തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ്. മഴക്കാലം കൂടി മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 283 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1075 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 401 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 232 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 674 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 96 കടകള്‍ക്ക് നോട്ടീസ് നല്‍കി. എട്ട് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6597 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.
ഈ കാലയളവിലെ 4575 പരിശോനകളാണ് നടത്തിയത്. 101 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 707 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 151 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു.
ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിര്‍ത്തുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്. അതിനായി തുടര്‍ച്ചയായി പരിശോധനകള്‍ നടത്തണം. കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. അടപ്പിച്ച കടകള്‍ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും നടത്തുക. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സുരക്ഷ തേടാവുന്നതാണ്. ഓപ്പറേഷന്‍ മത്സ്യ വഴി നല്ല രീതിയില്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകള്‍ വഴി മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞു. അതിന് പിന്നാലെ ഓപ്പറേഷന്‍ ജാഗറി രൂപീകരിച്ചു. അതിലും നല്ല പ്രതികരണമുണ്ടായിയെന്ന് മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.