'എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി, എന്നിട്ടും സുരക്ഷ കൂട്ടിയില്ല'; കേരളത്തില്‍ പൊലീസ് രാജ് നന്നല്ലെന്ന് ഉമ്മന്‍ ചാണ്ടി

'എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി, എന്നിട്ടും സുരക്ഷ കൂട്ടിയില്ല'; കേരളത്തില്‍ പൊലീസ് രാജ് നന്നല്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും തനിക്കു വേണ്ടി പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി. ആ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴില്ല. ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

പൊലീസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിന്റെ അന്തരീക്ഷത്തില്‍ നന്നല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 'ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രകള്‍ തടസപ്പെടാതെ നോക്കേണ്ടതും ആവശ്യമാണ്. പക്ഷേ കരിങ്കൊടി കാണാനാകില്ല, കറുത്ത മാസ്‌ക് കാണാനാകില്ല കറുത്ത വസ്ത്രം ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല'. ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അസാധാരണ സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരിഹാസം ഉയര്‍ത്തി. ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എല്ലാത്തിനേയും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മറ്റൊരു മുഖ്യമന്ത്രിയും ഇങ്ങനെ കനത്ത സുരക്ഷയോടെ സഞ്ചരിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കയറിയിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് കണ്ണില്‍ കൂടി കാണുന്നതെന്തും കറുപ്പായിട്ട് തോന്നുന്നതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ജനങ്ങളെ ബന്ദികളാക്കിയാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുണ്ട് ഉടുത്ത നരേന്ദ്ര മോഡിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ഇത് ഹിറ്റ്ലറുടെ കേരളമായി മാറിയിരിക്കുന്നു. പ്രതിപക്ഷത്തെ വിരട്ടാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.