ന്യൂഡല്‍ഹി: ഇന്ധനത്തിനുള്ള എക്‌സൈസ് തീരുവയില്‍ പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറുരൂപയും കുറച്ച് കേന്ദ്ര സര്‍ക്കാരിന്റെ തലോടല്‍. ഇതനുസരിച്ച് കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പുതുക്കിയ വില ഇന്നു രാവിലെ ആറിന് പ്രാബല്യത്തില്‍ വന്നു.
ഇന്ധന വിലയില്‍ അടിക്കടി വരുത്തിയ വര്‍ധന കാരണം പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചു നിറുത്തുകയാണ് ലക്ഷ്യം. കേരളം നികുതി കുറച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര വിലയ്ക്ക് ആനുപാതികമായി കേരളത്തിന്റെ നികുതിത്തുകയില്‍ കുറവ് വരും. ഇത്തരത്തില്‍ പെട്രോളിന് 2.40 രൂപയും ഡീസലിന് 1.36 രൂപയും കുറയുന്നത് അടക്കമാണ് പുതിയ വില.
പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ എടുത്തവര്‍ക്ക് മാത്രം സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കും. വര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് ഇതു ബാധകം. അധിക സിലിണ്ടറിന് വിപണി വില നല്‍കണം. കേരളത്തില്‍ 1.35 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. സിലിണ്ടര്‍ വാങ്ങുമ്പോള്‍ വിപണി വില നല്‍കണം. 200 രൂപ സബ്‌സിഡി പിന്നീട് ബാങ്ക് അക്കൗണ്ടില്‍ കേന്ദ്രം ലഭ്യമാക്കും.
2020 മേയിലാണ് കേന്ദ്രം എല്‍.പി.ജി സബ്‌സിഡി നിറുത്തലാക്കിയത്. സിലിണ്ടര്‍വില 589 രൂപയായി കുറഞ്ഞ പശ്ചാത്തലത്തിലായിരുന്നു അത്. പ്‌ളാസ്റ്റിക്, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറച്ചു. ചില സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി ചുങ്കം ചുമത്താനും തീരുമാനിച്ചു. സിമന്റ് ക്ഷാമം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. നിര്‍മ്മാണ മേഖലയ്ക്ക് ഈ നടപടികള്‍ ഉത്തേജനം നല്‍കും.
പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഗ്യാസ് സബ്‌സിഡി വഴി കേന്ദ്ര സര്‍ക്കാരിന് 6100 കോടി രൂപയാണ് സാമ്പത്തിക ബാധ്യതയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2021 നവംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.