പാരമ്പര്യത്തില്‍ അധിഷ്ഠിതമായിരിക്കണം ജീവിതമെന്ന് സിറോ മലബാര്‍ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ

പാരമ്പര്യത്തില്‍ അധിഷ്ഠിതമായിരിക്കണം ജീവിതമെന്ന് സിറോ മലബാര്‍ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ

സിറോ-മലബാര്‍ സഭ പ്രഥമ യുവജന നേതൃസംഗമത്തെ അഭിസംബോധന ചെയ്യാനെത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കരികില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍

റോം: മുന്‍ തലമുറകളുടെ പാരമ്പര്യത്തിലും പ്രാര്‍ത്ഥനയിലും യുവതലമുറയുടെ ജീവിതം അധിഷ്ഠിതമായിരിക്കണമെന്ന് സിറോ മലബാര്‍ യുവാക്കളോട് ഫ്രാന്‍സിസ് പാപ്പ. ദൈവവചനം മനസിലാക്കാനും ദിവസവും അത് വായിക്കാനും ജീവിതത്തില്‍ പ്രയോഗിക്കാനും യുവതലമുറയ്ക്കു സാധിക്കണമെന്നും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. റോമില്‍, സിറോ മലബാര്‍ യുവജന നേതൃസംഗമ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രായമായവരില്‍നിന്നു ജ്ഞാനം സ്വീകരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചത്.

വൈദികരോടും മെത്രാന്‍മാരോടുമുള്ള കൂട്ടായ്മയില്‍ സ്വന്തം സഭാചരിത്രം മനസിലാക്കി അതിന്റെ ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നതയില്‍ അടിയുറച്ചു പ്രേഷിതദൗത്യം നിര്‍വഹിക്കണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.

യേശുവിന്റെ യുവതിയായ അമ്മയ്ക്ക് പ്രാര്‍ത്ഥനകള്‍ ഏറെ പരിചിതമായിരുന്നു. മാതാപിതാക്കളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമാണ് മറിയം അത് ഹൃദിസ്ഥമാക്കിയത്. നമ്മുടെ മുതിര്‍ന്ന തലമുറയുടെ പ്രാര്‍ത്ഥനകളില്‍ ഒരു നിധി ഒളിഞ്ഞിരിക്കുന്നുണ്ട്.

കന്യകമറിയത്തിന്റെ ജീവിത മാതൃകയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു ജീവിക്കണമെന്ന ആഹ്വാനവും മാര്‍പാപ്പ യുവാക്കള്‍ക്കു നല്‍കി.

പരിശുദ്ധ കന്യകാമറിയം ഒരിക്കലും അഹങ്കാരത്താല്‍ നയിക്കപ്പെടുകയോ ഭയത്താല്‍ തളര്‍ന്നു വീഴാനോ സ്വയം അനുവദിച്ചിട്ടില്ല. ദിവ്യകാരുണ്യത്തില്‍ ജീവിക്കാന്‍ മറിയം നമ്മെ പഠിപ്പിക്കുന്നു. നന്ദി പ്രകടിപ്പിക്കാനും സ്തുതി പറയാനും പ്രേരിപ്പിക്കുന്ന മാതാവ് പ്രശ്നങ്ങളിലും ബുദ്ധിമുട്ടുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


ഫ്രാന്‍സിസ് പാപ്പയില്‍നിന്ന് ഹസ്തദാനം സ്വീകരിക്കുന്ന ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍

യേശുവിനെ പ്രസവിക്കുമെന്ന മംഗളവാര്‍ത്തയുമായെത്തിയ ഗബ്രിയേല്‍ മാലാഖയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷവും തനിക്ക് ലഭിച്ച മഹത്തായ പദവിയെക്കുറിച്ച് ഓര്‍ത്ത് വീട്ടിലിരിക്കാനോ അല്ലെങ്കില്‍ അത് സൃഷ്ടിച്ചേക്കാവുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് വ്യാകുലപ്പെടാനോ മാതാവ് ശ്രമിച്ചിട്ടില്ലെന്ന്് മാര്‍പാപ്പ പറഞ്ഞു.

സുഖകരവും സുരക്ഷിതവുമായിരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരാളായിരുന്നില്ല അവള്‍. മറിച്ച് പ്രായമായ ബന്ധുവിന് ഒരു സഹായം ആവശ്യമുണ്ടെങ്കില്‍, അവര്‍ക്കരികിലേക്ക് ഉടന്‍ പുറപ്പെടാന്‍ അവള്‍ തയാറാകുന്നു. പരിശുദ്ധ മാതാവ് തന്റെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുന്ന സുവിശേഷ ഭാഗവും പാപ്പ പരാമര്‍ശിച്ചു. പ്രായമായ ബന്ധുക്കളെ സന്ദര്‍ശിച്ച് അവരുടെ ജ്ഞാനം സ്വീകരിക്കുന്ന മേരിയെപ്പോലെയാകണമെന്ന് യുവാക്കളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഇന്ത്യക്കു വെളിയിലുള്ള സിറോ മലബാര്‍ രൂപതകളിലെ യുവജനങ്ങളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേതൃസമ്മേളനത്തിലാണ് മാര്‍പാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചത്.

സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം അതത് രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരുടെ സാന്നിധ്യവും സംഗമത്തിന്റെ സവിശേഷതയാണ്.

ചിക്കാഗോ സിറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, കാനഡയിലെ മിസിസാഗാ സിറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യവും നേതൃസംഗമത്തിനുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26