പ്രീണന തന്ത്രം പൊളിഞ്ഞു: ക്രൈസ്തവരുടെ വോട്ടുകള്‍ പേരിനല്ല; എക്കാലവും നാടിന്റെ നന്മയ്ക്ക്

 പ്രീണന തന്ത്രം പൊളിഞ്ഞു: ക്രൈസ്തവരുടെ വോട്ടുകള്‍ പേരിനല്ല; എക്കാലവും നാടിന്റെ നന്മയ്ക്ക്

കൊച്ചി: ഹൃദയധമനികള്‍ തുന്നിച്ചേര്‍ക്കുന്നതില്‍ വിദഗ്ധനായ ഡോ.ജോ ജോസഫിന് തൃക്കാക്കരയിലെ വോട്ടര്‍മാരുടെ ഹൃയങ്ങള്‍ ഇഴ ചേര്‍ക്കാനായില്ല. അവരുടെ മനസും ഹൃദയവും പി.ടി തോമസിന്റെ പ്രിയതമ ഉമാ തോമസിനൊപ്പമായിരുന്നു.

യുഡിഎഫ് കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു കളഞ്ഞ മിന്നും വിജയത്തിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്. അതില്‍ ഏറ്റവും പ്രസക്തമായത് യുഡിഎഫ് മെനഞ്ഞെടുത്ത തെരഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നു. കൃത്യമായി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായി എന്നതാണ് അതില്‍ പ്രധാനം.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കൈയ്യെത്തും ദൂരത്തുണ്ടായിരുന്ന പി.ടി തോമസ് എന്ന ജനകീയ ജനപ്രതിനിധിയുടെ നല്ല ഓര്‍മ്മകള്‍ ഉമാ തോമസിലൂടെ വോട്ടാക്കി മാറ്റാന്‍ യുഡിഎഫിന് സാധിച്ചു. അതാണ് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭൂരിപക്ഷം കാല്‍ ലക്ഷവും മറികടക്കാനായത്. സ്ത്രീകള്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തിലെ സ്ത്രീ മനസും വിധവയായ ഉമയ്‌ക്കൊപ്പം നിന്നു എന്നു വേണം കരുതാന്‍.

സിപിഎം വിചാരിച്ചതു പോലെ ക്രൈസ്തവ പ്രീണന തന്ത്രം മണ്ഡലത്തില്‍ വിറ്റു പോയില്ല എന്നതാണ് മറ്റൊരു പ്രധാന കാരണം. തലേന്ന് പ്രഖ്യാപിച്ച കെ.എസ് അരുണ്‍കുമാര്‍ എന്ന പാര്‍ട്ടിയുടെ യുവ നേതാവിനെ പിറ്റേന്ന് മാറ്റി 42 ശതമാനത്തിലധികം ക്രൈസ്തവ വോട്ടുകളുള്ള മണ്ഡലത്തില്‍ ക്രൈസ്തവ നാമധാരിയായ ഒരാളെ ഇറക്കി വോട്ടു നേടാമെന്ന സിപിഎം നേതാക്കളുടെ കണക്കുകൂട്ടലുകള്‍ പാടേ പാളിപ്പോയി.

പേരിലല്ല, നാടിന്റെ സമാധാനത്തിനും ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന പ്രക്രീയകള്‍ക്കുമാണ് തങ്ങളുടെ സമ്മദിദാനമെന്ന് മണ്ഡലത്തിലെ ക്രൈസ്തവ ഭൂരിപക്ഷം ചിന്തിച്ചു എന്നതിന് തെളിവാണ് ഉമയുടെ മഹാ ഭൂരിപക്ഷം. സഭാ മേലധികാരികളുടെ അനുമതി പോലും വാങ്ങാതെ സഭയുടെ ആതുര സേവന കേന്ദ്രങ്ങളില്‍ ഒന്നായ ലിസി ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതു തന്നെ സിപിഎമ്മിന് സംഭവിച്ച ആദ്യ പാളിച്ചയായി.

സഭാ സ്ഥാപനത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതോടെ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഭാ സിനഡ് സെക്രട്ടറിയും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇത് സിപിഎമ്മിന്റെ കുടില തന്ത്രത്തിനേറ്റ തിരിച്ചടിയായി.

മറ്റൊരു നിര്‍ണായക ഘടകമായത് ട്വന്റി-20യുടെ വോട്ടുകളാണ്. ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിക്കുന്നില്ലെന്ന അവരുടെ പ്രഖ്യാപനം വന്നതു മുതല്‍ മൂന്ന് മുന്നണികളും ആ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടും എന്ന അവകാശ വാദമുയര്‍ത്തി രംഗത്ത് വന്നിരുന്നു. എന്നാല്‍ പോള്‍ ചെയ്ത ട്വന്റി-20 വോട്ടുകള്‍ നേരേ പോയത് ഉമയുടെ വോട്ടു പെട്ടിയിലേക്കാണ് എന്നാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.

കാരണം യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ നഗര മേഖലകളില്‍ പോളിങ് ശതമാനം പതിവിലേറെ കുറഞ്ഞിട്ടും ഉമാ തോമസിന്റെ ഭൂരിപക്ഷം കാല്‍ ലക്ഷം കടന്നത് തന്നെ ട്വന്റി-20 വോട്ടുകളുടെ ദിശ വ്യക്തമാക്കുന്നു. ശത്രുതയുണ്ടെങ്കിലും കോണ്‍ഗ്രസിനേക്കാള്‍ ഭയക്കേണ്ടത് സിപിഎമ്മിനെയാണന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തന രീതി കൊണ്ട് സാബു എം ജേക്കവും കൂട്ടരും കൃത്യമായി മനസിലാക്കിയിരുന്നു. കിറ്റക്‌സ് കമ്പനിയിലെ നിരന്തര റെയ്ഡും ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകവും അവരില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ചെറുതല്ല.

അടുത്തത് ബിജെപി വോട്ടുകളുടെ ചോര്‍ച്ചയാണ്. വോട്ടു വിഹിതം കുറഞ്ഞെങ്കിലും സിപിഎം ഉന്നയിക്കുന്ന രീതിയിലുള്ള വോട്ടു ചോര്‍ച്ച ബിജെപിക്ക് ഇത്തവണയുണ്ടായിട്ടില്ല എന്നു തന്നെ പറയാം. കാരണം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 15,583 വോട്ടുകളാണ്. ഇത്തവണ അവര്‍ നേടിയവോട്ട് 12,957 ആണ്. കുറവ് വന്നത് 2626 വോട്ടുകള്‍ മാത്രമാണ്. ഉമാ തോമസിന്റെ കനത്ത ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് പത്തിലൊരു ഭാഗം മാത്രം.

ഇടത്, വലത് മുന്നണികള്‍ നേര്‍ക്കുനേര്‍ ഏറ്റു മുട്ടിയ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബിജെപിക്ക് കാര്യമായ റോള്‍ ഇല്ലായിരുന്നു എന്നതാണ് അവരുടെ വോട്ടുകള്‍ പിന്നോട്ടടിക്കാന്‍ കാരണമായത്. ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നു മാത്രമല്ല വിവാദ വിഷയങ്ങളിലുള്ള വാക്‌പോരുകള്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ തമ്മിലായതും ബിജെപിയുടെ പോരാട്ട വീര്യം കുറച്ചു. കനത്ത ഇന്ധന വില വര്‍ധനവും അവര്‍ക്ക് തിരിച്ചടിയായി.

അവസാനം പി.സി ജോര്‍ജിനെ മണ്ഡലത്തിലെത്തിച്ച് ചെറിയൊരു ഓളമുണ്ടാക്കിയെങ്കിലും അതൊന്നും അവര്‍ കരുതിയതു പോലെ ക്രൈസ്തവ വോട്ടുകളെ തെല്ലും സ്വാധീനിച്ചതുമില്ല.

എന്തായാലും സര്‍വ്വകാല റെക്കോഡും ഭേദിച്ചുള്ള ഉമാ തോമസിന്റെ ചരിത്ര വിജയം സംസ്ഥാന കോണ്‍ഗ്രസിന് പകര്‍ന്നു നല്‍കിയ ആത്മ വിശ്വാസം വളരെ വലുതാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അഭിമാനിക്കാം. ഇരുവരും താക്കോല്‍ സ്ഥാനങ്ങളില്‍ വന്ന ശേഷമുള്ള പ്രധാന തിരഞ്ഞെടുപ്പ് വിജയമാണിത്.

മാത്രമല്ല, ദേശീയ തലത്തില്‍ നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടുന്ന കോണ്‍ഗ്രസിന് അല്‍പ്പം ആശ്വാസം പകരുന്നതു കൂടിയാണ് തൃക്കാക്കരയിലെ വന്‍ വിജയം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.