ന്യൂഡല്‍ഹി: പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസ് എന്നതിനു പകരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് ഉറപ്പിച്ചു പറയണമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യക്കാരുടേതാണെന്നും സ്വാതന്ത്ര്യത്തിനായി പൊരുതിയ പാര്‍ട്ടിയാണെന്നുമുള്ള കാര്യങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ പാര്‍ട്ടിയുടെ മുഴുവന്‍ പേര് ഓര്‍മിപ്പിക്കണമെന്നാണ് വിശദീകരണം.
രാജസ്ഥാനില്‍ വെച്ചു നടന്ന ചിന്തന്‍ ശിബിറിനു പിന്നാലെയാണ് നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുടെ രാജ്യസ്‌നേഹവും ദേശീയത സംബന്ധിച്ച നിലപാടും ചോദ്യം ചെയ്യുകയാണെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ത്യക്കാരുടെ പാര്‍ട്ടിയാണെന്ന് ഉറപ്പിച്ചു പറയാന്‍ നേതാക്കളെ പാര്‍ട്ടി നിര്‍ബന്ധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു പുറമെ പൊതുജനങ്ങളുമായി നടത്തുന്ന ആശയ വിനിമയം സംബന്ധിച്ച് ചില സുപ്രധാന മാറ്റങ്ങള്‍ക്കും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുണ്ട്. ഇംഗ്ലീഷിന്റെ ഉപയോഗം പരമാവധി കുറച്ച് ഹിന്ദിയ്ക്കും മറ്റ് പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരിലെ പ്രമേയങ്ങള്‍ ഹിന്ദിയിലായിരുന്നു അവതരിപ്പിച്ചത്. പിന്നീട് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് ഹിന്ദിയില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നത്. കൂടാതെ പാര്‍ട്ടി ആശയ വിനിമയം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചിന്തന്‍ ശിബിരിലെ തീരുമാനങ്ങള്‍ അനുസരിച്ച്, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് എട്ടംഗ കര്‍മസമിതിയും രൂപീകരിച്ചിരുന്നു. സോണിയ ഗാന്ധിയാണ് സമിതിയുടെ അധ്യക്ഷ. തെരഞ്ഞെടുപ്പിനു വേണ്ട തന്ത്രങ്ങള്‍ മെനയുകയും മുന്നൊരുക്കങ്ങള്‍ നടത്തുകയുമാണ് സമിതിയുടെ ചുമതല. എല്ലാ അംഗങ്ങള്‍ക്കും പ്രത്യേക ചുമതലകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി ഒരു രാഷ്ട്രീയകാര്യ സമിതിയും ഭാരത് ഝോടോ യാത്രക്കായി പ്ലാനിങ് കമ്മിറ്റിയെയും പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.
ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിവസം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത ഐക്യയാത്രയ്ക്ക് തുടക്കമിടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാര്‍ട്ടിയെ രാഷ്ട്രീയമായി ശാക്തീകരിക്കാനും ബിജെപിയ്‌ക്കെതിരെ പ്രചാരണം നടത്താനുമാണ് പാര്‍ട്ടിയുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.