ലോകത്ത് നിര്‍ബന്ധിത പലായനം ചെയ്യപ്പെടുന്നവരുടെ എണ്ണം 100 ദശലക്ഷം പിന്നിട്ടതായി ഐക്യരാഷ്ട്ര സഭ ഏജന്‍സി

ലോകത്ത് നിര്‍ബന്ധിത പലായനം ചെയ്യപ്പെടുന്നവരുടെ എണ്ണം 100 ദശലക്ഷം പിന്നിട്ടതായി ഐക്യരാഷ്ട്ര സഭ ഏജന്‍സി

ജനീവ: ജനിച്ച മണ്ണും വീടും നാടും ഉപേക്ഷിച്ച് അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യപ്പെടുന്നവരുടെ എണ്ണം നൂറ് ദശലക്ഷം പിന്നിട്ടതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍)യുടെ റിപ്പോര്‍ട്ട്. റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധവും തീവ്രവാദ ആക്രമണങ്ങളും, സംഘര്‍ഷം, അക്രമം, മനുഷ്യാവകാശ ലംഘനം, പീഡനം, പട്ടിണി എന്നിവ മൂലവും ഈ വര്‍ഷം മാത്രം 10 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് അത്യന്തം ഗുരുതരമായ അവസ്ഥയാണെന്നാണ് യുഎന്‍എച്ച്‌സിആര്‍ ന്റെ വിലയിരുത്തല്‍. അന്താരാഷ്ട്ര സമൂഹം കണ്ണുതുറക്കേണ്ട സ്ഥിതിവിശേഷമാണിത്. നിര്‍ബന്ധിത പലായനത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ നടപടി ആവശ്യമാണെന്നും അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

നൂറ് ദശലക്ഷം എന്നത് കണക്കില്‍പ്പെട്ട സംഖ്യയാണ്. കണക്കില്‍ പെടാത്ത എത്രയോ പലായനങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയുന്നതിനും പലായനം ചെയ്യപ്പെടേണ്ടിവരുന്ന അടിസ്ഥാന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതിനും റിപ്പോര്‍ട്ട് ഒരു ആഹ്വാനമായി കാണാമെന്നും ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ആറ് ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളും എട്ട് ദശലക്ഷം ഉക്രെയ്ന്‍ ജനതയും ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് 40 ദശലക്ഷത്തിലധികം ആളുകള്‍ പല രാജ്യങ്ങളില്‍ നിന്നായി പലായനം ചെയ്യപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബുര്‍ക്കിന ഫാസോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, മ്യാന്‍മര്‍, നൈജീരിയ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെയും അമേരിക്കയുടെ കുടിയേറ്റ നയത്തിന്റെയും ഫലമായി 2021 അവസാനത്തോടെ നിര്‍ബന്ധിത പലായനക്കാരുടെ എണ്ണം 90 ദശലക്ഷത്തിലെത്തിയിരുന്നു. 2021 പകുതിയോടെ തന്നെ ആഗോളതലത്തില്‍ 84 ദശലക്ഷം കവിഞ്ഞു.



കോവിഡ് -19 പാന്‍ഡെമിക്, ദുരന്തങ്ങള്‍, തീവ്ര കാലാവസ്ഥ, കാലാവസ്ഥാ തകര്‍ച്ചയുടെ മറ്റ് ഫലങ്ങള്‍ എന്നിവ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് (71,800), ദക്ഷിണ സുഡാന്‍ (61,700), സിറിയ (38,800), അഫ്ഗാനിസ്ഥാന്‍ (25,200), നൈജീരിയ (20,300) എന്നിവിടങ്ങളിലാണ് പലായനം കൂടുതല്‍. തുര്‍ക്കി (3,696,800), കൊളംബിയ (1,743,900), ഉഗാണ്ട (1,475,300) എന്നിങ്ങനെയാണ് പലായനം ചെയ്യപ്പെടുന്ന ആളുകള്‍ക്ക് അഭയം നല്‍കുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍.

അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ സമാധാനം പുലര്‍ത്തുക മാത്രമാണ് ഏക പോംവഴി. പ്രാദേശിക, ദേശീയ തലത്തില്‍ നിന്നുള്ള വിവരങ്ങള്‍കൂടി ചേര്‍ത്ത് ജൂണ്‍ 16ന് അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.