അറുപതാം മാർപാപ്പ പെലെജിയസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-61)

അറുപതാം മാർപാപ്പ പെലെജിയസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-61)

വി. പത്രോസിന്റെ പിന്‍ഗാമിയായുള്ള തന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാല്‍ കളങ്കിതമായിരുന്നു തിരുസഭയുടെ അറുപതാമത്തെ മാര്‍പ്പാപ്പയായ പെലെജിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം. തന്റെ മുന്‍ഗാമിയായ വിജലിയസ് മാര്‍പ്പാപ്പ കാലം ചെയ്തപ്പോള്‍ ഡീക്കനായിരുന്ന പെലെജിയസ് കോണ്‍സ്റ്റാന്റിനോപ്പിളിലെ അപ്പസ്‌തോലിക നൂണ്‍ഷ്യോയായിരുന്നു. വിജിലിയസ് മാര്‍പ്പാപ്പ കാലം ചെയ്തപ്പോള്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തിരുസഭയുടെ പുതിയ മാര്‍പ്പാപ്പയായി നിയമിച്ച വ്യക്തി എന്ന അധികാരത്തോടെ പെലെജിയസ് റോമിലേക്ക് മടങ്ങി. എന്നാല്‍ തിരഞ്ഞെടുപ്പുകൂടാതെ പെലെജിയസിനെ മാര്‍പ്പാപ്പയായി അംഗീകരക്കുന്നതില്‍ റോമിലെ സഭാനേതൃത്വവും വൈദികസമൂഹവും അസന്തുഷ്ടരായിരുന്നു. അതിനാല്‍ തന്നെ റോമിലെത്തിയപ്പോള്‍ സഭാനേതൃത്വത്തിന്റെയും വിശ്വാസികളുടെയും പക്കല്‍നിന്ന് കടുത്ത എതിര്‍പ്പാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. പെലെജിയസിന്റെ തിരഞ്ഞെടുപ്പ് ശരിയായ മാര്‍ഗ്ഗത്തിലൂടെയല്ലാതിരുന്നതിനാല്‍ അനേകം സന്യാസികളും ഉന്നത കുലജാതരും വൈദികരും അദ്ദേഹത്തിന് വിധേയത്വം പ്രകടിപ്പിക്കുവാന്‍ പരസ്യമായി വിസ്സമ്മതിച്ചു. മെത്രാന്മാരാരും മാര്‍പ്പാപ്പയായി പെലെജിയസിനെ അഭിഷേകം ചെയ്യുവാന്‍ തയ്യാറാകാത്തതിനാല്‍ അദ്ദേഹത്തിന്റെ അഭിഷേകം മസങ്ങളോളം വൈകി. പിന്നീട്, മാര്‍പ്പാപ്പയെ അഭിഷേകം ചെയ്യുന്നതിന് അധികാരമുള്ള ഒസ്തിയായിലെ മെത്രാനെ പ്രതിനിധികരിച്ച ഒരു വൈദികന്റെ സാന്നിധ്യത്തില്‍ ഏ.ഡി. 556 ഏപ്രില്‍ 16-ാം തീയതി കേവലം രണ്ടു മെത്രാന്മാരാല്‍ പെലെജിയസ് ആദ്യം വൈദികാനായി അഭിഷിക്തനാവുകയും തുടര്‍ന്ന് മാര്‍പ്പാപ്പയായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.

വിജിലിയസ് മാര്‍പ്പാപ്പയുടെ മരണത്തിന് കാരണഭൂതരായവരില്‍ ഒരാള്‍ പെലെജിയസ് മാര്‍പ്പാപ്പയാണ് എന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, 'മൂന്ന് അദ്ധ്യായങ്ങള്‍' എന്ന പഠനസംഹിതയെ സംബന്ധിച്ച നിലപാടില്‍ പെലെജിയസ് നടത്തിയ മലക്കംമറച്ചില്‍ മൂലം അദ്ദേഹം പാശ്ചാത്യസഭയില്‍ വ്യപാകമായി വിമര്‍ശിക്കപ്പെട്ടു. മോണോഫിസിറ്റിസം പാഷണ്ഡതയ്ക്ക് എതിരായിരുന്ന ദൈവശാസ്ത്രജ്ഞരായ മൊപ്പുസെറ്റിയായിലെ തെയോഡോര്‍, സൈറഹ്‌സിലെ തെയോഡൊറെറ്റ്, എഡെസ്സയിലെ ഇബാസ് എന്നിവരെ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി സ്ഥാനഭ്രഷ്ടരാക്ക നടപടിയെ എതിര്‍ത്തിരുന്ന പെലെജിയസ് ചക്രവര്‍ത്തിയുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് പിന്നീട് അവരുടെ മേലുള്ള ചക്രവര്‍ത്തിയുടെ നടപടിയെ അനുകൂലിച്ചു. എന്നാല്‍, താന്‍ മാര്‍പ്പാപ്പയായി അഭിഷിക്തനായയുടനെ പെലെജിയസ് മാര്‍പ്പാപ്പ സഭയിലെ ആദ്യ സാര്‍വത്രിക സൂനഹദോസുകളായ നിഖ്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, എഫേസോസ്, ചാല്‍സിഡണ്‍ സൂനഹദോസുകളോടുള്ള പരിപൂര്‍ണ്ണമായ വിധേയത്വം പരസ്യമായി ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ മുന്‍ഗാമിയായ വിജിലിയസ് മാര്‍പ്പാപ്പയ്ക്ക് താന്‍ ഉപദ്രവമൊന്നും ചെയ്തിട്ടില്ലായെന്ന് അദ്ദേഹം വി. കുരിശിനെയും സുവിശേഷഗ്രന്ഥത്തെയും തൊട്ടുകൊണ്ട് ശപഥം ചെയ്യുകയും ചെയ്തു.

തുടര്‍ച്ചയായ യുദ്ധങ്ങള്‍മൂലം കലുഷിതമായിരുന്ന ഇറ്റലിയിലും റോമിലും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പെലെജിയസ് മാര്‍പ്പാപ്പ പ്രത്യേക ഊന്നല്‍ കൊടുത്തു. ദാരിദ്ര്യത്തിനും ക്ഷാമത്തിനും അറുതി വരുത്തുന്നതിനും യുദ്ധതടവുകാരായി പിടച്ചുകൊണ്ടുപോയവരെ മോചിപിക്കുന്നതിനുമായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. മാത്രമല്ല പേപ്പല്‍ സമ്പത്ത് വ്യവസ്ഥതിയെ പരിഷ്‌കരിക്കുന്നതിനോടൊപ്പം അദ്ദേഹം ഇറ്റലി, ഗൗള്‍, ഡാല്‍മേഷ്യ, വടക്കെ ആഫ്രിക്ക എന്നിവിടങ്ങളെിലെ പേപ്പല്‍ സ്വത്തുവകകളില്‍ നിന്നുള്ള വരുമാനം പാവങ്ങള്‍ക്കു വീതിച്ചു നല്‍കി. പണം കൊടുത്ത് ആദ്ധ്യാത്മിക വരങ്ങളും സഭയില്‍ സ്ഥാനമാനങ്ങളും സ്വന്തമാക്കുകയും സഭാധികാരികള്‍ അവയെ വില്‍ക്കുകയും ചെയ്യുന്ന വഴക്കത്തനെതിരായും വൈദികര്‍ക്കിടയിലെ അഴിമതിക്കെതിരായും മാര്‍പ്പാപ്പ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അത്തരം വ്യവസ്ഥതികളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുകയും ചെയ്തു.

തിരുസഭയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും സഭയുടെ ഉന്നമനത്തിനുമായി പെലെജിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ തന്റെ ഭരണകാലത്ത് പ്രയത്‌നിച്ചുവെങ്കിലും റോമിലും റോമിനു പുറത്തുള്ള സഭാസമൂഹങ്ങള്‍ അദ്ദേഹത്തിന്റെ അപ്പസ്‌തോലിക അധികാരത്തെ അംഗീകരിക്കുവാന്‍ തയ്യാറായിരുന്നില്ല. വെറുപ്പോടെയും ശത്രുതാമനോഭാവത്തോടെയുമാണ് സഭാനേതൃത്വവും ജനങ്ങളും അദ്ദേഹത്തെ കണ്ടിരുന്നത്. 'മൂന്ന് അദ്ധ്യായങ്ങള്‍' എന്ന പഠനസംഹിതയെ സംബന്ധിച്ച് പെലെജിയസ് എടുത്ത നിലപാടുകള്‍ കാരണം പ്രമുഖ രൂപതകളായ മിലാനിലെയും അക്വീലായിലെയും മെത്രാന്മാര്‍ പെലെജിയസ് മാര്‍പ്പാപ്പയോടുള്ള വിധേയത്വം പ്രകടിപ്പിക്കുന്നതിന് വിസ്സമ്മതിച്ചു. ഇതേകാരണത്താല്‍, ഗൗളിലെ സഭാസമൂഹം അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുവാനോ അംഗീകരിക്കുവാനോ തയ്യാറായില്ല.

മാര്‍പ്പാപ്പയായി അഭിഷിക്തനാവുമ്പോള്‍ തന്നെ വയോധികനായിരുന്ന പെലെജിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏകദേശം അഞ്ചു വര്‍ഷത്തോളം സഭയെ നയിച്ചു. ഏ.ഡി. 561 മാര്‍ച്ച് 4-ാം തീയതി അദ്ദേഹം കാലം ചെയ്യുകയും വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.