തായ് വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി; എതിര്‍പ്പ് അറിയിച്ച്‌ അമേരിക്ക

തായ് വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി; എതിര്‍പ്പ് അറിയിച്ച്‌ അമേരിക്ക

സിംഗപ്പൂര്‍: തായ് വാന്റെ അന്തരീക്ഷത്തില്‍ ഏറെക്കാലമായി മേഘാവ്യതമായി നില്‍ക്കുന്ന യുദ്ധഭീഷണി ശരിവച്ച് ഏത് നിമിഷവും തായ് വാന്‍ അക്രമിക്കുമെന്ന സൂചനയുമായി ചൈന. തായ്വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധം ആരംഭിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്ന് ചൈനയുടെ പ്രതിരോധ മന്ത്രി വെയ് ഫെങ്‌ഹെ വെളിപ്പെടുത്തി. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ച്ചയില്‍ യുഎസ് പ്രതിരോധമന്ത്രി ലോയ്ഡ് ഓസ്റ്റിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തായ് വാന് പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടിയോടുള്ള വിയോജിപ്പും കൂടിയായിരുന്നു ചൈനയുടെ യുദ്ധ ഭീഷണി. തായ് വാന്‍ അക്രമിക്കാനുള്ള നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഓസ്റ്റിന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമേരിക്ക പുറത്തുവിട്ട പ്രസ്താവനയിലാണ് ചൈനയുടെ ഞെട്ടിക്കുന്ന പ്രതികരണം ലോകരാജ്യങ്ങള്‍ അറിഞ്ഞത്.

പസഫിക് കടലിടുക്കില്‍ സമാധാനവും സ്ഥിരതയും പരിപാലിക്കപ്പെടണമെന്ന് പ്രസ്താവനയില്‍ അമേരിക്ക ആവശ്യപ്പെട്ടു. തായ് വാനെ അസ്ഥിരപ്പെടുത്തുന്ന നടപടികളില്‍ നിന്ന് വിട്ടിനില്‍ക്കാനും ചൈനയുടെ ഏകപക്ഷീയ നിലപാടുകളിലെ വിയോജിപ്പും പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഉക്രെയ്ന്‍ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുന്‍പേ തായ് വാന് മേല്‍ ചൈനയ്ക്ക് കണ്ണുണ്ടായിരുന്നു. റഷ്യ യുദ്ധം ആരംഭിച്ചതോടെ തായ് വാനില്‍ അധിനിവേശത്തിനുള്ള തയാറെടുപ്പുകള്‍ ചൈനയും ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സൈനിക സഹായം ഉള്‍പ്പടെയുള്ള പിന്തുണ പ്രതീക്ഷിച്ച് ചൈന റഷ്യയ്‌ക്കൊപ്പം നില്‍ക്കുന്നത്.



അതേസമയം, ചൈനയുടെ യുദ്ധ മുന്നറിയിപ്പിനെ തായ് വാന്‍ അപലപിച്ചു. അസംബന്ധ അവകാശവാദങ്ങളാണ് ചൈന ഉന്നയിക്കുന്നതെന്ന് തായ് വാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ജോവാന്‍ ഔ പറഞ്ഞു. തായ് വാന്‍ ഒരിക്കലും ചൈനീസ് ഗവണ്‍മെന്റിന്റെ അധികാര പരിധിയില്‍ ആയിരുന്നില്ല, തായ് വാനിലെ ജനങ്ങള്‍ ചൈനീസ് ഗവണ്‍മെന്റിന്റെ ബലപ്രയോഗത്തിന് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് അമേരിക്കയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

തായ് വാനെ ആക്രമിച്ചാല്‍ അമേരിക്ക സൈനികമായി ചൈനയെ പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ മെയ് മാസത്തില്‍ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ് വാനിലെ ചൈനീസ് ആധിപത്യ മനോഭാവത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉച്ചകോടിയില്‍ വിമര്‍ശിച്ചു. 'ഇന്ന് ഉക്രെയ്ന്‍ നാളെ കിഴക്കന്‍ ഏഷ്യയാകാം' എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്.

നിയമങ്ങള്‍ മാനിക്കാതെ ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ മറ്റ് രാജ്യങ്ങളുടെ സമാധാനവും സുരക്ഷയും ചവിട്ടിമെതിക്കുന്ന സര്‍വാധിപത്യ ആവിര്‍ഭാവങ്ങളെ ലോകം എതിര്‍ക്കണമെന്ന് ചൈനയുടെ പേര് എടുത്തുപറയാതെ അദ്ദേഹം വിമര്‍ശിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുകയാണ്. കിഴക്കന്‍, ദക്ഷിണ ചൈനാ കടലുകളിലും തായ് വാന്‍ പരിസരത്തും വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളാണ് കാരണം. അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തര ഇടപെടുകള്‍ മാത്രമേ സംഭവിക്കാന്‍ പാടുള്ളൂ. യുദ്ധത്തില്‍ ആണവായുധ ഭീഷണികള്‍ ഒഴിവാക്കപ്പെടണമെന്നും ആണവ ആക്രമണങ്ങള്‍ നേരിട്ട ഒരേയൊരു രാജ്യത്തിന്റെ നേതാവെന്ന നിലയില്‍ കിഷിദ പറഞ്ഞു.



അതേസമയം ചൈനയുടെ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ആക്രമണത്തെ ചെറുക്കാന്‍ തായ് വാനില്‍ മുന്നോരുക്കങ്ങള്‍ ആരംഭിച്ചു. സാധാരണ ജനങ്ങളെപ്പോലും യുദ്ധമുഖത്തേക്ക് കൊണ്ടുവന്ന് പ്രതിരോധം സൃഷ്ടിക്കാനുള്ള തന്ത്രമാണ് തായ് വാന്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഊര്‍ജ്ജിത തോക്ക് പരിശീലനം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തോക്ക് വില്പന വര്‍ധിച്ചതും പരിശീലന കേന്ദ്രത്തിനെത്തുന്നവരുടെ എണ്ണത്തിലെ വര്‍ധനവും വിലയിരുത്തിയാണ് മാധ്യമങ്ങള്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ഉക്രെയ്ന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ തായ് വാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനയുടെ സൈനിക സമ്മര്‍ദ്ദം അധിനിവേശ സൂചനയായി തായ്‌വാന്‍ കാണുന്നു. അതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് സകര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ജനങ്ങള്‍ക്ക് തോക്ക് പരിശീലനം നല്‍കുന്നത്.

ചൈനയുടെ ഭാഗത്ത് നിന്ന് അസാധാരണമായ സൈനിക നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും, ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ തായ് വാന്‍ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. തോക്ക് പരിശീലന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ നല്‍കുന്ന ട്രയ്‌നിംഗുകളെല്ലാം യുദ്ധ വൈദഗ്ധ്യത്തോട് സാമ്യമുള്ള രീതിയിലുള്ളതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.