പ്യോംങ്യാംഗ്: ഉത്തരകൊറിയയിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി മുതിര്‍ന്ന നയതന്ത്ര പ്രതിനിധി ചോ സണ്‍ ഹുയിയെ നിയമിച്ചു. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ചോയെ വിദേശകാര്യമന്ത്രിയായി നിയമിക്കാന്‍ തീരുമാനമായത്. നേരത്തേ ഉപ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് ചോ. ഇതാദ്യമായാണ് ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത്.
മുന്‍ സൈനിക ഉദ്യോഗസ്ഥനായ റി സണ്‍ ഗ്വാണിന്റെ പിന്‍ഗാമിയായാണ് നിയമനം. യുഎസുമായുള്ള ആണവ ചര്‍ച്ചകള്‍ നടന്ന സമയത്ത് കിമ്മിന്റെ മുഖ്യ സഹായിയായിരുന്നു ചോ. യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ കിമ്മിനെ അനുഗമിച്ചതും ഇംഗ്ലീഷ് പ്രാവിണ്യമുള്ള ചോ ആയിരുന്നു.
നിരന്തരമായ ആയുധ പരീക്ഷണങ്ങളുടെ പേരില്‍ പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ക്ക് അയവു വരുത്തുകയെന്നതാണ് ചോ സണ്‍ ഹുയിയുടെ ഏറ്റവും വലിയ വെല്ലുവിളി.
2019 ഫെബ്രുവരിയില്‍ വിയറ്റ്‌നാമിലെ ഹാനോയിയില്‍ ട്രംപും കിമ്മും നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയെ നിശിതമായി വിമര്‍ശിച്ച് ഇവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തരകൊറിയയുടെ നിര്‍ദ്ദേശങ്ങള്‍ തളളിയതിലൂടെ യുഎസ് ഒരു സുവര്‍ണാവസരം കളഞ്ഞുകുളിച്ചുവെന്നായിരുന്നു ചോ സണ്‍ ഹുയിയുടെ വാക്കുകള്‍.
അടുത്തിടെ വീണ്ടും ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയന്‍ ഭരണകൂടത്തെ യുഎസ് ക്ഷണിച്ചെങ്കിലും കിം ജോംഗ് ഉന്‍ ഇതിനോടു പ്രതികരിച്ചില്ല. ഏഴാമത്തെ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുന്ന ഉത്തരകൊറിയക്ക് ദക്ഷിണ കൊറിയയും യുഎസും ചേര്‍ന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഈ തര്‍ക്കങ്ങള്‍ക്കിടയിലാണ് വിദേശകാര്യമന്ത്രിയായി ചോ സണ്‍ ഹുയി ചുമതലയേല്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.