ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയൊരു വൈദീകന്‍ കൂടി; അമേരിക്കന്‍ മലയാളി ജോയല്‍ പയസ് പൗരോഹിത്യം സ്വീകരിച്ചു

ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയൊരു വൈദീകന്‍ കൂടി; അമേരിക്കന്‍ മലയാളി ജോയല്‍ പയസ് പൗരോഹിത്യം സ്വീകരിച്ചു

അറ്റ്‌ലാന്റാ: സീറോമലബാര്‍ സഭയുടെ ചിക്കാഗോ രൂപതയ്ക്ക് പുതിയൊരു വൈദീകനെക്കൂടി ലഭിച്ചു. മൂവാറ്റുപുഴ വെളിയന്നൂരില്‍ വേരുകളുള്ള അമേരിക്കന്‍ മലയാളി ഡീക്കന്‍ ജോയല്‍ പയസ് പൗരോഹിത്യം സ്വീകരിച്ചു. സെന്റ് അല്‍ഫോന്‍സാ ഫൊറോന പള്ളിയില്‍ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നാണ് കൈവയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചത്. ചടങ്ങില്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് വചനസന്ദേശം നല്‍കി.

28ന് രാവിലെ പാരിഷ് ഹാളിന് മുന്നില്‍ നിന്ന് പ്രദക്ഷിണത്തോടെയായിരുന്നു തിരുപ്പട്ട സ്വീകരണ ശുശ്രൂഷകളുടെ തുടക്കം. രൂപത ചാന്‍സിലര്‍ ഫാ.ജോര്‍ജ് ദാനവേലില്‍, ഫൊറോന വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ.തോമസ് പുളിക്കല്‍, മുന്‍ വികാരിമാരായ ഫാ.ജോണി പുതിയാപറമ്പില്‍, ഫാ.മാത്യൂ ഇളയിടത്തുമഠം, ജോയല്‍ പയസിന്റെ പിതൃസഹോദരന്‍ ഫാ. പോള്‍സണ്‍ വെളിയന്നൂര്‍ ഉള്‍പ്പടെ നിരവധി വൈദീകരും കന്യാസ്ത്രീകളും വൈദീക വിദ്യാര്‍ഥികളും ജോയലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ദൈവം ദാനമായി നല്‍കിയ ജീവിതം എങ്ങനെ വിനിയോഗിക്കണമെന്ന ഉത്തരമാണ് ദൈവവിളിയുടെ തെരഞ്ഞെടുപ്പെന്ന് വചനസന്ദേശത്തില്‍ മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. മാമോദീസയും സ്ഥൈരലേപനവും വഴി ദൈവമക്കളായി തീര്‍ന്ന എല്ലാവരും അവരുടേതായി ദൈവിളി തെരഞ്ഞെടുക്കാന്‍ കടപ്പെട്ടവരാണ്. സ്വന്തം ദൈവവിളി തെരഞ്ഞെടുക്കാന്‍ നിരന്തരമായ പ്രാര്‍ത്ഥന സഹായിക്കും. കുര്‍ബനാനയാകാനാണ് ഒരോ വൈദീകരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും മെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാസഭയോടും സഭാമേലധ്യക്ഷന്‍മാരോടും എന്നും വിധേയത്വം പുലര്‍ത്തുമെന്ന് സുവിശേഷം സാക്ഷിയായി ബിഷപ്പിനു മുന്നില്‍ വിശ്വാസപ്രമാണം ഏറ്റുചൊല്ലി ഡിക്കന്‍ ജോയല്‍ പയസ് പ്രതിജ്ഞയെടുത്തു. കൈവയ്പ്പ് ശുശ്രൂഷകള്‍ക്ക് ശേഷം ബിഷപ് ജേക്കബ് അങ്ങാടിയത്ത് കാപ്പ ധരിപ്പിച്ചു. സുവിശേഷ ഗ്രന്ഥം ഏല്‍പ്പിച്ചതോടെ ഫാ.ജോയല്‍ പയസിന്റെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒന്‍പതിന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാ.ജോയല്‍ പയസ് പ്രഥമ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് അനുമോദന യോഗം ചേരും.

ചിക്കാഗോ സീറോമലബാര്‍ രൂപതയ്ക്കു വേണ്ടി അമേരിക്കയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി പൗരോഹിത്യം സ്വീകരിച്ച ആറാമത്തെ വൈദീകനാണ് മൂവാറ്റുപുഴ വെളിയന്നൂര്‍ പയസ്-സാലി ദമ്പതികളുടെ ഏകമകനായ ഫാ.ജോയല്‍ പയസ്. ലിസ പയസ് ഇളയ സഹോദരിയാണ്.
കുട്ടിക്കാലം മുതല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകാംഗമായ ജോയല്‍ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം 2014ല്‍ ചിക്കാഗോ സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. ഫിലോസഫിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഇല്ലിനോയ് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി, ബാച്ചിലര്‍ ഓഫ് സേക്രഡ് തിയോളജി എന്നിവയില്‍ ബിരുദങ്ങളും നേടി. സേക്രഡ് തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് ചെയ്യുകയാണിപ്പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.