കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13,897 വോട്ടുകളാണ് തൃക്കാക്കരയില്‍ ട്വന്റി-20 നേടിയത്. പി.ടി തോമസിന്റെ ഭൂരിപക്ഷം 14,329 വോട്ടുകളാണ്. എന്നു വച്ചാല്‍ ട്വന്റി-20 പിടിച്ച വോട്ടുകളെക്കാള്‍ വെറും 432 വോട്ടുകള്‍ മാത്രം കൂടുതല്‍. ഈയൊരു നിര്‍ണായകതയാണ് മുന്നണികളുടെ പ്രത്യേകിച്ച് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നത്.
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പുതിയ പരീക്ഷണമായി പിറവിയെടുത്ത ട്വന്റി-20 എന്ന ജനകീയ കൂട്ടായ്മയെ അരാഷ്ട്രീയ വാദികളെന്ന് മുദ്ര കുത്തിയ ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ തൃക്കാക്കര കയറാന്‍ തിരിഞ്ഞു നോക്കുന്നത് കിഴക്കമ്പലത്തേക്ക്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് ട്വന്റി-20 വികസന മുന്നണി രൂപീകരിച്ചിരുന്നു. ആംആദ്മിക്ക് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ കാര്യപ്പെട്ട സ്വാധീനമില്ലെങ്കിലും ട്വന്റി-20 നിര്‍ണായക ശക്തിയാണ്. 'ഒരു മുന്നണിയെയും സഹായിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനസാക്ഷി വോട്ട് ചെയ്യാം' എന്ന ട്വന്റി-20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രസ്താവന വന്നതോടെ മുന്നണി നേതാക്കള്‍ അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
ട്വന്റി-20 യുടെ നിലപാട് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അവകാശപ്പെട്ടപ്പോള്‍ യുഡിഎഫിനാണ് അത് കൂടുതല്‍ ഉപകാരപ്പെടുക എന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ട്വന്റി-20 വോട്ടില്‍ ബിജെപിയും അവകാശ വാദം ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13,897 വോട്ടുകളാണ് തൃക്കാക്കരയില്‍ ട്വന്റി-20 നേടിയത്. പി.ടി തോമസിന്റെ ഭൂരിപക്ഷം 14,329 വോട്ടുകളാണ്. എന്നു വച്ചാല്‍ ട്വന്റി-20 പിടിച്ച വോട്ടുകളെക്കാള്‍ വെറും 432 വോട്ടുകള്‍ മാത്രം കൂടുതല്‍. ഈയൊരു നിര്‍ണായകതയാണ് മുന്നണികളുടെ പ്രത്യേകിച്ച് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നത്.
തൃക്കാക്കരയില്‍ ട്വന്റി-20 - ആംആദ്മി സഖ്യ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നാണ് ഏവരും ധരിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന അവരുടെ പ്രഖ്യാപനം വന്നതോടെ മുന്നണികളുടെ നോട്ടം കിഴക്കമ്പലത്തേക്കായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കള്‍ പല രാഷ്ട്രീയ സൂത്രവാക്യങ്ങളും നീക്കുപോക്ക് സമവായങ്ങളുമായി ട്വന്റി-20 നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ ആരോടും സന്ധി ചെയ്യാതെ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊണ്ട് കൃത്യമായ രാഷ്ട്രീയ നീക്കമാണ് ട്വന്റി-20 നേതൃത്വം നടത്തിയത്.
ട്വന്റി-20, ആംആദ്മി വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴും?
മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തതോടെ നിര്‍ണായകമായി മാറിയ ട്വന്റി-20, ആംആദ്മി വോട്ടുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമായി ലഭിക്കില്ല എന്നുറപ്പാണ്. വിഘടിച്ചു പോകുന്ന വോട്ടുകളില്‍ കൂടുതല്‍ ആര് നേടും എന്നതാണ് ചോദ്യം. സ്വന്തം സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ട്വന്റി-20 യുടെ മുഴുവന്‍ വോട്ടുകളും ഇത്തവണ പോള്‍ ചെയ്യപ്പെടാന്‍ സാധ്യത കുറവാണ്. കാരണം ട്വന്റി-20 എന്നത് അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഒരു രാഷ്ട്രീയ സംവിധാനം മാത്രമല്ല. ഒരു വികാരം കൂടിയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി ഇല്ലാത്ത സ്ഥിതിക്ക് എന്തിന് വോട്ട് ചെയ്യണം എന്നു ചിന്തിക്കുന്ന പ്രവര്‍ത്തകരുണ്ട്.
ട്വന്റി-20 യുമായി രാഷ്ട്രീയ വൈരാഗ്യമൊന്നും ഇല്ലെങ്കിലും മണ്ഡലത്തില്‍ ബിജെപിക്ക് ജയ സാധ്യത കുറവായതിനാല്‍ ട്വന്റി-20 യുടെ അധികം വോട്ടുകള്‍ എ.എന്‍ രാധാകൃഷ്‌നന് കിട്ടാനിടയില്ല. പിന്നീട് ക്യൂവിലുള്ളത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസുമാണ്.
രണ്ട് മുന്നണികളുമായി ട്വന്റി-20 യും അതിന്റെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബും തീര്‍ത്തും രസത്തിലല്ല. ഈ സാഹചര്യത്തില്‍ രണ്ട് 'പൊതു ശത്രു'ക്കളില്‍ ആരാണ് കൂടുതല്‍ സ്വീകാര്യര്‍ എന്നതാണ് വിലയിരുത്തപ്പെടേണ്ടത്. രണ്ട് കാരണങ്ങളാല്‍ വ്യക്തിപരമായി ഉമാ തോമസിന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ട്വന്റി-20 വോട്ടുകള്‍ ഡോ.ജോ ജോസഫിന് ലഭിക്കാനിടയുണ്ട്.
ഒന്ന്: എറണാകുളത്തെ പ്രശസ്തമായ ലിസി ആസുപത്രിയിലെ പ്രമുഖനായ ഹൃദയ ശസ്ത്രക്രീയ വിദഗ്ധനാണ് അദ്ദേഹം. മാത്രമല്ല, ചില സാമൂഹ്യ, സന്നദ്ധ സംഘടനകളില്‍ അംഗമായ അദ്ദേഹത്തിന് മണ്ഡലത്തില്‍ തരക്കേടില്ലാത്ത വ്യക്തി ബന്ധങ്ങളുണ്ട്.
രണ്ട്: യുഡിഎഫുമായി, പ്രത്യേകിച്ച് കോണ്‍ഗ്രസുമായി ട്വന്റി-20 നിരന്തര ഏറ്റുമുട്ടലിലായിരുന്നുവെങ്കിലും അത് ഒട്ടൊന്ന് ശമിച്ചു നിന്ന അവസരത്തിലാണ് കടമ്പ്രയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് തൃക്കാക്കര എംഎല്‍എ ആയിരുന്ന പി.ടി തോമസ് സാബു എം ജേക്കബുമായി നേരിട്ട് ഏറ്റുമുട്ടിയത്. പിന്നീട് ഇരുവരും പത്രസമ്മേളനങ്ങള്‍ വിളിച്ച് പരസ്പര വെല്ലുവിളികള്‍ തന്നെ നടത്തിയിരുന്നു. പി.ടി തോമസിന്റെ ഭാര്യയാണ് ഉമ എന്നത് ട്വന്റി-20 യ്ക്ക് അല്‍പ്പം സ്വീകാര്യതക്കുറവിന് കാരണമായേക്കാം.
എന്നാല്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ട്വന്റി-20 വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നതെങ്കില്‍ അത് തീര്‍ച്ചയായും ഗുണം ചെയ്യുക യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനായിരിക്കും. കാരണം രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സാബു എം ജേക്കബിന്റെ വ്യവസായ സ്ഥാപനമായ കിഴക്കമ്പലത്തെ കിറ്റക്‌സ് ഗാര്‍മെന്‍സില്‍ അമ്പതിലധികം പരിശോധനകളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയത്.
ഇതില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ തുടങ്ങാനിരുന്ന കിറ്റക്‌സിന്റെ 1000 കോടിയുടെ പുതിയ വ്യവസായ യൂണിറ്റ് തെലങ്കാനയിലേക്ക് മാറ്റിയത്. ഇതേച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനു പിന്നാലെയാണ് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപു എന്ന ദളിത് യുവാവിന്റെ കൊലപാതകം.
കേസില്‍ സ്ഥലം എംഎല്‍എ സിപിഎമ്മിലെ പി.വി ശ്രീനിജനെതിരെ ആരോപണമുയരുകയും പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരികയും ചെയ്തതോടെ ഇടത് മുന്നണിയുമായുള്ള ട്വന്റി-20 യുടെ ശത്രുത നേതാക്കളില്‍ നിന്ന് പ്രവര്‍ത്തകരിലേക്കും വ്യാപിച്ചു.
പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായുള്ള ശത്രുതയേക്കാള്‍ സിപിഎമ്മുമായി വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ട്വന്റി-20 പ്രവര്‍ത്തകരുടെ മനസാക്ഷി ഇടതിനൊപ്പമാകാനുള്ള സാധ്യത വളരെ കുറവാണ്.
മാത്രമല്ല, പിണറായി സര്‍ക്കാരിനെയും കെ റെയില്‍ അടക്കമുള്ള വികസന നയങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന ഇരട്ടത്താപ്പിനെയും കഴിഞ്ഞ ദിവസവും രൂക്ഷമായി വിമര്‍ശിച്ച സാബു എം ജേക്കബ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി-20 യുടെ മനസ് ആര്‍ക്കൊപ്പമാണെന്ന് പറയാതെ പറഞ്ഞിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.