വൈദ്യ ശാസ്ത്രത്തിന് ഇതുവരെ പൂര്‍ണമായും പിടി തരാതിരുന്ന കാന്‍സര്‍ എന്ന മഹാമാരിയെ ലോകത്ത് നിന്ന് വൈകാതെ തന്നെ തുടച്ചു നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് പുറത്തുവന്ന മരുന്ന് പരീക്ഷണം നല്‍കുന്നത്. പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടെയും രോഗം മാറിയതാണ് കാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്തു പകരുന്നത്.
ഗാസ്ട്രിക്, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചവരിലും 'ഡൊസ്റ്റര്‍ ലിമാബ്' എന്ന മരുന്നു പരീക്ഷണം ഉടന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അമേരിക്കയില്‍ നടന്ന മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികളില്‍ ഇന്ത്യന്‍ വംശജയും ഉള്‍പ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നിഷ വര്‍ഗീസ് എന്ന യുവതിയാണ് പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളിലെ ഏക ഇന്ത്യന്‍ വംശജ.
ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ രോഗികളിലാണ് 'ഡൊസ്റ്റര്‍ ലിമാബ്' എന്ന പുതിയ മരുന്ന് പരീക്ഷിച്ചത്. മരുന്നു പരീക്ഷിക്കാന്‍ തയ്യാറായ മലാശയ അര്‍ബുദ ബാധിതരില്‍ ആദ്യത്തെ നാലു പേരില്‍ ഒരാളായിരുന്നു നിഷ.
നമുക്ക് ഇതൊന്നു നോക്കിയാലോ? എന്ന കാന്‍സര്‍ സെന്ററിലെ ഡോ. ആന്‍ഡ്രിയ സെര്‍സിയുടെ വാക്കുകള്‍ നിഷ വര്‍ഗീസിനു നല്‍കിയത് വലിയ പ്രതീക്ഷയാണ്. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ എല്ലാവരും അര്‍ബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നു.
'മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം ആറ് മാസത്തേക്ക് 'ഡൊസ്റ്റര്‍ ലിമാബ്' ഉപയോഗിച്ചതിനു ശേഷം നടത്തിയ പരിശോധനകളില്‍ ട്യൂമര്‍ കാണാനേ ഉണ്ടായിരുന്നില്ല. അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? വിശ്വാസം വരാതെ ഞാന്‍ ഡോക്ടറോടു ചോദിച്ചു. അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ശരിക്കും മിറാക്കിള്‍'- നിഷ സന്തോഷം മറച്ചു വച്ചില്ല.
അര്‍ബുദം മൂലം ജീവിതത്തിലെ വെളിച്ചം കെട്ടെന്നു നിരാശപ്പെടുന്നവര്‍ക്ക് പ്രത്യാശയാകാനാണ് അവിശ്വസനീയമെന്നു പറയാവുന്ന സ്വന്തം അനുഭവം നിഷ പങ്കു വെയ്ക്കുന്നത്. മലാശയ അര്‍ബുദത്തിനു മാത്രമല്ല മറ്റു പലതരം അര്‍ബുദങ്ങള്‍ക്കും ഇതേ മരുന്ന് പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ച ഡോ. ആന്‍ഡ്രിയ സെര്‍സിയും ഡോ. ലൂയിസ് ആല്‍ബെര്‍ട്ടോ ഡിയസ് ജൂനിയറും.
ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷനും ഒഴിവാക്കി ഇമ്യൂണോ തെറാപ്പിയിലൂടെ മാത്രം രോഗം ഭേദമാക്കുന്ന ഈ ചികിത്സാരീതിയെ ഇമ്യൂണോ എബ്ലേറ്റിവ് തെറാപ്പിയെന്നാണ് ഡോ. ഡിയസ് വിശേഷിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.