ആര്‍.ഡി.ഒ കോടതിയില്‍ നടന്നത് വന്‍ മോഷണം; പിന്നില്‍ ഉദ്യോഗസ്ഥര്‍: നഷ്ടമായത് മരിച്ചവരുടെ വസ്തു വകകള്‍

ആര്‍.ഡി.ഒ കോടതിയില്‍ നടന്നത് വന്‍ മോഷണം; പിന്നില്‍ ഉദ്യോഗസ്ഥര്‍: നഷ്ടമായത്  മരിച്ചവരുടെ വസ്തു വകകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയില്‍ നിന്നു നഷ്ടമായത് അസ്വാഭാവികമായി മരിച്ചവരുടെ വസ്തുവകകളാണെന്ന് കണ്ടെത്തി. ആത്മഹത്യ ചെയ്യുന്നവരുടെയും മരണ കാരണം വ്യക്തമാകാത്ത സംഭവങ്ങളിലും ലഭിക്കുന്ന സ്വര്‍ണവും പണവുമാണ് ഇന്‍ക്വസ്റ്റിനു ശേഷം ആര്‍.ഡി.ഒ കോടതികളില്‍ സൂക്ഷിക്കുന്നത്. തര്‍ക്കങ്ങള്‍ ഉള്ളപ്പോഴും അവകാശികള്‍ ഇല്ലാത്തപ്പോഴുമാണ് ലോക്കറിലേക്കു മാറ്റുന്നത്. ഇത്തരത്തില്‍ 2010 മുതല്‍ 2019 വരെ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്.

ലോക്കറുകള്‍ക്ക് കേടുപാടൊന്നുമില്ലാത്തതിനാല്‍ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ലോക്കറില്‍ ഉണ്ടായിരുന്ന 72 പവന്‍ സ്വര്‍ണവും 146 ഗ്രാം വെള്ളിയും 48,500 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോടതി കേസുകള്‍ അവസാനിച്ച് ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നല്‍കുമ്പോഴാണ് തൊണ്ടി മുതലുകള്‍ അവകാശികള്‍ക്ക് തിരികെ നല്‍കുന്നത്. എന്നാല്‍ പലപ്പോഴും ലക്ഷങ്ങള്‍ വില മതിക്കുന്ന തൊണ്ടിമുതലുകള്‍ പോലും അവകാശികള്‍ തിരികെ വാങ്ങാറില്ല. 2010ലെ ഒരു കേസിലെ തൊണ്ടി മുതല്‍ തിരികെ നല്‍കാന്‍ ലഭിച്ച അപേക്ഷയാണ് തട്ടിപ്പു കണ്ടെത്താന്‍ കാരണമായത്. ഈ അപേക്ഷ പ്രകാരം ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട് ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്നാണ് സബ്കളക്ടര്‍ മാധവിക്കുട്ടി ലോക്കറുകളിലെ തൊണ്ടി മുതലുകള്‍ പരിശോധിക്കാന്‍ ഉത്തരവിടുകയായിരുന്നു.

1982 മുതല്‍ 2022 വരെയുള്ള 40 വര്‍ഷത്തെ തൊണ്ടി മുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റുകളാണ് (പണവും സ്വര്‍ണവും സൂക്ഷിക്കുന്ന ലോക്കറുകള്‍) തുറന്ന് പരിശോധിച്ചത്. ഇതോടെ 2010 മുതല്‍ 2019 വരെയുള്ള ഒമ്പതു വര്‍ഷത്തെ തൊണ്ടി മുതലുകള്‍ നഷ്ടമായെന്ന് കണ്ടെത്തുകയായിരുന്നു.

2019 മുതല്‍ ലോക്കറുകളുടെ ചുമതലയുണ്ടായിരുന്ന അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെയാണ് ചോദ്യം ചെയ്യുക. 2019ന് ശേഷമാകാം സ്വര്‍ണം നഷ്ടപ്പെട്ടതെന്നാണ് വകുപ്പുതല അന്വേഷണ സംഘത്തിന്റെയും പൊലീസിന്റെയും നിഗമനം. വര്‍ഷങ്ങളായി നടന്ന തട്ടിപ്പല്ലെന്നാണ് പ്രാഥമിക അന്വേഷണ സംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സബ്കളക്ടറും എ.ഡി.എമ്മും അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. പേരൂര്‍ക്കട പൊലീസും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.