ്‌കാസിതനാക്കിയ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ നടപടിയെ പിന്തണയ്ക്കുന്നുവെന്നും അറിയിച്ചുകൊണ്ട് മാര്‍പ്പാപ്പ ചക്രവര്‍ത്തിക്ക് കത്തെഴുതുകയും ചെയ്തു. എന്നാല്‍ മൊപ്പുസേറ്റിയായിലെ തെയോഡൊര്‍, തെയോഡൊറെറ്റ്, ഇബാസ് എന്നീ മൂന്ന് ദൈവശാസ്ത്രജ്ഞന്മാരുടെ അലക്‌സാണ്ട്രിയായിലെ സിറിലിന്റെ പഠനങ്ങളെ എതിര്‍ത്തുകൊണ്ടും നെസ്‌തോറിയസിന്റെ പഠനങ്ങളെ പിന്തുണയ്ച്ചുകൊണ്ടുമുള്ള പഠനങ്ങളടങ്ങിയ മൂന്ന് അദ്ധ്യായങ്ങള്‍ (Three Chapters) എന്ന വിവാദപരമായ പഠനത്തെ നിരാകരിച്ചുകൊണ്ട് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച വിളംബരത്തില്‍ മറ്റു പാത്രിയാര്‍ക്കീസുമാരോടൊപ്പം ഒപ്പുവെയ്ക്കുവാന്‍ ചക്രവര്‍ത്തി വിജിലിയസ് മാര്‍പ്പാപ്പയോട് ആവശ്യപ്പെട്ടപ്പോള്‍ മാര്‍പ്പാപ്പ എന്നു മാത്രമല്ല പ്രസ്തുത വിളംബരത്തെ അംഗീകരിക്കുവാനോ ഒപ്പുവെയ്ക്കുവാനോ തയ്യാറായില്ല. മാര്‍പ്പാപ്പയുടെ നടപടിയില്‍ കൂപിതനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഏ.ഡി. 545 നവംബര്‍ 22-ാം തീയതി വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വിജിലിയസ് മാര്‍പ്പാപ്പയെ അറസ്റ്റ് ചെയ്ത് സിസിലിയിലേക്ക് കൊണ്ടുപോയി. വളരെ നാളുകള്‍ സിസിലിയില്‍ തടവില്‍ കഴിഞ്ഞതിനുശേഷം ഏ.ഡി. 547 ജനുവരിയില്‍ അദ്ദേഹത്തെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലായിരുന്ന അവസരത്തില്‍ വിജിലിയസ് മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മെത്രാനായ മെനാസിനെ സഭാഭ്രഷ്ടനാക്കി. മാര്‍പ്പാപ്പയുടെ നടപടിയ്ക്കു പകരമായി മെനാസ് വിജിലിയസ് മാര്‍പ്പാപ്പയെ സഭാഭ്രഷ്ടനാക്കി. ജൂണ്‍ മാസത്തോടെ തന്റെ തീരുമാനത്തില്‍ അയവുവരുത്തിയ മാര്‍പ്പാപ്പ മെനാസുമായുള്ള ഐക്യം പുനഃസ്ഥാപിക്കുകയും 'മൂന്ന് അദ്ധ്യായങ്ങള്‍' എന്നറിയപ്പെടുന്ന വിവാദ പഠനങ്ങള്‍ തെറ്റാണെന്നു പ്രഖ്യാപിക്കുമെന്ന ഉറപ്പ് ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്കും ചക്രവര്‍ത്തനിക്കും നല്‍കി. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ വിളംബരം അംഗീകരിക്കുകയും മൂന്ന് അദ്ധ്യായങ്ങള്‍ എന്ന പഠനം നിരാകരിക്കുകയും ചെയ്ത മാര്‍പ്പാപ്പയുടെ ലുഡികാറ്റും എന്നറിയപ്പെടുന്ന നടപടി പാശ്ചാത്യ സഭാസമൂഹത്തില്‍ അസ്വസ്തതകള്‍ ഉളവാക്കി. മാത്രമല്ല മാര്‍പ്പാപ്പയുടെ നടപടി മോണോഫിസിറ്റിസം എന്ന പാഷണ്ഡതയെയും പഠനങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന കാരണത്താല്‍ ചാല്‍സിഡണ്‍ സൂനഹദോസിന്റെ പഠനങ്ങളെ ഒറ്റികൊടുക്കുന്ന നടപടിയെന്നാണ് വിശേഷിക്കപ്പെട്ടത്.

ഏ.ഡി. 550-ല്‍ കാര്‍ത്തേജില്‍ സമ്മേളിച്ച ആഫ്രിക്കന്‍ മെത്രാന്മാരുടെ സിനഡ് വിജലിയസിനെ സഭാഭ്രഷ്ടനാക്കി. ഏ.ഡി. 549-ലെ ക്രിസ്മസ് ദിനത്തില്‍ ലുഡികാറ്റും എന്ന മാര്‍പ്പാപ്പയുടെ തീരുമാനത്തെ അദ്ദേഹത്തിന്റെ അനന്തരവനായ റുസ്റ്റിക്കസ് ഡീക്കന്‍ പരസ്യമായി നിഷേധിക്കുകയും തള്ളികളയുകയും ചെയ്തു. അനന്തരഫലമായി റൂസ്റ്റിക്കസിനെ ഏ.ഡി. 550-ല്‍ വിജിലിയസ് മാര്‍പ്പാപ്പ സഭാഭ്രഷ്ടനാക്കി. ഈ സംഭവങ്ങളെ തുടര്‍ന്ന് സഭയിലുടലെടുത്ത പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്നത് അത്യന്താപേഷിതമാണെന്ന് മനസ്സിലാക്കിയ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയും മാര്‍പ്പാപ്പയും ചേര്‍ന്ന് കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന ധാരണയില്‍ എത്തിച്ചേര്‍ന്നു. 'മൂന്ന് അദ്ധ്യായങ്ങള്‍' എന്ന പഠനത്തെ തള്ളികളഞ്ഞുകൊണ്ടും തെറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും താന്‍ പുറപ്പെടുവിച്ച വിളംബരം പിന്‍വലിക്കുവാന്‍ വിജിലിയസ് മാര്‍പ്പാപ്പയെ ചക്രവര്‍ത്തി അനുവദിച്ചു. എങ്കിലും, പ്രസ്തുത പഠനം തെറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ വിളംബരം ചക്രവര്‍ത്തി പുറപ്പെടുവിച്ചു. ചക്രവര്‍ത്തിയുടെ പ്രവര്‍ത്തിയില്‍ കൂപിതനായ വിജിലിയസ് മാര്‍പ്പാപ്പ ചക്രവര്‍ത്തിയുടെ ദൈവശാസ്ത്ര ഉപദേശകനെ സഭാഭ്രഷ്ടനാക്കി. രാജകിയ നടപടിയെ ഭയന്ന മാര്‍പ്പാപ്പ അദ്ദേഹത്തിന്റെ വൈദിക സമൂഹത്തോടൊപ്പം വി. പത്രോസിന്റെയും പൗലോസിന്റെയും ബസിലിക്കയില്‍ അഭയം പ്രാപിച്ചു. എന്നാല്‍ ചക്രവര്‍ത്തിയുടെ സൈന്യം ബസിലിക്കയില്‍ പ്രവേശിച്ച് അള്‍ത്താരയില്‍ അഭയം പ്രാപിച്ച മാര്‍പ്പാപ്പയെ പിടികൂടുകയും തടവുകാരനോടെന്നപ്പോലെ മോശമായി പെരുമാറുകയും ശാരീരികമായി കൈയേറ്റം ചെയ്യുകയും ചെയ്തു. ഏ.ഡി. 551 ഡിസംബറില്‍ ബോസ്‌ഫോറസ് എന്ന സ്ഥലത്തേക്ക് രക്ഷപ്പെട്ട മാര്‍പ്പാപ്പ വിരോധാഭാസമെന്നപ്പോലെ ചാല്‍സിഡണ്‍ സൂനഹദോസ് സമ്മേളിച്ച ചാല്‍സിഡണിലെ വി. യുഫേമിയയുടെ ബസിലിക്കയില്‍ അഭയം പ്രാപിച്ചു.

വിജിലിയസ് മാര്‍പ്പാപ്പയും ചക്രവര്‍ത്തിയും തമ്മില്‍ പരസ്പരമുള്ള ഭീഷണകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഏ.ഡി. 552-ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തന്നെ അനുരജ്ഞനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മടങ്ങുകയും ഒരിക്കല്‍ക്കൂടി പ്രശ്‌നപരിഹാരത്തിനായി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ചക്രവര്‍ത്തിയുമായി ചേര്‍ന്ന് ആരംഭിച്ചു. സിസിലിയിലോ ഇറ്റലിയലോ വെച്ച് കൗണസില്‍ സമ്മേളിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹത്തിനെതിരായി ഏ.ഡി. 553 മെയ് 5-ാം തീയതി കോണ്‍സ്റ്റാന്റിനോപ്പിളില്‍വെച്ച് കൗണ്‍സില്‍ ആരംഭിക്കുമെന്ന് ചക്രവര്‍ത്തി കല്പിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹാഗിയ സോഫിയ കത്തീഡ്രലില്‍ വെച്ച് പ്രസ്തുത കൗണ്‍സില്‍ ആരംഭിച്ചു. എന്നാല്‍ പാശ്ചാത്യ സഭയില്‍ നിന്നുള്ള മെത്രാന്മാരുടെ പ്രാതിനിധ്യം കുറവാണെന്ന കാരണത്താല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മാര്‍പ്പാപ്പ വിട്ടുനിന്നു. മാത്രമല്ല മൂന്ന് അദ്ധ്യായങ്ങള്‍ എന്നറിയപ്പെടുന്ന പഠനങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും മൊപ്പുസേറ്റിയായിലെ തെയോഡോറിനെയൊഴികെ മറ്റു രണ്ടുപേരെയും സഭാഭ്രഷ്ടരാക്കികൊണ്ടുമുള്ള മാര്‍പ്പാപ്പയുടെ ആദ്യത്തെ പ്രാമാണിക പഠനം മെയ് 14-ാം തീയതി കൗണ്‍സിലില്‍ പങ്കെടുക്കാത്ത 16 മെത്രാന്മാര്‍ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ചക്രവര്‍ത്തി മാര്‍പ്പാപ്പയുടെ ഈ പ്രമാണിക പഠനത്തെ നിരാകരിക്കുകയും മാര്‍പ്പാപ്പ ചക്രവര്‍ത്തിയുമായി രഹസ്യമായി നടത്തിയ എഴുത്തുകുത്തുകള്‍ പരസ്യപ്പെടുത്തികൊണ്ട് അദ്ദേഹത്തെ പൊതുസമൂഹമധ്യത്തില്‍ അവഹേളിതനാക്കുകയും ചെയ്തു. പ്രതികാരനടപടി എന്ന നിലയില്‍ ചക്രവര്‍ത്തി മാര്‍പ്പാപ്പയുടെ നാമം വി. കുര്‍ബാനയ്ക്കിടയില്‍ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടിരിക്കുന്നവരുടെ ഇടയില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ താന്‍ വിജിലിയസ് മാര്‍പ്പാപ്പയുമായുള്ള ഐക്യത്തിനാണ് ഭംഗം വരുത്തുന്നതെന്നും എന്നാല്‍ പരിശുദ്ധ സിംഹാസനവുമായി എന്നും ഐക്യത്തിലായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ജസ്റ്റീനിയന്‍ ചക്രവര്‍ത്തി മൂന്ന് അദ്ധ്യായങ്ങള്‍ എന്ന പഠനസംഹിത തെറ്റാണെന്ന് പ്രഖ്യാപിക്കുകയും വിജലിയസ് മാര്‍പ്പാപ്പയുടെ പ്രതിനിധിയായിരുന്ന ഡീക്കനെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. കൗണ്‍സിലിമായി സഹകരിക്കാതിരുന്ന ലത്തീന്‍ മെത്രാന്മാരെ സ്ഥാനഭ്രഷ്ടരാക്കിയശേഷം നാടുകടത്തിയ ചക്രവര്‍ത്തി വിജലിയസിയെയും വീട്ടുതടങ്കലിലാക്കി. ആറുമാസങ്ങള്‍ക്കുശേഷം രോഗബാധിതനായിരുന്ന മാര്‍പ്പാപ്പ ചക്രവര്‍ത്തിയുമായി അനുരജ്ഞനത്തിലേര്‍പ്പെടുന്നതിനായി മൂന്ന് അദ്ധ്യായങ്ങള്‍ എന്ന പഠനത്തെ പിന്തുണച്ചിരുന്ന നിലപാടുകള്‍ പിന്തള്ളുന്നുവെന്നറിയിച്ചുകൊണ്ട് ഏ.ഡി. 53 ഡിസംബര്‍ 8-ാം കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയാര്‍ക്കീസിന് കത്തെഴുതി. എന്നാല്‍ ഇതില്‍ മാത്രം തൃപതനാകാതിരുന്ന ചക്രവര്‍ത്തി ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് അദ്ധ്യായങ്ങള്‍ എന്ന പഠനസംഹിതയെ നിരാകരച്ചുകൊണ്ടുള്ള കൗണ്‍സിലിന്റെ നടപടിയെ അംഗീകരിച്ചുകൊണ്ട് പുതിയ പ്രാമാണിക പഠനം എ.ഡി. 554 ഫെബ്രുവരി 23-ാം തീയതി പുറപ്പെടുവിച്ചു. തുടര്‍ന്ന് വീട്ടുതടങ്കലില്‍നിന് മോചിപ്പിക്കപ്പെട്ട വിജിലിയസ് മാര്‍പ്പാപ്‌യെ ആവശ്യമെങ്കിില്‍ റോമിലേക്ക് മടങ്ങാമെന്ന് അറിയിച്ചു. തന്റെ ആവശ്യം റോമില്‍ തന്റെ ആവശ്യം ഉണ്ടായിരുന്നുവെങ്കിലും മാര്‍പ്പാപ്പ വീണ്ടും ഒരു വര്‍ഷത്തേയ്ക്ക് കോണ്‍സ്റ്റാന്റിനോപ്പിളില്‍ തന്നെ കഴിയുവാന്‍ തീരുമാനിച്ചു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയെ പിന്തുണയ്ച്ചതിനാല്‍ അദ്ദേഹം ഇറ്റലിയില്‍ സഭയ്ക്ക് പ്രത്യേക അവകാശങ്ങളും വിശേഷാധികാരങ്ങളും കല്‍പ്പിച്ചു നല്‍കി.

തുടര്‍ന്നുള്ള വസന്തത്തില്‍ വിജിലിയസ് മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്ന് മടങ്ങുന്ന അവസരത്തില്‍ രോഗം മൂര്‍ഛിച്ച് സിസിലിയിലെ സിറാകൂസ് എന്ന സ്ഥലത്തുവെച്ച് കാലം ചെയ്തു. റോമിലേക്ക് കൊണ്ടുവന്ന മാര്‍പ്പാപ്പയുടെ ഭൗതീകവശിഷ്ടം, അദ്ദേഹം ജനസമ്മതനല്ലായിരുന്നുവെന്ന കാരണത്താല്‍ വി. പത്രോസിന്റെ ബസിലിക്കയില്‍ സംസ്‌കരിക്കാതെ വിയാ സലാറിയായിലുള്ള വി. മാര്‍സെലോയുടെ ദേവാലയത്തില്‍ സംസ്‌കരിച്ചു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.