ആമസോണ്‍ മഴക്കാടുകളില്‍ കാണാതായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍; അനധികൃത പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ആമസോണ്‍ മഴക്കാടുകളില്‍ കാണാതായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍; അനധികൃത പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ബ്രസീലിയ: ആമസോണ്‍ മഴക്കാടുകളില്‍ ഒരാഴ്ച്ച മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെയും ബ്രസീലിലെ ഗോത്രവര്‍ഗ വിദഗ്ധനെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഈ മേഖലയില്‍ താമസിക്കുന്ന അമറില്‍ഡോ ഒലിവേരയാണ് ഇരുവരെയും കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയതെന്ന് ബ്രസീലിയന്‍ ഫെഡറല്‍ പോലീസ് അറിയിച്ചു.

ദി ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളിലേക്ക് വാര്‍ത്തകള്‍ നല്‍കുന്ന പ്രശസ്ത ബ്രിട്ടീഷ് പരിസ്ഥിതി ജേണലിസ്റ്റ് ഡോം ഫിലിപ്‌സ് (57), ബ്രസീലിലെ ഗോത്രവര്‍ഗ വിദഗ്ധനായ ബ്രൂണ പെരേര (41) എന്നിവരെയാണ് ജൂണ്‍ അഞ്ചിന് ആമസോണ്‍ മഴക്കാടുകളിലെ വിദൂര മേഖലയില്‍നിന്നു കാണാതായത്. ഇരുവര്‍ക്കുമായി വിപുലമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

ഇവരെ കാണാതായ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ബ്രസീല്‍ നീതിന്യായ മന്ത്രി ആന്‍ഡേഴ്‌സണ്‍ ടോറസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. ഖനനം നടക്കുന്ന മേഖലയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.

കാണാതാകുന്നതിനു മുന്‍പ് ബ്രസീലിലെ ജാവേരി താഴ്വരയ്ക്ക് അടുത്ത് നദിയില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ലോകത്തിലെ ഏറ്റവും വിദൂരമായ സ്ഥലങ്ങളിലൊന്നാണ് ബ്രസീല്‍-പെറു അതിര്‍ത്തിക്കടുത്തുള്ള ജാവേരി താഴ്‌വര. റോഡുകളോ മറ്റു ഗതാഗത സംവിധാനങ്ങളോ ഇവിടെയില്ല.

പ്രതി കുറ്റസമ്മതം നടത്തിയതാണ് കേസില്‍ നിര്‍ണായകമായതെന്ന് ഫെഡറല്‍ പോലീസ് ഓഫീസര്‍ അലക്‌സാണ്ടര്‍ ഫോണ്ടസ് പറഞ്ഞു. പ്രതി കുറ്റകൃത്യത്തെക്കുറിച്ച് വിശദമായി വിവരിക്കുകയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം സൂചിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച മുതല്‍ പ്രതി ഒലിവേര പോലീസ് കസ്റ്റഡിയിലാണ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയത്താല്‍ പ്രതിയുടെ സഹോദരന്‍ ഒസെനി ഒലിവേരയെയും അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ഇരുവരെയും കാണാതായതായി അധികൃതരെ ആദ്യം അറിയിച്ചത് ജാവേരി താഴ്‌വരയിലെ യൂനിവജ എന്ന തദ്ദേശീയ ഗോത്ര സംഘടനയാണ്.

വിവിധ തദ്ദേശീയ ഗോത്രവിഭാഗങ്ങളാണ് ഈ കൊടുംകാട്ടില്‍ കഴിയുന്നത്. അനധികൃത സ്വര്‍ണ ഖനനം, തടിയെടുപ്പ്, മത്സ്യബന്ധനം നിര്‍ബാധം തുടരുന്ന മേഖലയാണിത്. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളിലെ ചൂഷണത്തിനെതിരേ നടപടി എടുക്കാത്തതിന്റെ പേരില്‍ ബ്രസീല്‍ പ്രസിഡന്റ് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോ അധികാരമേറ്റ ശേഷമാണ് സ്ഥിതിഗതികള്‍ വഷളായതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

തങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതിനെതിരെ തദ്ദേശീയ ഗോത്രസമൂഹങ്ങള്‍ നേരിട്ടിറങ്ങിയിരുന്നു. ഇവര്‍ പ്രദേശത്ത് സ്വന്തം നിലയ്ക്ക് പട്രോളിങ് ഏര്‍പ്പെടുത്തി. ഇവരും പ്രകൃതിചൂഷക സംഘങ്ങളും തമ്മില്‍ വലിയ പോരാട്ടങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. ഈ പ്രതിസന്ധിയും പ്രകൃതിയെ രക്ഷിക്കാനുള്ള തദ്ദേശീയ സമൂഹങ്ങളുടെ പരിശ്രമവും ഡോം ഫിലിപ്‌സിന്റെ ശ്രദ്ധ നേടിയിരുന്നു.

15 വര്‍ഷത്തിലധികമായി ഡോം ആമസോണ്‍ കാടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. അടുത്തിടെ ഗോത്രസമൂഹങ്ങളെപ്പറ്റിയും അവരുടെ പോരാട്ടങ്ങളെക്കുറിച്ചും ഒരു പുസ്തകമെഴുതാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇതിനായാണ് 57 വയസുകാരനായ ഡോം ഫിലിപ്‌സ് വീണ്ടും ഇവിടെയെത്തിയത്. ഇറ്റാകി നദിയിലൂടെ പോകുമ്പോള്‍ ഇവരെ കാണാതാകുകയായിരുന്നു.

ഡോം ഫിലിപ്‌സിനെയും ബ്രൂണ പെരേരയെയും കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രദേശത്തെ അനധികൃത മത്സ്യബന്ധനത്തിനെതിരെ പ്രചാരണം നടത്തിയതിന് ഇരുവരും ഭീഷണി നേരിട്ടിരുന്നതായി തദ്ദേശീയ സമൂഹങ്ങള്‍ പോലീസിനെ അറിയിച്ചിരുന്നു. ഇവരുടെ വസ്ത്രങ്ങളും ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ ഞായറാഴ്ച ഒരു മരത്തില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.

2009 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആമസോണുമായി ബന്ധപ്പെട്ടുള്ള 139 പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡോം ഫിലിപ്‌സിനെയും പെരേരയെയും കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ബ്രസീലിലും ബ്രിട്ടനിലും പ്രകടനങ്ങളും നടന്നിരുന്നു. പ്രാദേശിക തദ്ദേശീയ സംഘങ്ങളുടെ സഹായത്തോടെ കരസേനയും നാവികസേനയും സംയുകതമായാണ് തെരച്ചില്‍ നടത്തിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.