നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണെന്ന് സ്ഥിരീകരണം; 22 യാത്രക്കാരും മരണപ്പെട്ടതായി സൂചന

നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണെന്ന് സ്ഥിരീകരണം; 22 യാത്രക്കാരും മരണപ്പെട്ടതായി സൂചന

കാഠ്മണ്ഡു: നേപ്പാളില്‍ കാണാതായ താര എയര്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. മുംബൈ സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാല് പേരുമെന്നാണ് വിവരം.

മുസ്താങ് ജില്ലയിലെ കോവാങ്ങിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. ലാംച്ചേ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് സൂചന. തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന നിലവില്‍ 22 പേരേക്കുറിച്ചും വിവരമില്ല.

മുസ്താങ് ജില്ലയിലെ ജോംസോമില്‍ നിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫിസര്‍ നേത്രാ പ്രസാദ് ശര്‍മ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു. മേഖലയിലെ കാലാവസ്ഥ പ്രതികൂലമായത് തിരച്ചില്‍ ദുഷ്‌കരമാക്കി.

നേപ്പാള്‍ നഗരമായ പൊഖാരയില്‍ നിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. ഞായറാഴ്ച രാവിലെ 10.15നാണ് വിമാനം പൊഖാരയില്‍ നിന്നു പുറപ്പെട്ടത്. 15 മിനിറ്റിനു ശേഷം കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായി.

നേപ്പാളില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. താരാ എയറിന്റെ 43 വര്‍ഷം പഴക്കമുള്ള 9 എന്‍എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നാല് ഇന്ത്യക്കാരെ കൂടാതെ രണ്ടു പേര്‍ ജര്‍മന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.