ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയില്‍ ഇത്തവണ ആറ് ഏഷ്യക്കാര്‍; മലയാളികള്‍ ഇനിയും കാത്തിരിക്കണം

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയില്‍ ഇത്തവണ ആറ് ഏഷ്യക്കാര്‍; മലയാളികള്‍ ഇനിയും കാത്തിരിക്കണം

യു.എസ്, ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമുറപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇക്കാര്യത്തില്‍ പിന്നിലാണെന്ന് വിലയിരുത്തപ്പെടുന്നു

കാന്‍ബറ: കുടിയേറ്റ രാജ്യമായാണ് ഓസ്‌ട്രേലിയയെ വിശേഷിപ്പിക്കുന്നതെങ്കിലും ആ സാംസ്‌കാരിക വൈവിധ്യം പ്രതിഫിലിപ്പിക്കാന്‍ ഫെഡറല്‍ പാര്‍ലമെന്റിന് കൃത്യമായി കഴിഞ്ഞിട്ടില്ല എന്നത് ഏറെക്കാലമായി രാജ്യം നേരിടുന്ന വിമര്‍ശനമാണ്. എന്നാല്‍ ഇപ്രാവശ്യം പൊതു തെരഞ്ഞെടുപ്പില്‍ ഏഷ്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ അണിനിരത്തിയാണ് പ്രമുഖ പാര്‍ട്ടികള്‍ ആ വിമര്‍ശനം മറികടന്നത്. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാനും എല്ലാ വിഭാഗം വോട്ടര്‍മാരെയും ആകര്‍ഷിക്കാനുമുള്ള പാര്‍ട്ടികളുടെ ഈ നീക്കം ഫലം കണ്ടു എന്നുവേണം വിലയിരുത്താന്‍.

സാംസ്‌കാരികമായും ഭാഷാപരമായും വ്യത്യസ്തരായ ജനപ്രതിനിധികള്‍ ഇക്കുറി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇടംപിടിച്ചു. നിരവധി ഏഷ്യന്‍ വംശജര്‍ മികച്ച വിജയത്തോടെ സഭയിലെത്തിലെത്തിയെങ്കിലും മലയാളികളുടെ പ്രാതിനിധ്യത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

ബ്രിട്ടീഷ് വംശജരാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതലുള്ളത്. രണ്ടാമത് ചൈനീസ് വംശജരും മൂന്നാമത് ഇന്ത്യക്കാരുമാണ്. ഏഴു ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്.

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി നേതൃത്വം നല്‍കുന്ന പാര്‍ലമെന്റില്‍ ഏഷ്യന്‍ വംശജരുടെ പ്രാതിനിധ്യം ഇക്കുറി റെക്കോര്‍ഡാണ്. ഡെയ് ലെ, സാം ലിം, മിഷേല്‍ ആനന്ദ-രാജ, സനെറ്റ മസ്‌കരനാസ്, സാലി സിറ്റോ, കസാന്ദ്ര ഫെര്‍ണാണ്ടോ എന്നീ ആറ് ഏഷ്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി ജനപ്രതിനിധി സഭയിലേക്കു വിജയിച്ചത്. സെനറ്റിലെ പ്രാതിനിധ്യം കൂടി പരിഗണിക്കുമ്പോള്‍ എട്ടിലധികം ഏഷ്യന്‍ വംശജര്‍ വരും.

2016-ലെ സെന്‍സസ് അനുസരിച്ച്, ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം പേര്‍ ഏഷ്യന്‍ വംശജരാണ്. 2.8 ശതമാനം പേര്‍ ഇന്ത്യക്കാരും. എന്നാല്‍ 2019-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഷ്യന്‍ വംശജരായ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കസാന്ദ്ര ഫെര്‍ണാണ്ടോ ശ്രീലങ്കയില്‍ ജനിച്ച് 11 വയസുള്ളപ്പോള്‍ മെല്‍ബണിലേക്ക് കുടിയേറിയതാണ്. സനെറ്റ മസ്‌കരേനസ് ഗോവന്‍ ദമ്പതികളുടെ മകളാണ്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കല്‍ഗൂളിയിലാണ് ഇവര്‍ ജനിച്ചത്.

വിയറ്റ്‌നാം സ്വദേശിനിയാണ് സാം ലിം. യുദ്ധത്തില്‍ തകര്‍ന്ന വിയറ്റ്‌നാമില്‍ നിന്ന് പലായനം ചെയ്താണ് ഇവര്‍ ഓസ്‌ട്രേലിയയിലെത്തിയത്.

തദ്ദേശീയരായ അബോര്‍ജിനുകള്‍ വളരെ അപൂര്‍വമായി മാത്രമാണ് പാര്‍ലമെന്റില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ആറ് അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇക്കുറി അബോര്‍ജിനുകളായ ജാന സ്റ്റുവര്‍ട്ട്, ജസീന്ത പ്രൈസ്, മരിയന്‍ സ്‌ക്രിപ്ഗോര്‍, ഗോര്‍ഡന്‍ റീഡ് എന്നിവരാണ് വിജയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ വേരുകളുള്ള മുസ്ലീമും ലേബര്‍ സ്ഥാനാര്‍ത്ഥിയുമായ ഫാത്തിമ പേമാനും പാര്‍ലമെന്റിലെത്തും. കുടിയേറ്റം, തീവ്രവാദം അടക്കമുള്ള വിഷയങ്ങളില്‍ പുതിയ ജനപത്രിനിധികളുടെ നിലപാടുകള്‍ നിര്‍ണായകമാകും.

ഇന്ത്യക്കാര്‍ ഇനിയും കാത്തിരിക്കണം

അതേസമയം തങ്ങളുടെ പ്രതിനിധികള്‍ ആരും പാര്‍ലമെന്റിലേക്കു വിജയിക്കാതിരുന്നത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജനവിഭാഗമായ ഇന്ത്യക്കാര്‍ക്ക് നിരാശയായി.

ആറു പഞ്ചാബികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും വിജയിക്കാനായില്ല. കനേഡിയന്‍, ബ്രിട്ടന്‍ പാര്‍ലമെന്റുകളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച പഞ്ചാബികള്‍ക്കും ജനങ്ങളുടെ പ്രീതി സമ്പാദിക്കാനായില്ല.

സിറ്റിംഗ് എംപിയും ലിബറല്‍ പാര്‍ട്ടി അംഗവും ദേവാനന്ദ് ശര്‍മ്മയായിരുന്നു ഇന്ത്യന്‍ സ്ഥാനാര്‍ത്ഥികളിലെ പ്രമുഖന്‍. 2019-ലെ തെരഞ്ഞെടുപ്പിലൂടെ രാജ്യത്തെ ഫെഡറല്‍ പാര്‍ലമെന്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരുന്നു ദേവ്. ന്യൂ സൗത്ത് വെയില്‍സിലെ വെന്റ് വര്‍ത്ത് സീറ്റിലാണ് ഇദ്ദേഹം ജനവിധി തേടിയത്. എന്നാല്‍ വിജയത്തുടര്‍ച്ച നേടാന്‍ ദേവിനു കഴിഞ്ഞില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത് എന്നത് പരാജയത്തിന്റെ കയ്പ്പ് വര്‍ധിപ്പിക്കുന്നു.


ദേവാനന്ദ് ശര്‍മ്മ

നയതന്ത്ര തലത്തില്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം ഓസ്‌ട്രേലിയ പുലര്‍ത്തുന്നുണ്ടെങ്കിലും യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയത്തിന് വലിയ പ്രിയം നേടാനായിട്ടില്ല. ജനസംഖ്യ വളരെക്കുറവായ ശ്രീലങ്കന്‍ വംശജരുടെ പ്രതിനിധി പോലും പാര്‍ലമെന്റില്‍ ഇടം നേടിയത് ഇന്ത്യക്കാരുടെ നിരാശവര്‍ധിപ്പിക്കുന്നു.

2010-ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ ലിസ സിംഗ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടാസ്മാനിയ സംസ്ഥാനത്തു നിന്നാണ് ലിസ സിംഗ് സെനറ്ററായത്. ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന അവര്‍ നേരത്തെ ടാസ്മാനിയന്‍ ഹൗസ് ഓഫ് അസംബ്ലിയില്‍ അംഗമായിരുന്നു. തെരഞ്ഞെടുപ്പില്‍ തന്റെ നിറം എതിരാളികള്‍ പ്രചാരണ വിഷയമാക്കിയതായി ലിസ സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്.


ലിസ സിംഗ്

മെല്‍ബണ്‍ സര്‍വകലാശാലയിലെ ഓസ്ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ഇപ്പോള്‍ ലിസ സിംഗ്. മനുഷ്യാവകാശം, നീതി, ബഹുസ്വരത, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംരക്ഷണത്തിനായി ലിസ സിംഗ് ശക്തമായി വാദിച്ചിട്ടുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര ബന്ധത്തിന്റെ വക്താവുമാണവര്‍. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലിസയ്ക്കു ലഭിച്ചിട്ടുണ്ട്.

ലിസ സിംഗിനു ശേഷം ഇന്ത്യന്‍ വംശജരായ വനിതകളാരും ഫെഡറല്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

സംസ്ഥാന ജനപ്രതിനിധി സഭകളില്‍ ഇന്ത്യക്കാര്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഫെഡറല്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്നതിന്റെ കാരണം ലിസ വ്യക്തമാക്കുന്നത് ശ്രദ്ധേയമാണ്.

പ്രായമാണ് ഒരു ഘടകം. ഓസ്‌ട്രേലിയയിലേക്കു കുടിയേറുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. സുദീര്‍ഘമായ രാഷ്ട്രീയ പാരമ്പര്യമില്ലാത്തത് ഇവര്‍ക്കു വിനയാകുന്നു. പ്രാദേശിക സര്‍ക്കാര്‍ തലത്തിലും കൗണ്‍സില്‍ തലത്തിലും യുവാക്കള്‍ വരുന്നുണ്ടെങ്കിലും ഫെഡറല്‍ പാര്‍ലമെന്റ് തലത്തിലേക്കുയരുന്ന വിധത്തില്‍ രാഷ്ട്രീയജീവിതം കെട്ടിപ്പടുക്കാത്തതു മറ്റൊരു കാരണമാണ്. ഇക്കാര്യത്തില്‍ യു.എസ്. സര്‍ക്കാര്‍ മാതൃകയാണെന്നു ലിസ പറയുന്നു. ബൈഡന്‍ സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനം വരെയെത്തിയപ്പോള്‍ ഇത്തരമൊരു മുന്നേറ്റം ഓസ്‌ട്രേലിയയില്‍ ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.