ക്രൈസ്തവ സന്യാസിനികളുടെ അന്യായമായ അറസ്റ്റ്; ബത്തേരിയിൽ പ്രതിഷേധമിരമ്പി

ക്രൈസ്തവ സന്യാസിനികളുടെ അന്യായമായ അറസ്റ്റ്; ബത്തേരിയിൽ പ്രതിഷേധമിരമ്പി

ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന നടപടിക്കെതിരെ കെ.സി.വൈ.എം, സി. എം. എൽ, കത്തോലിക്കാ കോൺഗ്രസ്, മാതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നു.

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഉന്നതമായ വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും മാന്യമായ വേതനത്തോടുകൂടി ജോലി ചെയ്യാനുള്ള സാഹചര്യവും ഒരുക്കി സംരക്ഷകരായിരുന്ന രണ്ട് മലയാളി പ്രേക്ഷിത സന്യാസിനിമാരെ ബജരംഗ്ദൾ പ്രവർത്തകർ തടഞ്ഞു വെക്കുകയും ചോദ്യം ചെയ്യുകയും അന്യായമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരിക്കുന്നത് ഭാരതത്തിൻറെ മതേതരത്വ ജനാധിപത്യ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ്.

ഇന്ത്യൻ പൗരന് ഭാരതത്തിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നിരിക്കെ മനുഷ്യക്കടത്തുന്ന ദുരാരോപണം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. മാതാപിതാക്കളുടെ അറിവോടെയും അനുവാദത്തോടെയും ആണ് തങ്ങൾ യാത്ര ചെയ്യുന്നത് എന്നാവർത്തിച്ചു പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കാതെ കന്യാസ്ത്രീകൾക്ക് എതിരെ വ്യാജമായ മൊഴിനൽകാൻ പ്രേരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

ഇത്തരം വ്യാജകേസുകൾ റദ്ദു ചെയ്ത് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി എത്രയും പെട്ടെന്ന് ജയിൽ മോചിതരാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അസംപ്ഷൻ ദേവാലയ പരിസരത്തുവെച്ച് പ്രതിഷേധ റാലി ഫൊറോനാ വികാരി ഫാ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രസിഡൻറ് ശ്രീ ജോൺസൺ തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി.

പ്രതിഷേധ റാലിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കെ.സി.വൈ.എം ബത്തേരി മേഖല ഡയറക്ടർ ഫാ. അനീഷ് ആലുങ്കൽ, സിസ്റ്റർ ഡോ. ലിസ് മാത്യു എസ്. എച്ച്, ഫാ. സാം പ്രകാശ്, കെ.സി.വൈ.എം ബത്തേരി മേഖല പ്രസിഡണ്ട് ശ്രീ അമൽ തൊഴുത്തുങ്കൽ, സി. എം. എൽ ബത്തേരി മേഖല പ്രസിഡൻറ് ആൻസിബിൾ വാഴപ്പിള്ളിത്തട്ടിൽ, കത്തോലിക്ക കോൺഗ്രസ് ബത്തേരി ഫൊറോന പ്രസിഡൻ്റ് ഡേവി മാങ്കുഴ, മാതൃവേദി ബത്തേരി മേഖല പ്രസിഡൻ്റ് അൽഫോൻസ പൂവക്കുളം എന്നിവർ സംസാരിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.