രാജ്യം അപമാനിച്ചു; ലോകം ബഹുമാനിച്ചു: ഫാ. സ്റ്റാന്‍ സ്വാമിക്ക് മാര്‍ട്ടിന്‍ എന്നല്‍സ് ഫൗണ്ടേഷന്റെ പ്രത്യേക ബഹുമതി

രാജ്യം അപമാനിച്ചു; ലോകം ബഹുമാനിച്ചു: ഫാ. സ്റ്റാന്‍ സ്വാമിക്ക് മാര്‍ട്ടിന്‍ എന്നല്‍സ് ഫൗണ്ടേഷന്റെ പ്രത്യേക ബഹുമതി

ജനീവ: ഭരണകൂട ഭീകരതയുടെ ഇരയായി കസ്റ്റഡി മരണം വരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയ്ക്ക് പ്രത്യേക മരണാനന്തര ബഹുമതി.

'മനുഷ്യാവകാശത്തിനുള്ള നോബല്‍ സമ്മാനം' എന്ന് വിളിക്കപ്പെടുന്ന മാര്‍ട്ടിന്‍ എന്നല്‍സ് ഫൗണ്ടേഷന്റെ പുരസ്‌കാരത്തിന് പുറമേയുള്ള പ്രത്യേക ബഹുമതിയ്ക്കാണ് ഫാ. സ്റ്റാന്‍ സ്വാമി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ജനീവയില്‍ നടക്കുന്ന ചടങ്ങില്‍ റാഞ്ചി ജെസ്യൂട്ട് ആശ്രമത്തില്‍ നിന്നുള്ള ഫാ. സേവ്യര്‍ സോറെങ് ബഹുമതി ഏറ്റുവാങ്ങും.

2021 ല്‍ പുരസ്‌ക്കാരത്തിന് ഫാ. സ്റ്റാന്‍ സ്വാമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും അതിനു മുന്‍പേ അദ്ദേഹം മരിച്ചുവെന്ന് അവാര്‍ഡ് ജൂറി ചെയര്‍ ഹാന്‍സ് തൂലെന്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഫാ. സ്റ്റാന്‍ നടത്തിയ പോരാട്ടങ്ങള്‍ അതുല്യമാണെന്നും അതിലേക്കു വെളിച്ചം വീശാന്‍ ജൂറി ആഗ്രഹിക്കുകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

അര നൂറ്റാണ്ടിലധികമായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും മുന്‍ നിരയില്‍ നിന്ന് പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല.

എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി എണ്‍പത് കഴിഞ്ഞ വൈദിക ശ്രേഷ്ടനെ തടവിലാക്കുകയായിരുന്നു. തടവില്‍ കഴിയുന്നതിനിടെയില്‍ പോലും നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയി തികച്ചും മനുഷ്യത്വ രഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ഇതിനിടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹത്തെ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മുംബൈ തലോജ ജയിലില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ വച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി മരണമടഞ്ഞത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.