നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 22 യാത്രക്കാരും മരിച്ചു

നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 22 യാത്രക്കാരും മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി തകര്‍ന്ന് വീണ താര എയര്‍സിന്റെ 9എന്‍-എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ന്നത് കണ്ടെത്താനായത്. ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറേയുടെ സെല്‍ ഫോണ്‍ ട്രാക്ക് ചെയ്തതിന് ശേഷം നേപ്പാള്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ അപകടസ്ഥലത്ത് ലാന്‍ഡ് ചെയ്യുകയായിരുന്നു.

യാത്രക്കാരില്‍ നാല് ഇന്ത്യന്‍ പൗരന്മാരും, രണ്ട് ജര്‍മ്മന്‍ പൗരന്മാരും, 13 നേപ്പാള്‍ സ്വദേശികളും, മൂന്നംഗ നേപ്പാളി ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. മുംബൈ സ്വദേശികളായ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അശോക് കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നീ നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നാലുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരെന്നും വ്യക്തമായിട്ടുണ്ട്.

വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് നിഗമനം. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ സനോസര്‍ എന്ന പ്രദേശത്ത് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പര്‍വത പ്രദേശമായ ലാനിങ്‌ഗോളയില്‍ വിമാനം കത്തുന്ന അവസ്ഥയില്‍ കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജര്‍ ജനറല്‍ ബാബുറാം ശ്രേഷ്ഠ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യോമസേനയും കരസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. നേപ്പാള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജ് കുമാര്‍ തമാങ്ങിന്റെ നേതൃത്വത്തിലുള്ള ഒരു സംഘവും വ്യോമ മാര്‍ഗം മറ്റൊരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.

നേപ്പാളിലെ താര എയറിന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിന്‍ 9 9എന്‍-എഇടി വിമാനമാണ് വിനോദ സഞ്ചാര നഗരമായ പൊഖ്‌റയില്‍ നിന്ന് ജോംസോമിലേക്ക് പറന്നുയരുന്നതിനിടെയാണ് കാണാതായത്. പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടിരുന്നു.

ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നും പരിശോധന തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരുടെ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. വ്യോമ മാര്‍ഗവും കരമാര്‍ഗവും കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ പറഞ്ഞു.

ഇന്നലെ വിമാനം കണാതായതിന് പിന്നാലെ തിരച്ചിലിന് പോയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥ കാരണം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. പിന്നീട് സ്ഥലം വ്യക്തമായതോടെ നേപ്പാള്‍ കരസേന സംഘം ഹെലികോപ്റ്ററില്‍ നര്‍ഷാങ് ആശ്രമത്തിന് സമീപത്തെ നദിക്കരയില്‍ തിരച്ചിലിനായി ഇറങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.